കേരളം വിടുന്ന വിദ്യാർഥികൾ
കേരളത്തില്‍ നിന്ന് വിദ്യാഭ്യാസ കുടിയേറ്റത്തിലുണ്ടായ വര്‍ധന ഗൗരവതരമാണ്. ഉപരിപഠനാര്‍ഥം കേരളം വിടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇരട്ടിയോളം വര്‍ധനവുണ്ടായി.
വിദ്യാർഥി കുടിയേറ്റം മലയാളികൾക്കിടയിൽ പുതിയ പ്രവണതയല്ലെങ്കിലും സാമ്പത്തികമായി ഉന്നത ശ്രേണിയിലുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ് മുൻകാലങ്ങളിൽ പഠനാവശ്യാർഥം കടൽ കടന്നു പോയിരുന്നത്. ഇന്ന് ദൈനംദിന ചെലവുകൾ മാത്രം വഹിക്കാൻ ശേഷിയുള്ള കുടുംബങ്ങളിൽ നിന്ന് വരെ വിദ്യാർഥികൾ കുടിയേറ്റം നടത്തുന്നുണ്ട്. നൈപുണി വികസനം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് നിലവാരമില്ലായ്മ, സംസ്ഥാനത്തെ തൊഴിൽ സാധ്യതാ കുറവ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ സൗകര്യങ്ങളുടെ അപര്യാപ്തത, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഇന്റർനെറ്റ് ഉപയോഗത്തിലുണ്ടായ വർധന മൂലം വിദേശ രാജ്യങ്ങളിലെ പഠന സൗകര്യങ്ങളെക്കുറിച്ച് വിദ്യാർഥികളിലുണ്ടായ അവബോധം, രക്ഷിതാക്കളുടെ മനോഭാവത്തിലും കാഴ്ചപ്പാടിലും വന്ന മാറ്റം, രാജ്യാന്തര റിക്രൂട്ടിംഗ് ഏജൻസികളുടെ പ്രവർത്തനം, വർഗീയ ധ്രുവീകരണ ശ്രമങ്ങൾ ഉൾപ്പെടെ രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടങ്ങി വിദ്യാർഥി കുടിമയറ്റത്തിന്റെ കാരണങ്ങൾ പലതാണ്. റഷ്യ-യുക്രൈൻ യുദ്ധവേളയിൽ വിദ്യാർഥി കുടിയേറ്റം ചർച്ചാ വിഷയമായിരുന്നു.
എവിടെ പഠിക്കണമെന്നു തീരുമാനിക്കാൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവകാശമുണ്ട്. എന്നാൽ കേരളത്തിന് അത്ര സുഖകരമല്ല വിദ്യാഭ്യാസ കുടിയേറ്റം സാമ്പത്തിക ചോർച്ച, മസ്തിഷ്ക ചോർച്ച തുടങ്ങി കേരളത്തിന് പല വിധേനയും ദോഷകരമാണ് ഈ പ്രവണത. പ്രതിവർഷം ദശലക്ഷങ്ങൾ വേണം ഒരു വിദ്യാർഥിക്ക് വിദേശ സർവകലാശാലയിൽ പഠിക്കാൻ. കേരളത്തിൽ ക്രയവിക്രയം ചെയ്യേണ്ട പണമാണ് കുടിയേറ്റ വിദ്യാർഥികൾ വിദേശ രാഷ്ട്രങ്ങളിൽ ചെലവിടുന്നത്. പ്രതിവർഷം കേരളത്തിൽ നിന്ന് പഠനാവശ്യാർഥം വിദേശ കുടിയേറ്റം നടത്തുന്ന വിദ്യാർഥികളുടെ എണ്ണം പരിഗണിക്കുമ്പോൾ സംസ്ഥാനത്ത് ഇത് സൃഷ്ടിക്കുന്ന സാമ്പത്തിക ചോർച്ച അത്ര ചെറുതല്ല. 2021ലെ കണക്കനുസരിച്ച് രാജ്യത്തെ കുടിയേറ്റ വിദ്യാർഥികൾ പഠനത്തിനായി വിദേശ രാജ്യങ്ങളിൽ ചെലവിടുന്നത് പ്രതിവർഷം 690.9 കോടി ഡോളർ (ഏകദേശം 59,417 കോടി രൂപ) ആണ് രാജ്യത്തിൻ്റെ പുറത്തേക്കു പോകുന്ന ധനത്തിൻ്റെ 30.24 ശതമാനം (യാത്രാ ചെലവ് ഉൾപ്പെടെ) വരുമിത്. 2014-15 വർഷത്തിൽ യൂ കെ ഇക്കോണമിയുടെ ഗ്രോസ് ഔട്ട്പുട്ടിലേക്ക് 25 8 ബിലൈൻ വന്നെത്തിയത് കുടിയേറ്റ വിദ്യാർഥികളിൽ നിന്നായിരുന്നുവത്രെ വിദേശ വിദ്യാർഥികളുടെ റ്റ്യൂഷൻ ഫീസായിരുന്നു ഇതേ കാലയളവിൽ യൂ കെയിലെ സർവകലാശാലകളിലെ മൊത്തം വരുമാനത്തിൻ്റെ 14 ശതമാനവും.
മസ്തിഷ്ക ചോർച്ചയാണ് കുടിയേറ്റത്തിൻ്റെ മറ്റൊരു പ്രത്യാഘാതം. സംസ്ഥാനത്തിന്റെയും നമ്മുടെ രാജ്യത്തിൻ്റെയും വികസനത്തിനും പുരോഗതിക്കും വിനിയോഗിക്കേണ്ട കഴിവും ബുദ്ധിയുമാണ് വിദ്യാർഥി കുടിയേറ്റത്തിലൂടെ നഷ്ട്‌ടപ്പെടുന്നത്. കേരളത്തിൻ്റെ ഏറ്റവും മികച്ച ആസ്തി മസ്തിഷ്‌കങ്ങളാണ്. കേരളീയ യുവത്വത്തെ ഇവിടെ തന്നെ ഉപയോഗപ്പെടുത്താനാകണം.
വിദ്യാർഥികളെ വിദേശ രാജ്യങ്ങളിലേക്കാകർഷിക്കുന്ന ഘടകങ്ങളെ പഠന വിധേയമാക്കി, അവർ ആഗ്രഹിക്കുന്ന നിലവാരത്തിലുള്ള പഠന സൗകര്യങ്ങൾ കേരളത്തിൽ തന്നെ സജ്ജമാക്കുകയാണ് കുടിയേറ്റം നിയന്ത്രിക്കാനുള്ള മാർഗം. സംസ്ഥാനത്ത് മൂന്ന് സർവകലാശാലകൾ മാത്രമാണ് ആഗോള റാങ്കിംഗിൽ ആദ്യ ഇരുനൂറിൽ കയറിയതെന്ന വസ്തുത ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകർച്ചയിലേക്ക് വിരൽ ചൂണ്ടുന്നു. ഇത് പരിഹരിക്കാൻ ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതോടൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. യു കെ യു എസ് എ. കാനഡ, ആസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ വികസിത രാജ്യങ്ങൾ വിദേശ വിദ്യാർഥികളെ ആകർഷിക്കുന്നത് തൊഴിൽ സാധ്യത ചൂണ്ടിക്കാട്ടിയാണ്.
Anjel Juman. P, Assistant Professor of Economics, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment