കാളിയിലെ പെണ്ണ്
അശ്വതി ശ്രീകാന്തിന്റെ കാളി നിറയെ പെണ്ണുങ്ങളാണ്, അതുകൊണ്ടുതന്നെ സ്വന്തം അമ്മയോ അയൽവക്കത്തെ
ചേച്ചിയോ കൂടെ പഠിച്ചവരോ ബസ്സിലോ റോഡിലോ കണ്ടു മുട്ടുന്നവരോ ആയ ആരെയെങ്കിലും ഒക്കെ കാളിയിൽ കാണാനാവും.
പുതുമയുള്ളതൊന്നുമില്ല, പെണ്ണുങ്ങളുടെ മോഹങ്ങളെ മോഹഭംഗങ്ങളെ പതർച്ചകളെ
നിരാശകളെ അങ്ങനെ എല്ലാമെല്ലാം ഒട്ടൊരു കവിത തുടിക്കുന്ന ഭാഷയിൽ മനോഹരമായി
അവതരിപ്പിച്ചിരിക്കുന്നു അത്രതന്നെ!
അഥവാ അവരുടെ
സന്തോഷങ്ങളിലും സങ്കടങ്ങളിലും ദുരിതങ്ങളിലും ദുരന്തങ്ങളിലും ഭൂമിയിലെ സകല
പെണ്ണുങ്ങളും ഐക്യപ്പെടുന്നു എന്ന് കാളി വിളിച്ചുപറയുന്നുണ്ട്.
കാളിയിലെ 9 കഥകൾക്കും വല്ലാത്തൊരു ജീവനുണ്ട് അത്
ഇടയ്ക്കിടക്ക് വായിക്കാൻ പ്രേരിപ്പിക്കുകയും, ഒടുവിൽ നെടുവീർപ്പിട്ടിരുത്തുകയും ചെയ്യും തീർച്ച.
കാളിയിൽ ഏറ്റവും പ്രിയപ്പെട്ട കഥയെക്കുറിച്ച്
പറയാം. കൊകൂൺ മുതൽ ആകാശം വരെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.
അന്നൊരു ശനിയാഴ്‌ചയും
നേരം നാലുമണിയുമായിരുന്നു. പെയ്യുമെന്ന് തോന്നിച്ചൊരു മഴ വഴിമാറിപ്പോയ ആശ്വാസ
ത്തിൽ ആനിയമ്മ പാതി ഉണങ്ങിയ തുണികൾ വീണ്ടും വിരി ക്കാൻ പിൻവശത്തെ മുറ്റത്തേക്ക്
ഇറങ്ങിയപ്പോൾ, ജേക്കബ് സാർ രണ്ടാം വായനയ്ക്ക് പത്രമെടുത്ത് മുൻവശത്തെ ചാരു കസേരയിൽ
കിടക്കുകയായിരുന്നു. അകത്തൊരു പൂച്ച ഉറങ്ങാനൊരു ചൂട് തിരഞ്ഞ് പാതകച്ചോട്ടിലേക്ക്
നടക്കുന്നു. അപ്പൊ ദാ, ഓർക്കാപ്പുറത്തൊരിടി വെട്ടി. ടി.വി.യുടെ വയറൂരി ഇടാൻ
ആനിയമ്മ പുറകിലത്തെ വാതിലിലൂടേം ജേക്കബ് സാർ മുൻവശത്തെ വാതിലിലൂടേം അകത്തേക്ക്
ഓടി. ആനിയമ്മ എത്തി, ജേക്കബ് സാർ എത്തിയില്ല. മനുഷ്യർക്ക് മരിച്ചുപോകാൻ എന്നാ നേരം
വേണം!
അങ്ങനെ ആനിയമ്മ ഒറ്റക്കായി. സാറും അനിയമ്മയും അങ്ങനെ കഴിഞ്ഞവർ
ആയിരുന്നല്ലോ. കല്യാണങ്ങൾക്കും
വീട് കേറിക്കൂടലിനും മരിപ്പിനും മാമോദിസക്കും എല്ലാം അവർ ഒരുമിച്ച് പോകാറുള്ളൂ
അതുകൊണ്ടു തന്നെ മക്കൾക്കും നാട്ടാർക്കും അവർ ഇണക്കുരുവകൾ ആയിരുന്നു.
ആനീ ആനിയമ്മേ എടി പെണ്ണുംപിള്ളേ എന്നൊക്കെ നേരവും സ്വഭാവവും
പോലെ സാറ് സദാസമയം ആനിമ്മയെ മാറി മാറി വിളിച്ചോണ്ടിരുന്നു. അങ്ങനെ സാറിന്റെ തഞ്ചത്തിനും താളത്തിനും നിൽക്കാൻ ആനയമ്മക്കല്ലാതെ ഭൂലോകത്ത് ഒരു
സ്ത്രീക്കും പറ്റുകേല്ല എന്ന ഇടത്തുനിന്ന്
സാർ അങ്ങ് ആദ്യം പോയി.
അമ്മയെ ഒറ്റക്കാക്കാൻ മനസ്സില്ലാതെ മക്കൾ ഖത്തറിലേക്ക് ക്ഷണിച്ചു. അവരോട് പൂച്ചയുണ്ട്, കോഴിയുണ്ട്, മുറ്റം നിറയെ ചെടികളുണ്ട്, അപ്പന്റെ ഓർമ്മയുണ്ട്, പള്ളിയുണ്ട് ഇതൊന്നും ഇട്ടേച്ചു വരാൻ പറ്റുകേല എന്ന് തീർത്തു പറഞ്ഞു. ഒറ്റക്ക് നിൽക്കുമ്പോൾ പഠിച്ചോളും എന്ന്
ഉള്ളിൽ പറഞ്ഞു അവസാനത്തെ ആളും വീടിന്റെ
പടിയിറങ്ങി.
35 വർഷത്തെ ശീലങ്ങൾ മാറ്റാനുള്ള സമയം ആനയമ്മക്ക്
വേണമായിരുന്നു. സാറിനു
വെളുപ്പാൻകാലത്ത് നടക്കാൻ പോകുന്ന ശീലമുണ്ടായിരുന്നതുകൊണ്ട് പതിവായി അഞ്ചരയ്ക്ക്
അടിക്കുമായിരുന്ന അലാറം ഏഴുമണിയിലേക്ക് മാറ്റിവച്ചുകൊണ്ടാണ് ആനിയമ്മ തന്റെ
ജീവിതത്തിൻ്റെ അടുത്ത ഘട്ടം തുടങ്ങിയത്.
അനിയമ്മക്ക് സഹായത്തിന് രണ്ടുമൂന്നു വർഷമായി
തങ്കo വരുന്നുണ്ടെങ്കിലും പാചകമൊക്കെ ആനിയമ്മ തന്നെയാണ്.ചോറിന്റെ പാകം, കറിയുടെ ഉപ്പ്, പപ്പടത്തിൻ്റെ
വറവ്, ദോശയുടെ കനം, മീൻ കറിയുടെ പുളി, പോത്തിറച്ചിയുടെ വേവ് ഒക്കെ പ്രശ്ന മാവും
ആനിയമ്മ തൊട്ടില്ലെങ്കിൽ.
ഇക്കാലമത്രയും വീട്ടിൽ സാറിന്റെ ഇഷ്ടങ്ങളെ
നടന്നിട്ടുള്ളൂ, പ്രാതൽ ദോശ, വളർത്താൻ പൂച്ച, ആനിയമ്മക്ക് ഉടുക്കാൻ കുലീനതയുടെ ലക്ഷണങ്ങളായ ഇളം നിറങ്ങൾ മാത്രം …നീല, പിങ്ക്, പീച്ച്, ഗ്രേ, വെള്ള, വെള്ള, വെള്ള….
ആനിയമ്മ കൊക്കൂൺ പൊട്ടിച്ച് പുറത്തിറങ്ങി, ദോശക്ക് പകരം പുട്ടും ചെറുപയറും പപ്പടവും തങ്കത്തിനെ കൊണ്ടുണ്ടാക്കിച്ച് അവർ ഒരുമിച്ചു കഴിച്ചു. സാറിന് മണം പിടിക്കത്തില്ലെന്ന പേരിൽ പടി
കയറാതിരുന്ന മത്തി കുടംപുളിയിട്ട് പീര പറ്റിച്ചു. ദാസേട്ടനും ജയരാജനും പകരം എ ആർ റഹ്മാനും ശ്രേയ ഘോഷാലും പാടി തുടങ്ങി, നിറയെ നിറങ്ങളുള്ള സാരി എടുക്കാനും ഉടുക്കാനും പഠിച്ചു. ആനിയമ്മയും തങ്കവും ചേർന്ന് യൂട്യൂബ് നോക്കി
കേക്ക് ഉണ്ടാക്കാൻ പഠിച്ചു, മുന്തിരി വാങ്ങി വൈൻ കെട്ടിവച്ചു, മുറ്റത്തു ഗ്രോ ബാഗു
കളിൽ കൃഷിചെയ്തു, സീരിയലുകൾ മുടങ്ങാതെ കണ്ടു, ആമസോണിൽനിന്ന് സാധനങ്ങൾ വാങ്ങാൻ പഠിച്ചു, സാരി
മാറ്റി വീട്ടിൽ നൈറ്റിയിടാൻ തുടങ്ങി, ഫേസ്ബുക്കിലൊരു അക്കൗണ്ട് തുടങ്ങി. പഴയ
കൂട്ടുകാരികളെ രണ്ടുമൂന്നു പേരെ കണ്ടുപിടിച്ചു. ഡ്രൈവിങ് പഠിക്കാൻ ടൗണിൽ പോയി.
