പ്രോത്സാഹനം എന്ന മൃതസഞ്ജീവനി
സംസ്കൃതം ഭാഷയായി പഠിച്ചിട്ടില്ലെങ്കിലും മന്ത്രങ്ങളായും സ്വരങ്ങൾ ആയും നാമജപങ്ങളിലൂടെ കുട്ടിക്കാലം മുതൽക്കേ കേട്ടും ചൊല്ലിയും അറിവുള്ളതായിരുന്നു. അക്കാരണം കൊണ്ടുകൂടി ആവാം 8 9 10 ക്ലാസുകളിൽ മാതൃഭാഷയ്ക്ക് പകരം സംസ്കൃതം പഠിപ്പിക്കാൻ അച്ഛൻ തീരുമാനിച്ചത് ( അന്നൊന്നും ഇന്നത്തെ കുട്ടികളെ പോലെ അഭിപ്രായ സ്വാതന്ത്ര്യം കുട്ടികളുടെ ‘കപ്പ് ഓഫ് ടി’ ആയിരുന്നില്ല). സ്കൂൾ കലോത്സവങ്ങളിൽ സംസ്കൃത പദ്യോചാരണം അക്ഷരശ്ലോകം എന്നീ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പങ്കെടുക്കുക അല്ലാതെ സമ്മാനം നേടുക എന്ന സ്വപ്നം സാക്ഷാൽ കരിക്കപ്പെടാതെ തന്നെ അവശേഷിച്ചു.
ഹൈസ്കൂൾ ജീവിതം അവസാനിച്ചിടത്ത് പ്ലസ് ടു ജീവിതം ആരംഭിച്ചു. സൈൻസ്ഗ്രൂപ്പ് പാഠ്യ വിഷയമായി സ്വീകരിച്ച വിദ്യാർത്ഥികൾ കലാകായികരംഗത്ത് മികവ് കാണിക്കുക വിരളമായിരുന്നു. ഒരുപക്ഷേ ഗൗരവമേറിയ വിഷയങ്ങൾ കൂമിഞ്ഞുകൂടി കിടക്കുമ്പോൾ ‘ഭാരം’ കുറയ്ക്കാൻ സാധിക്കുക ഇത്തരം കോക്കരിക്കുലർ വിഷയങ്ങളിൽ നിന്നും വിട്ടു നിന്നുകൊണ്ടാണ്. അതാണല്ലോ എളുപ്പമുള്ള കാര്യം! ഈ കാരണം കൊണ്ടു തന്നെയാവാം ക്ലാസ് മുറികളിൽ വന്ന് വായിക്കുന്ന കലാ പരിപാടികളുടെ നോട്ടീസ് ശ്രദ്ധിക്കപ്പെടാതെ പോയത്. സ്കൂൾ ആർട്സിന് വിവിധ ഇനങ്ങളിൽ മത്സരിക്കുന്നതിനായി പേര് നൽകുന്നതിനുള്ള തീയതികളും ശ്രദ്ധയിൽപ്പെട്ടില്ല.
അങ്ങനെ പ്ലസ് വണ്ണിലെ ആർട്സ് വന്നെത്തി. ഒരു ഭാഗത്ത് ഡാൻസിന്റെയും പാട്ടിന്റെയും നാടകത്തിന്റെയും റിഹേഴ്സൽ നടക്കുമ്പോൾ മറുവശത്ത് സംഘാടകർ ഓടിനടന്ന് പരിപാടികൾക്കുള്ള സജ്ജീകരണങ്ങൾ നടത്തുന്നു. ഒരു ചെറിയ പൂരത്തിന്റെ ഒരുക്കങ്ങൾ, ആന ഇല്ല എന്നത് ഒഴികെ! ഇതിലൊന്നും ഭാഗമാവാത്ത ചിലർ ഉണ്ടാവും, എന്നെപ്പോലെ! എന്നാൽ അവർക്കാണ് മറ്റാരെക്കാളും വലിയ ഉത്തരവാദിത്വം. സ്വന്തം സുഹൃത്തുക്കളുടെ മത്സരയിനങ്ങൾക്ക് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു കൂടെ നിൽക്കുക. സ്റ്റേജിൽ കയറുന്നതിനു മുൻപ് വെള്ളം കൊടുക്കുകയും സഭാകമ്പം കൊണ്ട് മരവിച്ച കൈകൾ ഉരസി ചൂട് പകർന്നുകൊണ്ട് “ നീ തനിച്ചല്ല, കൂടെ ഞാനുമുണ്ട്” എന്ന് പറയാതെ പറയുന്ന സാഹചര്യങ്ങൾ. അതൊരു ഉത്തരവാദിത്വം തന്നെയല്ലേ?
ജില്ലാതലത്തിൽ സംസ്കൃതം പദ്യം ചൊല്ലലിൽ തന്റെ സാന്നിധ്യം അറിയിച്ച ആളായിരുന്നു എൻറെ കൂട്ടുകാരി. ഒരു ക്രിസ്ത്യാനിയായിരിക്കെ അതിമനോഹരമായും അക്ഷരസ്ഫുടതയോടും കൂടി അവൾ നാരായണീയത്തിലെ പ്രഥമ അധ്യായം ചൊല്ലുന്നത് കേട്ടാൽ, ഒന്നും മനസ്സിലായില്ലെങ്കിലും, ശരീരത്തിലെ രോമങ്ങൾ വരെ എഴുന്നേറ്റ് നൃത്തം വച്ചു തുടങ്ങും. കണ്ണെടുക്കാതെ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ തന്നെ അവളെ നോക്കിയിരുന്നു പോകും. . സംസ്കൃത അധ്യാപകന്റെ മകൾ എന്നതിലുപരി ഒരു പാട്ടുകാരി കൂടെ ആയിരുന്നു അവൾ.
സംസ്കൃത പദ്യോചാരണത്തിന് പേരു നൽകിയവർക്കായുള്ള മുന്നറിയിപ്പ് ഉച്ചഭാഷിണിയിലൂടെ കേൾക്കാൻ കഴിഞ്ഞു. ഞങ്ങൾ ഇരുവരും ഓടിച്ചെന്ന് അവളുടെ ഹാജർ ഉറപ്പിച്ചു. അപ്പോഴാണ് അറിയുന്നത് ഈ മത്സരയിനത്തിൽ അവൾ മാത്രമേ ഉള്ളൂ എന്ന്. ഞാൻ സംസ്കൃതം പഠിച്ചിരുന്നു എന്നും, വീട്ടിൽ സന്ധ്യാനേരത്ത് വിളക്കിനു മുൻപിൽ ഇരുന്ന് സംസ്കൃത ശ്ലോകങ്ങളും മന്ത്രങ്ങളും ദിവസവും ഉരുവിടാറുള്ള ആളാണെന്ന് അവൾക്ക് അറിയാമായിരുന്നതുകൊണ്ട്, അവൾ എൻറെ പേരും നൽകാൻ പറഞ്ഞു. ദിവസവും വീട്ടിൽ ചൊല്ലുന്ന ഏതെങ്കിലും ഒരു അധ്യായമോ ശ്ലോകമോ ചൊല്ലികൂടെ എന്നവൾ നിർദ്ദേശിക്കുകയും ചെയ്തു. മടിച്ചുമടിച്ച് ആണെങ്കിലും രണ്ടാം സ്ഥാനം ഉറപ്പിച്ചു കൊണ്ട് പേരുനൽകാൻ തീരുമാനിച്ചു. തന്റെ കടന്നുപോയ സ്കൂൾ ജീവിതത്തിൽ നടക്കാതെ പോയ ‘സമ്മാനം നേടുക’ എന്ന സ്വപ്നസാക്ഷാത്കാരവും ഞാനും തമ്മിൽ ഉള്ള ദൂരം മണിക്കൂറുകൾ മാത്രം!
എന്ത് കിട്ടിയാലും പങ്കിട്ടെടുക്കുന്ന കൂട്ടുകാർ അങ്ങനെ ഒരു മത്സരം ഇല്ലാത്ത മത്സരത്തിനൊടുവിൽ മുൻ നിശ്ചയിച്ച പ്രകാരം ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. സുഹൃത്തിന് വെറുമൊരു ഗ്രൗണ്ട് സപ്പോർട്ടിനായ പോയ എനിക്ക് കിട്ടിയത് ലോട്ടറി! അതും സഭാകമ്പത്തിനോ പ്രാക്ടീസിനോ ഒന്നും അധികം ഇടം കൊടുക്കാതെ നേടിയെടുത്ത സമ്മാനം! ആ നേട്ടത്തിന്റെരുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്!
ആർട്സിന്‍റെ തിരക്കും ബഹളങ്ങളും എല്ലാം അടങ്ങി വീണ്ടും പുസ്തകങ്ങളിലേക്ക് കടക്കുന്നതിനു മുൻപായി ഒരു ചടങ്ങ് കൂടി ഉണ്ടല്ലോ.. വിജയികളെ ആദരിക്കൽ. അടുത്ത പ്രവർത്തി ദിവസത്തിൽ ജനറൽ അസംബ്ലിയിൽ ആയിരുന്നു ആ ചടങ്ങ്. അന്നൊന്നും ഇന്നത്തെ പോലെ ഇത്തരത്തിലുള്ള അമൂല്യമായ നിമിഷങ്ങളെ ക്യാമറ കണ്ണുകൾ ഉപയോഗിച്ച് പകർത്തിയെടുത്ത് കാലാകാലം സൂക്ഷിക്കാൻ പറ്റുമായിരുന്നില്ല. ആ നിമിഷത്തെ മനസ്സിലേക്ക് വലിച്ചെടുക്കുക. ചുറ്റുമുള്ളവരും നമ്മളും അടങ്ങുന്ന കുഞ്ഞു സദസ്സിനു മാത്രം സ്വന്തമായ നിമിഷം. വീട്ടുകാർക്കോ അമേരിക്കയിലുള്ള ബന്ധുക്കൾക്കോ ഒന്നും അഭിമാനിക്കാനോ ആസ്വദിക്കാനോ അസൂയപ്പെടാനോ ഒന്നും സോഷ്യൽ മീഡിയ മധ്യസ്ഥത വഹിച്ചിരുന്നില്ല.
സർട്ടിഫിക്കറ്റുകളുടെയും മെഡലുകളുടെയും ട്രോഫികളുടെയും തിളക്കത്തിൽ സൂര്യൻ പോലും മങ്ങിയിരുന്നു. ആർട്സിന്റെ സംഘാടകനായ ഞങ്ങളുടെ ഹിന്ദി മാഷ് ഓരോരോ ഇനങ്ങളുടെയും അതിൻറെ വിജയികളുടെയും പേരുകൾ വിളിച്ചുപറഞ്ഞു തുടങ്ങി. ആദ്യം മൂന്നാം സ്ഥാനക്കാർ പിന്നെ രണ്ടാം സ്ഥാനക്കാർ ഒടുവിൽ ഒന്നാം സ്ഥാനത്തോടെ വിജയിച്ച വിദ്യാർത്ഥികൾ. വിജയികളുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു എൻറെ അവസരം കാതോർത്ത്. മിക്ക പേരുകളും മുഴുവനായി സദസ്സിലേക്ക് എത്തുന്നതിനു മുൻപു തന്നെ കയ്യടികളും ആർപ്പുവിളികളും അവയെ വിഴുങ്ങി കഴിഞ്ഞിരുന്നു. അങ്ങനെ കാത്തിരുന്ന സംസ്കൃതം പദ്യോചാരണത്തിന്റെ വിജയികളുടെ അവസരം വന്നെത്തി. ആദ്യം വിളിക്കേണ്ടിയിരുന്നത് രണ്ടാം സ്ഥാനക്കാരിയുടെ പേരായിരുന്നു. പകരം കേട്ടത് എൻറെ കൂട്ടുകാരിയുടെ പേര് മാത്രമാണ്. ഒരു പക്ഷേ കൈയ്യടികളുടെയും ആർപ്പുവിളികളുടെയും മുഴക്കത്തിൽ മങ്ങി പോയതാണോ? അല്ല! അത് വിളിക്കാൻ വിട്ടു പോയത് തന്നെയാണ്. ഭൂമി നിന്നു പോയതായി തോന്നി, ഒരു നിമിഷത്തേക്ക്. നെഞ്ചിലെ ഭാരം കണ്ണിലൂടെ പുറത്തേക്ക് വരുന്നതായും തോന്നി. അപ്പോഴേക്കും എൻറെ പ്രിയപ്പെട്ട കൂട്ടുകാരി അവളുടെ സർട്ടിഫിക്കറ്റ് വാങ്ങി തിരിച്ച് ലൈനിൽ വന്നു നിന്നു.
ഉയരത്തിൽ ഞാൻ അവളെക്കാൾ മുന്നിലായത് കൊണ്ട് ക്യൂവിന്റെ പിന്നിൽ നിൽക്കുന്ന എന്നെ അവൾ തിരിഞ്ഞു നോക്കി. അവൾക്ക് സമ്മാനം കിട്ടി എന്ന സന്തോഷത്തേക്കാൾ അവളുടെ കൂട്ടുകാരിക്ക് എന്തുകൊണ്ട് ആ അവകാശം നിഷേധിക്കപ്പെട്ടു എന്ന ചോദ്യം അവളുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. അസംബ്ലി കഴിഞ്ഞതും, ഒന്നും നോക്കിയില്ല. കണ്ണീരിന്റെ വക്കിൽ നിൽക്കുന്ന എന്നെയും വലിച്ചു കൊണ്ട് അവൾ മുന്നിൽ നടന്നു. നേരെ ചെന്നത് സ്റ്റാഫ് റൂമിലേക്ക്! ഇവൾ എന്തിനുള്ള പുറപ്പാടാണ് ഒന്നും എനിക്ക് മനസ്സിലായില്ല. മാസങ്ങളായി നടന്നുവന്നിരുന്ന ആർട്സിന്റെ പരിസമാപ്തിക്കൊടുവിൽ സമാധാനത്തോടെ നടു നിവർത്തുകയായിരുന്നു ഹിന്ദി മാഷ്. മാഷിനെ ലക്ഷ്യം വെച്ചുകൊണ്ട് അവൾ മുന്നേറി.
ഈ കാലഘട്ടത്തിലെ കുട്ടികളെ പോലെ അന്നൊന്നും നമ്മൾ അധ്യാപകരുടെ മുന്നിൽ പോയി നിവർന്നു നിൽക്കുക പോലുമില്ല, പിന്നെയല്ലേ അവകാശങ്ങൾ ചോദിച്ച് നേടൽ? ഒരുപക്ഷേ, സ്വന്തം വീട്ടിൽ തന്നെ മാഷ് ഉണ്ടായതുകൊണ്ടാവാം അവൾ തല ഉയർത്തിപ്പിടിച്ച് അവളുടെ കൂട്ടുകാരിക്ക് വേണ്ടി ശബ്ദമുയർത്താൻ മുതിർന്നതും. അല്ലെങ്കിൽ കൂട്ടുകാരിയോടുള്ള അകമഴിഞ്ഞ സ്നേഹം ഗുരുഭക്തിയെ മറികടന്നതിനാലും ആവാം.
“ മാഷേ, നിങ്ങൾ എന്താ കാട്ടിയത്? ഇവൾക്കായിരുന്നില്ലേ രണ്ടാം സ്ഥാനം, സംസ്കൃതം പദ്യോചാരണത്തിൽ? മാഷിന് ഓർമ്മയില്ലേ, ഞാൻ മാത്രമായിരുന്നു അന്ന് മത്സരത്തിന് പേര് നൽകിയത്. മത്സരത്തിനു മുൻപ് ഇവളുടെ പേര് തന്നത് മാഷിന് ഓർമ്മയില്ലേ? അന്ന് മത്സര വേദിയിൽ രണ്ടാം സ്ഥാനം പ്രഖ്യാപിച്ചപ്പോൾ ഇവളുടെ പേര് തന്നെ ആയിരുന്നല്ലോ? എന്നിട്ട് എന്താ മാഷേ ഇവൾക്ക് മാത്രം സർട്ടിഫിക്കറ്റ് ഇന്ന് കൊടുക്കാഞ്ഞത്? ഇവൾക്ക് എത്ര സങ്കടം ഉണ്ടെന്ന് മാഷ്ക്ക് അറിയോ?”
എൻറെ ഹൃദയം മിടിപ്പും അതിനേക്കാൾ ശബ്ദത്തിൽ അവളുടെ പൾസും എനിക്ക് അറിയാൻ കഴിയുമായിരുന്നു. പിന്നീട് ആണ് എനിക്ക് മനസ്സിലായത് അവളും അറിഞ്ഞിരുന്നു എന്റെ പൾസ്. ചുവന്നുതുടുത്ത എൻറെ കൈത്തണ്ട അതിൻറെ അടയാളമായിരുന്നു. അവളുടെ വിഷമവും കോപവും എല്ലാം എൻറെ തുടുത്ത കയ്യിൽ രേഖപ്പെടുത്തിയിരുന്നു. ഞാൻ നിന്നു വിയർക്കാൻ തുടങ്ങി. . ഇനി മാഷോ മറ്റോ അവളെ വഴക്ക് പറയുമോ വീട്ടിലേക്ക് വിളിച്ച് പരാതി പറയുമോ എനിക്കുവേണ്ടി എൻറെ സുഹൃത്ത് കഷ്ടസ്ഥിതിയിലാവുമോ? എന്നിങ്ങനെയുള്ള ഓരോ ഭയം.
ഉടനെ ഒന്നും നോക്കിയില്ല ഒരു സർട്ടിഫിക്കറ്റ് എടുത്ത് എൻറെ പേരും ക്ലാസും ചോദിച്ച് സർട്ടിഫിക്കറ്റിൽ നിറച്ചു. എന്നിട്ട് ഒരു കുറ്റബോധം നിറഞ്ഞ ചിരിയോടെ എൻറെ നേരെ നീട്ടി. “ മാഷേ, ഇങ്ങനെ ആണോ ഒരു സർട്ടിഫിക്കറ്റ് കൊടുക്കേണ്ടത്? നാലാളുടെ മുന്നിൽ വച്ച് കൊടുക്കുന്ന പോലെ ആവോ ഇത്? “ അവൾ അധികം പറയുന്നതിന് മുൻപ് ഞാൻ പതുക്കെ ആ സർട്ടിഫിക്കറ്റ് വാങ്ങി അവളെയും പിടിച്ചു തിരിഞ്ഞു നടന്നു. . ഇന്നും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു എൻറെ പ്രിയ കൂട്ടുകാരി, ലിസിതയെ!
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കപ്പെട്ട നെറ്റ് പരീക്ഷ. ഒരു വശത്ത് കാലങ്ങൾ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ ഫലപ്രാപ്തിയിൽ എത്തി നിൽക്കുന്ന കുറേപേർ, എന്നാൽ പലയാവർത്തി കഠിന പരിശ്രമം നടത്തിയിട്ടും തലനാരിഴ വ്യത്യാസത്തിൽ നെറ്റ് നഷ്ടപ്പെട്ടവർ. എന്നാൽ ഇത്തവണ ആശ്വാസം എന്നു പറയട്ടെ ‘പി എച്ച് ഡി എലിജിബിലിറ്റി’ എന്നു പറയുന്ന ഒരു മാർജിൻ കൂടെ എൻ ടി എ നടപ്പിലാക്കിയിരിക്കുന്നു. വളരെ ചെറിയ മാർജിനിൽ നെറ്റ് നഷ്ടപ്പെട്ടവർക്ക് ഒരാശ്വാസമാണ് ഇത്. നമ്മൾ പലപ്പോഴും അത്ഭുതപ്പെടാറുണ്ട് നേട്ടങ്ങൾ എന്തിനു വിളിച്ചുപറയുന്നു? ചെറിയ അംഗീകാരങ്ങൾക്ക് വരെ പോസ്റ്ററുകൾ ഇറക്കുന്നു?
നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം അംഗീകാരങ്ങളും അനുമോദനങ്ങളും ജീവിതത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട് എന്നുള്ളതാണ്. കാലം എത്ര കടന്നാലും ടെക്നോളജി എത്ര മനുഷ്യനെ സ്വാധീനിച്ചാലും പ്രോത്സാഹനം എന്നത് മനുഷ്യ മനസ്സിലുള്ള ഒരു മരുന്നാണ്. അത്യാസന്ന നിലയിലുള്ള രോഗിക്ക് വരെ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള മൃതസഞ്ജീവനി.
Saritha. K
Vice Principal & Assistant Professor of English
Al Shifa College of Arts and Science, Kizhattoor, Perinthalmanna
വളരെ മനോഹരമായി കുറിച്ചിട്ടുണ്ട്. Lisitha പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഓർമ്മകൾ തൻ ഇടനാഴികളിലൂടെ ഇനിയും സഞ്ചരിക്കാൻ സരിതക്കു കഴിയട്ടെ... ആസ്വദിക്കാൻ ഞങ്ങൾക്കും....
ReplyDeleteThank you, Sandeep
DeleteWell said miss..👏
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രോത്സാഹനം മരുന്ന് തന്നെയാണ്. ഒരു പെൺകുട്ടിയേ മത്സരത്തിന് വിടാൻ തയ്യാറല്ലെന്ന് വാശിപിടിച്ച വീട്ടുകാരെ വിളിച്ചു സമ്മതിപ്പിച്ച ഒരു അധ്യാപികയുടെ കഥയുണ്ട്. ഒടുവിൽ തന്റെ റിസ്കിൽ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളാം എന്നേറ്റ് അവളെ C സോണിൽ മത്സരിപ്പിച്ചു. ആ രംഗോലി മത്സരത്തിൽ വിരൽത്തുമ്പിൽ നിന്നവൾ ഓരോ നിറങ്ങളുതിർക്കുമ്പോളും വരാന്തയിലെ ജനലഴികൾക്കപ്പുറം ആ അധ്യാപികയുടെ ഹൃദയം മിടിച്ചു. ഒടുവിൽ അവിടെ നിന്നും അവർ മടങ്ങി വന്നത് കോളേജിന്റെ ചരിത്രത്തിലെ തന്നെ ഒന്നാം സ്ഥാനവും കൊണ്ട്...ആ ഓർമ്മകൾക്ക് ഇന്നും മരണമില്ല. പ്രോത്സാഹനം എന്ന മൃതസഞ്ജീവനി ഇനിയും എന്നെപോലെ ഒരുപാട് കുട്ടികൾക്കു പകർന്നു നൽകാൻ എന്റെ പ്രിയപ്പെട്ട സരിത മിസ്സിന് സാധിക്കട്ടെ...❤️
ReplyDeleteThank you! You are worth more, dear Mehjabeen ❤️
ReplyDelete