കമ്പിളിപ്പുഴുവും തുളസിനീരും


അന്ന് ഒരു ബുധനാഴ്ചയായിരുന്നു. ഉച്ചതിരിഞ്ഞ് ആദ്യത്തെ പീരീഡ് പി.ടി. ആയിരുന്നു. പെൺകുട്ടികളുടെ സ്കൂൾ ആയതിനാൽ (അന്നൊക്കെ ഫുട്ബോളും ക്രിക്കറ്റും ആൺകുട്ടികൾക്ക് മാത്രം വച്ചിട്ടുള്ള കളികൾ ആയിരുന്നു) കബഡി, കൊക്കോ തുടങ്ങിയവയായിരുന്നു കുറച്ച് പെൺകുട്ടികൾ തിരഞ്ഞെടുത്തത്. മറ്റു ചിലർ അങ്ങിങ്ങായി ഓരോ മരച്ചുവടുകളിൽ ഇടം പിടിച്ചു. ഞാനും എന്റെ കൂട്ടുകാരും വലിയ പുളിമരത്തിന്റെ തണലിൽ ഇരുന്നുകൊണ്ട് സൊറ പറഞ്ഞു.

അപ്പോഴാണ് അടുത്ത പീരിയഡിന് ക്ലാസിൽ കയറാനുള്ള ബെല്ലടി കേട്ടത്. ബെല്ലടിച്ചതോടെ എല്ലാ കളികളും മടിപിടിച്ചുള്ള ഇരുത്തവും നിർത്തി ക്ലാസ്സിലേക്ക് നീങ്ങാൻ തുടങ്ങി പെൺകൂട്ടം. കണക്കിന്റെ പീരീഡ് ആയിരുന്നു അത്. ഞങ്ങൾക്കാർക്കും വലിയ ഇഷ്ടമില്ലാത്ത വിഷയവും ടീച്ചറും ആയിരുന്നു.

ഉയരം കൂടിയ പെൺകുട്ടി ആയതുകൊണ്ട് തന്നെ എന്റെ സീറ്റ് ഒന്നുകിൽ പിറകിലോ അല്ലെങ്കിൽ ചുവരിനോട് ചേർന്ന അരികത്തുള്ള ബെഞ്ചുകളിലോ ആയിരുന്നു. കൊടുങ്കാറ്റ് പോലെ കണക്ക് ടീച്ചർ ക്ലാസിൽ എത്തി. കുട്ടികൾ അവരവരുടെ കണക്ക് പുസ്തകവും പേനയും എടുത്ത് ജീവിതത്തിൽ ഒരുകാലത്തും ചിലപ്പോൾ ഉപകാരപ്രദമാകാതിരിക്കാവുന്ന കണക്കുകൂട്ടലുകൾ നടത്താൻ തയ്യാറായി. ടീച്ചർ ആകട്ടെ കയ്യിൽ കരുതിയ നാലഞ്ച് മുഴുത്ത ചോക്കുകൾ ടേബിളിന് മുകളിൽ വച്ച് അതിൽ നിന്നൊരെണ്ണം എടുത്ത് അറ്റം പൊട്ടിച്ച് ബോർഡിന്റെ ഒരറ്റത്തുനിന്ന് എഴുതി തുടങ്ങി.

പഠിപ്പികൾ ഒട്ടും താമസിക്കാതെ ടീച്ചർ ബോർഡിൽ എഴുതുന്നതിനെക്കാൾ വേഗത്തിൽ തങ്ങളുടെ നോട്ട് ബുക്കുകളിൽ കണക്ക് പകർത്തിയെടുക്കാൻ തുടങ്ങി. ഓടിയോടി എവിടെയും എത്താൻ സാധിക്കാത്ത എന്റെ ഓട്ടവും തുടങ്ങിയിരുന്നു — പേനകൊണ്ട് അക്കങ്ങളുടെ പിറകെ!

അധികം ഒന്നും എഴുതിത്തുടങ്ങിയില്ല. എന്തെന്നറിയില്ല, ആകെ ഒരു പരവേശം. എന്താണ് കാരണമെന്നിട്ടും മനസ്സിലാവുന്നുമില്ല. എന്റെ കഴുത്തും കവിളും ചൊറിഞ്ഞു പൊങ്ങാൻ തുടങ്ങി. എഴുതാൻ പോയിട്ട് ഇരിക്കുന്നിടത്ത് ഇരിക്കാൻ വയ്യാത്ത അവസ്ഥ. എന്റെ ഉറ്റ സുഹൃത്ത് സിമ്മി അടുത്തു തന്നെ ഉണ്ടായിരുന്നു.

ഒന്നു തിരിഞ്ഞോ മറിഞ്ഞോ കൂട്ടുകാരിയോട് എന്തെങ്കിലും ചോദിക്കാൻ തുനിഞ്ഞാൽ തന്നെ തുടങ്ങും ചോക്കു വർഷം.

“എന്താ അവിടെ? ബോർഡിൽ എഴുതിയത് വല്ലതും എഴുതി എടുക്കുന്നുണ്ടോ? അതോ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയാണോ?”

പരിണാമം ഒന്നും ഓർക്കാതെ സിമിയോട് പെട്ടെന്ന് കാര്യം പറഞ്ഞു. ധൈര്യശാലിയും ആരുടെ മുഖത്തു നോക്കി എന്തും പറയാൻ മിടുക്കുള്ളവളും ആയിരുന്നു അവൾ. അവൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു:

“ടീച്ചറെ, സരിതയ്ക്ക് തീരെ വയ്യ. ഞാനും അവളും കൂടി ഒന്ന് ബാത്ത്റൂം വരെ പോകട്ടെ?”

“ഉം,” എന്നുമാത്രം പറഞ്ഞു ടീച്ചർ വീണ്ടും ചോക്കുമായി മൽപ്പിടുത്തം തുടങ്ങി.

ഞങ്ങൾ രണ്ടുപേരും കൂടി രണ്ടാമത്തെ നിലയിൽ നിന്നും ശരം വിട്ട പോലെ ബാത്ത്റൂം ലക്ഷ്യമാക്കി ഓടി. ബാത്ത്റൂമിൽ കയറി നോക്കുമ്പോൾ കണ്ടത് — എന്നെക്കാൾ ഏറെ പേടിച്ച് ഒരു തൊപ്പപ്പുഴു എന്റെ ഷർട്ടിന്റെ കോളറിനകത്ത് ഇരിപ്പുണ്ട്.

ഞാൻ ആർത്തു വിളിച്ചു. ഒരുപക്ഷേ പാവം ആ പുഴുവും കരഞ്ഞു കാണും — ആരു കേൾക്കാൻ?

“അയ്യോ സിമീ… ഒരു കമ്പിളിപ്പുഴു!”

(ഞങ്ങൾ പാലക്കാട്ടുകാർ തൊപ്പപ്പുഴുവിനെ കമ്പിളിപ്പുഴു എന്നാണ് വിളിക്കാറ്.)

അവളുടെ ശബ്ദം പുറത്തുനിന്ന് കേൾക്കാനില്ല. ഞാൻ അല്പം നേരം അവളുടെ മറുപടിക്ക് വേണ്ടി കാത്തുനിന്നു. ഇവളുടേത് എവിടെ പോയി? എന്റെ കൂടെ വന്നിട്ട് എന്നെ ഇവിടെ ഒറ്റക്കിട്ട് പോയോ?

ചിന്തിച്ചു മുഴുവനാകുന്നതിനു മുൻപ് തന്നെ അവൾ എത്തിയത് ഞാൻ അറിഞ്ഞു. തനിച്ചല്ല കേട്ടോ — അവൾ കയ്യിൽ ഒരു വലിയ തുളസി ചെടിയും കൊണ്ടാണ് വന്നിട്ടുള്ളത്.

“വാതിൽ തുറക്ക്,” അവൾ പറഞ്ഞു.

എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു. എന്റെ ആകെയുള്ള രക്ഷ അവൾ ആയിരുന്നു. അവൾ അകത്തു കയറി തുളസി ഇലകൾ കൂട്ടമായി പറിച്ച് കൈകളിൽ ഞെക്കി തുളസി ചാറ് പിഴിഞ്ഞ് എന്റെ കഴുത്തിലും മുഖത്തുമായി തേച്ച് ഉരസി പിടിപ്പിച്ചു. മുഖത്തും കഴുത്തും നിറച്ച് ആ പുഴുവിന്റെ തൊപ്പ പറ്റിപ്പിടിച്ചിരുന്നു. തുളസി ചാറ് തട്ടിയതോടെ പുകച്ചിൽ കുറച്ച് അടങ്ങി.

പിന്നെ സ്കൂളിലേക്ക് ചെല്ലുന്നത് നാല് ദിവസങ്ങൾ കഴിഞ്ഞിട്ടായിരുന്നു. ആ പുഴു പേടിച്ചു വിറച്ച് എന്നെ കടിച്ചിരുന്നു. ഇൻഫെക്ഷൻ ആയി പനി പിടിച്ച് നാല് ദിവസം മൂടി പുതച്ച് കിടന്നു.

ഇന്ന് ഓർക്കുമ്പോൾ അതിശയം തോന്നാറുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുന്ന സിമിക്ക് എങ്ങനെയാണ് തുളസിനീര് ഒരു മരുന്നാണ് എന്നറിഞ്ഞതും, കൃത്യസമയത്ത് അത് പ്രയോഗിക്കാനുള്ള ബുദ്ധി തോന്നിയതും.

പിന്നീട് പലപ്പോഴും ആ സംഭവത്തെ ഓർത്തപ്പോൾ മറ്റൊരു ചിന്തയും വന്നിട്ടുണ്ട്. അന്ന് മുഴുവൻ പേടിയും വേദനയും എന്റെ ഭാഗത്തായിരുന്നു. പക്ഷേ എന്റെ ഷർട്ടിനകത്ത് കയറി കുടുങ്ങിയ ആ പാവം പുഴുവിന്റെ അവസ്ഥയെ കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഒരുപക്ഷേ അത് തന്റെ വഴിയിലൂടെ പോകുമ്പോൾ അപ്രതീക്ഷിതമായി ഒരു വലിയ ലോകത്തിനകത്ത്—എന്റെ ഷർട്ടിനകത്ത്—പെട്ടുപോയതാകാം. ഞാൻ പേടിച്ചതുപോലെ അതും പേടിച്ചിരിക്കാം. നാം ജീവിക്കുന്ന ലോകം എത്ര മനുഷ്യകേന്ദ്രിതമാണെന്നത് ഇത്തരത്തിലുള്ള നിമിഷങ്ങളിൽ ആണ് ഓർമ്മ വരുന്നത്. നമ്മുടെ അസ്വസ്ഥതയും നമ്മുടെ വേദനയും മാത്രം നമ്മൾ ശ്രദ്ധിക്കുന്നു; നമ്മോടൊപ്പം ഈ ഭൂമിയിൽ ജീവിക്കുന്ന ചെറിയ ജീവികളുടെ പേടിയും ബുദ്ധിമുട്ടും നമ്മൾ ഒരിക്കലും ചിന്തിക്കാറില്ല. അന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നത് “എനിക്ക് എന്ത് സംഭവിച്ചു?” എന്ന ചോദ്യമാത്രം. “ആ പുഴുവിന് എന്ത് സംഭവിച്ചു?” എന്ന ചോദ്യം പിന്നീട് വർഷങ്ങൾക്കുശേഷം മാത്രമാണ് മനസ്സിൽ വന്നത്.

ഈ അടുത്തിടെ വായിച്ച ടി.ഡി. രാമകൃഷ്ണന്റെ ആൽഫ എന്ന നോവലിൽ കുറേയേറെ വിദ്യാഭ്യാസ സമ്പന്നരായ വ്യക്തികൾ “ആൽഫ” എന്ന ഒരു തുരുത്തിലേക്ക് പോകുന്നു. നാഗരികതയുടെ സൗകര്യങ്ങളും സംവിധാനങ്ങളും വിട്ട് ആദിമ മനുഷ്യനെ പോലെ ജീവിക്കാമോ എന്നൊരു പരീക്ഷണം പോലെയാണ് അവരുടെ യാത്ര. ആ പതിമൂന്ന് പേരും ഓരോരുത്തരും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്—ശാസ്ത്രജ്ഞരും, ചിന്തകരും, കലാകാരന്മാരും, വിവിധ മേഖലകളിൽ വിജയിച്ചവരും. എങ്കിലും, പ്രകൃതിയുടെ നടുവിൽ എത്തിച്ചേരുമ്പോൾ അവർക്ക് മനസ്സിലാകുന്നത് ഒരു വലിയ സത്യം തന്നെയാണ്: നാഗരികത മനുഷ്യനെ ഏറെ കാര്യങ്ങളിൽ സഹായിച്ചിട്ടുണ്ടെങ്കിലും, അതോടൊപ്പം മനുഷ്യനെ പ്രകൃതിയിൽ നിന്നു ദൂരെയാക്കി എന്നതും.

ആ തുരുത്തിൽ ആദ്യമായി എത്തുന്ന ദിവസങ്ങളിൽ തന്നെ അവരുടെ ബുദ്ധിമുട്ടുകൾ തുടങ്ങുന്നു. കുടിവെള്ളം കണ്ടെത്തുക, ഭക്ഷണം കണ്ടെത്തുക, മഴയിൽ നിന്നും കാറ്റിൽ നിന്നും രക്ഷപ്പെടുക, രോഗങ്ങളെ നേരിടുക—ഇവ എല്ലാം പുസ്തകങ്ങളിൽ വായിച്ചതുപോലെ എളുപ്പമല്ലെന്ന് അവർ തിരിച്ചറിയുന്നു. മനുഷ്യൻ പ്രകൃതിയിൽ ജീവിക്കാൻ പഠിച്ചിരുന്നതു ആയിരക്കണക്കിന് വർഷങ്ങളുടെ അനുഭവത്തിലൂടെയാണ്. എന്നാൽ നാഗരിക ജീവിതം ആ അറിവുകൾ പലതും നമ്മിൽ നിന്ന് അകറ്റി.

നോവലിലെ കഥാപാത്രങ്ങൾ പ്രകൃതിയെ ഉപയോഗിച്ച് ജീവിക്കാൻ ശ്രമിക്കുമ്പോൾ അവർക്കു പലപ്പോഴും സ്വന്തം അശക്തി ബോധ്യപ്പെടുന്ന നിമിഷങ്ങൾ ഉണ്ടാകുന്നു. ഒരുപാട് പഠിച്ചവരും ഗവേഷണം നടത്തിയവരുമായ ആളുകൾ പോലും ഒരു ചെറിയ മുറിവ് ചികിത്സിക്കാൻ, ഒരു ഔഷധസസ്യം തിരിച്ചറിയാൻ, അല്ലെങ്കിൽ കാലാവസ്ഥയുടെ മാറ്റം മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ ഒരു വലിയ ചോദ്യം നമ്മൾക്ക് മുന്നിൽ വരുന്നു—നാം മുന്നേറിയോ, അല്ലെങ്കിൽ ചില അടിസ്ഥാന അറിവുകൾ നഷ്ടപ്പെടുത്തി പിന്നോട്ടോ പോയി?

പ്രകൃതിയുമായി മനുഷ്യന്റെ ബന്ധം എത്ര ആഴത്തിലായിരുന്നുവെന്ന് ഈ നോവൽ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നു. പഴയകാലങ്ങളിൽ മനുഷ്യർ മരങ്ങളും സസ്യങ്ങളും മണ്ണും വെള്ളവും എല്ലാം സ്വന്തം ജീവിതത്തിന്റെ ഭാഗമായിട്ടാണ് കണ്ടിരുന്നത്. ഒരു ഇലയുടെ ഗുണം എന്ത്, ഒരു ചെടിയുടെ ഔഷധമൂല്യം എന്ത്, ഏത് കാലത്ത് എന്ത് ചെയ്യണം—ഇതെല്ലാം അവരുടെ ജീവിതജ്ഞാനത്തിന്റെ ഭാഗമായിരുന്നു.

അതുകൊണ്ടാണ് ചിലപ്പോൾ ആൽഫ വായിക്കുമ്പോൾ തോന്നുന്നത്, നാഗരികതയുടെ അതിവേഗ യാത്രയിൽ മനുഷ്യൻ സ്വന്തമായിരുന്ന ചില ലളിതമായ അറിവുകൾ വഴിയിൽ എവിടെയോ ഇറക്കി വിട്ടുപോയതാണോ എന്നൊരു സംശയം.

മനുഷ്യൻ ജനിക്കുമ്പോൾ തന്നെ പ്രകൃതിയോടൊപ്പമാണ് ജനിക്കുന്നത്. ജീവിക്കാൻ വേണ്ട അറിവുകളും വഴികളും എല്ലാം എവിടെയോ ഉള്ളിൽ തന്നെയുണ്ട്. നാഗരികത നമ്മെ പല സൗകര്യങ്ങളും പഠിപ്പിച്ചെങ്കിലും, പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന ആ ലളിതമായ അറിവുകൾ നാം പലപ്പോഴും മറന്നുപോകുന്നു. എട്ടാം ക്ലാസിൽ പഠിച്ചിരുന്ന സിമിക്ക് തുളസി ഒരു മരുന്നാകുമെന്ന് അറിഞ്ഞത് ഒരുപക്ഷേ പുസ്തകങ്ങളിൽ നിന്നല്ല — ജീവിതത്തിൽ നിന്നും തന്നെയാകാം. ഇന്നും ആ സംഭവം ഓർക്കുമ്പോൾ തോന്നുന്നത്, മനുഷ്യന് ജീവിക്കാൻ വേണ്ട അറിവ് പ്രകൃതിയുടെ അരികിൽ തന്നെയുണ്ടായിരുന്നു… ഇപ്പോഴും ഉണ്ടെന്നതാണ്. നാം അത് തിരിച്ചറിയാൻ മാത്രം മറന്നുപോയിരിക്കുന്നു.



Saritha. K.

Vice Principal,

Al Shifa College of Arts and Science, Keezhattur, Perinthalmanna

Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്