തങ്കത്തിന്റെ പിള്ളാരെയുംകൊണ്ട് വണ്ടർ ലായിൽ പോയി. നാരങ്ങാവെ ള്ളത്തിൽ തേനൊഴിച്ച്
രാവിലെ വെറും വയറ്റിൽ കുടിച്ചു തുടങ്ങി. സ്പോർട്‌സ് ഷൂ വാങ്ങി രാവിലെ മുറ്റത്തു
കൂടെ നടന്നു തുടങ്ങി.
ആനിയമ്മക്ക് ഒരു തീരുമാനവും
എടുക്കേണ്ട, ഒരു ടെൻഷനും
ചുമക്കേണ്ട, പാൽക്കാരനോ
മീൻകാരനോ പൈസ കൊടുക്കേണ്ട, സാധനം വാങ്ങണ്ട, ചിട്ടി പൈസ മാറ്റി വെക്കേണ്ട, പിള്ളേരുടെ പിടിഎക്ക് പോവണ്ട, അങ്ങനെയങ്ങനെ ഒട്ടൊരുപാട് സൗകര്യങ്ങൾ. ആനിയമ്മ സാറിനെ മാത്രം നോക്കിയാൽ മതി, ഒരു
പ്രായം എത്തുന്നവരെ മാത്രം മക്കളെയും, മക്കള് വളർന്നിട്ടും വളരാത്ത കുട്ടിയായി ജേക്കബ് സാർ
എന്തിനും ഏതിനും ആനീന്ന് വിളിച്ചു. അതുകൊണ്ട് തന്നെ സ്വന്തം അമ്മ മരിക്കാൻ കിടന്നപ്പോഴും രണ്ടുദിവസം തികച്ച് കൂടെ പോയി
നിന്ന് ശുശ്രൂഷിക്കാൻ ആനിയമ്മക്ക് പറ്റിയില്ല. ആനിയമ്മ മാറിയാൽ സാറിന് താളം തെറ്റും.
ഒരിക്കൽ ചിക്കൻഗുനിയെ വന്ന് പനിച്ചുവിറച്ച് കിടക്കുന്ന ആനയമ്മയുടെ അടുത്ത് സാറ് വന്ന് ചോദിച്ചു “കുറവുണ്ടോടി ? ” അനിയമ്മ മിണ്ടിയില്ല. “വല്ലതും എടുത്തു കഴിച്ചൂടായിരുന്നോ” ആനിയമ്മ വേണ്ടാന്ന് മൂളി. “ എന്നാ നീ വന്നു കുറച്ചു വെള്ളം എടുത്തു താ, ഞാൻ വേണേൽ പിടിക്കാം ” ആനിയമ്മക്കന്ന് സങ്കടം കൊണ്ട് ചത്തു പോകാൻ തോന്നി. പിന്നെ
അമ്മ പറഞ്ഞ പോലെ സ്നേഹകൂടുതൽ കൊണ്ടായിരിക്കും
എന്നോർത്ത് സമാധാനിച്ചു. എങ്കിലും സദാ താൻ ആദ്യം മരിക്കല്ലേയെന്ന് പ്രാർത്ഥിച്ചു. ദൈവം ആ പ്രാർത്ഥന കേട്ടു.
സാറ് പോയതിൽ പിന്നെ , ആനിയമ്മ,ഞായറാഴ്ചകളിൽ മാത്രം ഇളം കളർ സാരിയുടുത്ത് പള്ളിയിൽ പോയി, സഹതാപത്തോടെ കൈപിടിക്കുന്നവരെ, ആനിയമ്മ വിഷാദത്തിന്റെ സ്ഥായീഭാവമണിഞ്ഞ് തൃപ്തിപ്പെടുത്തി…ബാക്കിയൊന്നും ആർക്കു വേണ്ടിയും അവർ ചെയ്തില്ല…തനിക്കു വേണ്ടിയല്ലാതെ!
അങ്ങനെയങ്ങനെ ഒകൊക്കൂണിൽ നിന്ന് ആകാശത്തേക്ക്
ആനിയമ്മ ചിറക് വിരിക്കുന്നത്, സ്വപ്നങ്ങൾ കണ്ട്, കൂടെ പറക്കുന്നത്, തീർച്ചയായും അനുവാചകന് അനുഭവിക്കാനാവും. സന്തോഷിക്കാനാവും.
Assistant Professor of Psychology
Al Shifa College of Arts and Science, Keezhattur, Perinthalmanna.
Comments
Post a Comment