ലഹരിയും നമ്മളും

 മലയാളികൾക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടിവരുന്നു എന്നാണ് സമീപകാല വാർത്തകൾ സൂചിപ്പിക്കുന്നത്.  മാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനം, പല വിധത്തിലുള്ള മയക്കുമരുന്നുകളുടെ ലഭ്യത, കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ ഇതിന്റെ ഉപയോഗത്തേക്കുറിച്ചുള്ള അവബോധമില്ലായ്മ എന്നീ കാര്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്, ലഹരി വസ്തുക്കൾക്ക് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്നാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ചർച്ചകളും നടപടികളും ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

 ലഹരി നമ്മുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു?

മയക്കുമരുന്നും മറ്റു ലഹരി പദാർത്ഥങ്ങളും തലച്ചോറിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം. കോടിക്കണക്കിനു ന്യൂറോൺ കോശങ്ങൾ ചേർന്ന തലച്ചോർ പ്രവർത്തിക്കുന്നത് ന്യൂറോട്രാൻസ്‌മിറ്റർ എന്ന് വിളിക്കുന്ന രാസവസ്തുക്കൾ കോശങ്ങൾക്കിടയിലൂടെ പ്രവഹിക്കുമ്പോഴാണ്. ഡോപമിൻ, സെറോറ്റോണിൻ, ഓക്സിട്ടോസിൻ, എൻഡോർഫിൻ എന്നീ പ്രധാന രാസവസ്തുക്കൾ കൂടാതെ മറ്റു ഹോർമോണുകളും തലച്ചോറിന്റെ പ്രവർത്തനത്തെ നിയന്തിക്കുന്നു. വിശപ്പ്, ദാഹം, സന്തോഷം, സംതൃപ്തി, ഭയം, സംശയം, ഉത്സാഹം, കൗതുകം എന്നിങ്ങനെ എല്ലാ വികാരങ്ങളും തലച്ചോറിൽ സൃഷ്ടിക്കപ്പെടുന്നത് ഈ രാസവസ്തുക്കളുടെ പ്രവർത്തനത്തിലൂടെയാണ്. എന്നാൽ തലച്ചോറിന്റെ സ്വാഭാവിക ഘടനയെ തന്നെ മയക്കുമരുന്നുകൾ മാറ്റിമറിക്കുന്നു.

ഡോപമിൻ എന്ന രാസവസ്തു സെറിബ്രൽ കോർട്ടെക്സിനു താഴേയുള്ള കോശസമൂഹത്തിലേക്ക്

പ്രവഹിക്കുമ്പോഴാണ് സന്തോഷം എന്ന വികാരം സൃഷ്ടിക്കപ്പെടുന്നത്. നല്ല ഭക്ഷണം കഴിക്കുമ്പോഴും ധാരാളം പൈസ ലഭിക്കുമ്പോഴും ഒരു ലഹരി വസ്തു ഉപയോഗിക്കുമ്പോഴും എല്ലാം സന്തോഷം തോന്നുന്നത് ഈ പ്രവർത്തനത്തിലൂടെയാണ്. എല്ലാവിധ ലഹരി വസ്തുക്കളും ഉപയോഗിക്കുമ്പോൾ ന്യൂക്ലിയസ് അക്കമ്പെൻസ് (nucleus accumbens) എന്ന ഈ ഭാഗത്തേക്ക് വലിയ അളവിൽ ഡോപമിൻ പ്രവഹിക്കുന്നു.

ആസക്തി (addiction) ഉണ്ടാക്കുന്ന ലഹരി വസ്തുക്കൾ ഇത്തരത്തിൽ സന്തോഷത്തിലേക്ക് ഒരു എളുപ്പവഴി  ഒരുക്കുന്നു. ഡോപമിൻ സന്തോഷം നൽകുന്നു എന്ന് മാത്രമല്ല കാര്യങ്ങൾ ഓർത്തുവെക്കാനും മനസിലാക്കാനുമുള്ള പ്രവർത്തനങ്ങളിലും പങ്കു വഹിക്കുന്നു എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. നിലവിലുള്ള സിദ്ധാന്തപ്രകാരം, സന്തോഷം നൽകുന്ന സാഹചര്യങ്ങളെ/ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഡോപമിൻ ആണ്. ഇത് ലഹരി ഉപയോക്താക്കളെ വീണ്ടും വീണ്ടും അവ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു. ഇതേ പ്രവർത്തനമാണ് അതിജീവനത്തിനുള്ള ഇച്ഛാശക്തി നൽകുന്ന വിശപ്പ്‌, ലൈംഗികാസക്തി എന്നിവയെ നിയന്തിക്കുന്നത്.

ലഹരി വസ്തുക്കൾ തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ തലച്ചോർ അതിന്റെ പ്രവർത്തനരീതി മാറ്റുകയും, അമിത ആസക്തിയോടെ ശരീരത്തിലേക്ക് എത്തിക്കുന്ന അതേ വസ്തു ഉദ്ദേശിച്ച ഫലം നൽകാതിരിക്കുകയും ചെയ്യുന്നു. ധാരാളം സമയവും പരിശ്രമവും എടുത്തുകൊണ്ടുള്ള പ്രവർത്തികളിലൂടെ  മാത്രം ഡോപമിൻ ഉത്പ്പാദിപ്പിക്കപ്പെടേണ്ട രീതിയിലാണ്  മനുഷ്യശരീരം നിർമിച്ചിട്ടുള്ളത്. കെമിക്കൽ ഡ്രഗ്ഗുകൾ ഉപയോഗിച്ച് സന്തോഷത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുമ്പോൾ അതുമായി പൊരുത്തപ്പെടാനുള്ള കഴിവ് തലച്ചോറിനില്ല. അങ്ങനെ അതിന്റെ സാധാരണ പ്രവർത്തനം തകരാറിലാകുന്നു. ലഹരിക്ക് അടിമയായ വ്യക്തി വീണ്ടും വീണ്ടും ലഹരിവസ്തു ഉപയോഗിക്കാൻ നിർബന്ധിതയാ(നാ)കുകയും എന്നാൽ അതിന് അയാളെ സന്തോഷിപ്പിക്കാൻ പറ്റാതെ ആവുകയും ചെയ്യുന്നു. അമിത ഉപയോഗം നടത്തിയ പലരിലും തലച്ചോറിന്റെ സ്വാഭാവിക പ്രതിഫല സംവിധാനം (reward system) എന്നെന്നേക്കുമായി തകരാറിലാവുകയും ചെയ്യുന്നു. ജീവിതത്തെ അർഥവത്താക്കുന്ന, നമ്മെ സന്തോഷിപ്പിക്കുന്ന ചെറുതും വലുതുമായ കാര്യങ്ങൾ അത്തരക്കാർക്ക് അർഥശൂന്യമായി തോന്നും. അവർ ഒരു സാമൂഹിക ജീവിതത്തിന് അനുയോജ്യരല്ലാതായി പതിയെ പരിണമിക്കുന്നു.

നമ്മുടെ മക്കൾ ലഹരിക്ക് അടിമകളാണോ?

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നു എന്ന സൂചന പത്രമാധ്യമങ്ങളിലെ റിപ്പോർട്ടുകൾ നൽകുന്നുണ്ട്. പ്രായപൂർത്തി ആകാത്ത 284 കുട്ടികളാണ് കഴിഞ്ഞ ആറു വർഷത്തിനിടെ ലഹരി കേസുകളിൽ കുടുങ്ങിയത് (ദി ഹിന്ദു, 30 ആഗസ്റ്റ്‌ 2022). ലഹരിക്ക് അടിമപ്പെട്ട് സ്ഥിരമായി അത്‌ ഉപയോഗിക്കുന്നവരുടെ എണ്ണം അതിലും എത്രയോ കൂടുതലാണെന്ന് നിയമപാലകർ തന്നെ പറയുന്നുണ്ട്.  നമ്മുടെ മക്കൾ ഇതിന്റെ ഭാഗമാണോ? നാം നിരന്തരം ജാഗ്രത പുലർത്തേണ്ടിയിരുന്നു.

ലഹരിക്ക് ശേഷം എന്ത്?

ലഹരി ഒരു ശീലമാക്കിയതിനു ശേഷമുള്ള ജീവിതം എങ്ങനെ ആകും എന്നത് പലരെയും ആശങ്കയിൽ ആക്കുന്ന ഒന്നാണ്. മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ സഹായം ആവശ്യപ്പെടണം എന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു. കൗൺസിലിംഗ്, മെഡിക്കേഷൻ, സപ്പോർട്ട് ഗ്രൂപ്പ്‌ എന്നിങ്ങനെ പലവിധ സംവിധാനങ്ങളും ലഭ്യമാണ്. പുരാതന ഗ്രീസിൽ ഉരുത്തിരിഞ്ഞു വന്ന ഒരു ഫിലോസഫി ആണ് സ്റ്റോയിസിസം (stoicism). ജീവിതത്തെ അതുപോലെ ഉൾക്കൊള്ളാൻ ഈ ചിന്താ സംവിധാനം നമ്മെ പഠിപ്പിക്കുന്നു. അന്ധമായി സുഖങ്ങൾക്കും സന്തോഷങ്ങൾക്കും പിറകേ പോകേണ്ട ആവശ്യമുണ്ടോ എന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ലഹരിയിൽ നിന്നും വിമുക്തരാകുന്ന വ്യക്തികൾക്ക്, ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കുന്ന പല പ്രവർത്തികളിലും ഏർപ്പെടാം.

ഉപസംഹാരം

ഒരു ജനാധിപത്യ സംവിധാനം അതിലെ ജനങ്ങളെ സംരക്ഷിക്കും എന്ന വിശ്വാസത്തിൽ ആണല്ലോ ഇന്നത്തെ രാഷ്ട്രങ്ങൾ മുന്നോട്ട് പോകുന്നത്. എന്നാൽ അതേ ഭരണകൂടങ്ങളുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സ് ലഹരി വിൽപ്പനയാണ്.  കേരള ബീവറേജസ് കോർപറേഷൻ നാട്ടിലെ ഓരോ ആഘോഷ വേളയിലും റെക്കോർഡ് വില്പനയാണ് നടത്തുന്നത്. മയക്കു മരുന്നിന്റെ ഉപയോഗത്തിലും ഇത്തരം റെക്കോർഡുകൾ ഇവിടെ ഉണ്ടാകാതിരിക്കട്ടെ. 'കേരളം എന്നും ഒന്നാമത്' എന്ന് ഊറ്റം കൊള്ളുന്ന നാം എന്നേ ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു, ചിലപ്പോഴെങ്കിലും നാം കടലാസു പുലികൾ മാത്രമായി മാറുന്നുണ്ടോ എന്ന്. ലഹരിയിൽ ജീവിതം അവസാനിക്കുന്നില്ല എന്ന് മനസിലാക്കി നമ്മുടെ പ്രിയപ്പെട്ടവർക്കായി കൈ കോർക്കാം.

അവലംബം:  https://www.helpguide.org/harvard/how-addiction-hijacks-the-brain.htm

https://www.thehindu.com/news/national/kerala/284-drug-cases-involving-students-underage-youths-in-six-years/article65826687.ece

Ms. Renjitha. K. R, Assistant Professor, Dept. of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna

 

 

 

 

Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices