ഭാരമേന്തി മരിക്കുന്ന ഭാരമില്ലാത്ത മനുഷ്യർ..
ഭൂമിയിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട സൃഷ്ടി മനുഷ്യൻ ആണെന്നാണ് പറയപ്പെടുന്നത്. വിവേകം കൊണ്ടും ബുദ്ധി കൊണ്ടും ചിന്താ ശേഷി കൊണ്ടും മനുഷ്യൻ മറ്റുള്ള ജീവികളിൽ നിന്ന് വ്യത്യസ്തമാകുന്നു. ലോകത്തെ മാറ്റി മറിച്ച പല കണ്ടുപിടുത്തങ്ങളിലും മനുഷ്യൻ്റെ കയ്യൊപ്പ് പ്രകടമാണ്. മറ്റു ജീവികളിലോ ജന്തു ജാലങ്ങളിലോ ഈ ക്രയാത്മക ശേഷി കാണുന്നില്ല താനും. ദൈവം നൽകിയ കഴിവിൽ നിന്നാണെന്ന് വിശ്വസിക്കുന്നവരുണ്ടെങ്കിലും കഴിവിനെ അവസരോചിതമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മനുഷ്യൻ തന്നെയാണ് ഉത്തമ സൃഷ്ടി എന്ന് പറയാം.
ഇത്രയേറെ കഴിവുള്ള ഒരു വിഭാഗം വേറെയില്ല.. ലോകം നിർമിത ബുദ്ധിയിലേക്ക് വരെ എത്തി നിൽക്കുമ്പോൾ നവ ലോകത്തിൻ്റെ നിർമാണത്തിൽ മനുഷ്യൻ്റെ കരുത്ത് ചെറുതൊന്നുമല്ല. ലോകത്തെ കയ്യിൽ എടുത്ത് നടക്കാൻ തക്കതാക്കി മാറ്റിയതും ഈ മനുഷ്യ സമൂഹമാണ്. പണ്ടുണ്ടായിരുന്ന സാഹചര്യത്തിൽ നിന്നും വ്യത്യസ്തമായി അതി വേഗത്തിൽ ചിന്തിക്കാനും പൊടുന്നനെ മാറ്റങ്ങൾ സൃഷ്ടിക്കാനും ഇന്ന് അപാരമായ കഴിവ് മനുഷ്യനുണ്ട്.
ഇത്രയേറെ കഴിവുകൾ വെച്ച് മനുഷ്യൻ മുന്നേറുമ്പോഴും മറു വശത്ത് തന്റെ കഴിവുകളെ പാടെ മറന്ന് ജീവിതം തള്ളി നീക്കുന്ന ഒരു വിഭാഗത്തെ നമുക്ക് മാറ്റി നിർത്താൻ കഴിയില്ല. ജീവിത യാത്രയിൽ എവിടെയോ വെച്ച് കാലിടറി ജീവിതം മുഴുവൻ ലഹരിക്കും മറ്റു പദാർഥങ്ങൾക്കും അടിമപ്പെട്ട് ജീവിതം വലിച്ചിഴച്ച് കൊണ്ട് നടക്കുന്നവർ. തിരക്കേറിയ ജീവിതത്തിൽ അവരെ തിരിഞ്ഞ് നോക്കാൻ മനുഷ്യർക്ക് സമയം ലഭിക്കാറില്ല. ബസ് സ്റ്റോപ്പിലും അങ്ങാടിയിലും നമ്മെ കാണുമ്പോൾ 10 രൂപക്ക് വേണ്ടി നമ്മുടെ മുന്നിൽ കൈ നീട്ടുമ്പോൾ അവർ പരാജിതരാണെന്ന് നമ്മൾ എഴുതി തള്ളുന്നു. പല ആളുകളെയും കുറിച്ച് അന്വേഷിക്കുമ്പോൾ അനേകം കഴിവുകൾ ഉണ്ടായിരുന്ന ജന്മങ്ങളായിരുന്നു.. ശേഷം എന്തൊക്കെയോ സംഭവിച്ച് ഇങ്ങനെ ഒക്കെ ആയിപ്പോയതാണ് എന്ന് കേൾക്കാൻ കഴിയും. ഒരു കാലത്ത് നന്നായി പാട്ട് പാടി നടന്നിരുന്നവർ, നന്നായി പടം വരച്ചിരുന്നവർ, നന്നായി അഭിനയിച്ചിരുന്നവർ, അങ്ങനെ നീണ്ട് പോവും അത്.
ഒരു കണക്കിന് അവരാണ് യഥാർത്ഥ മനുഷ്യരായി ജീവിക്കുന്നത് എന്ന് പറയാം. അവർക്കുള്ളിൽ വർണ്ണ, ജാതി, മത വിദ്വേഷങ്ങളില്ല. മതത്തിൻ്റെയും ഭക്ഷണത്തിൻ്റെയും പേരിൽ കൊല്ലാൻ അവർക്ക് അറിയില്ല. ആകെ ഒരു നേരത്തെ സാധാരണ ഭക്ഷണം മാത്രമാണ് അവർക്ക് ആവശ്യമുള്ളത്. ഉറങ്ങാൻ ഒരു ചെറിയ പീടികത്തിണ്ണ മതി. അതിൽ അവർ സുഖമായി ഉറങ്ങിക്കൊള്ളും. ആരെയും ഭയക്കാതെ ആരുടെയും കാവലില്ലാതെ. ചിലർക്ക് കൂട്ടായി തെരുവിൽ അവരെ പോലെ അലയുന്ന ചില നായകളെയും കാണാം.
വർണാഭമായ അവരുടെ ജീവിതത്തിൽ കരിയുടെ നിറം നൽകിയത് പല സാഹചര്യങ്ങളാണ്.. ജീവിതത്തിലെ പരാജയങ്ങൾ, കുടുംബത്തിലെ പ്രാരാബ്ധങ്ങൾ, വേണ്ടപ്പെട്ടവരുടെ വേർപ്പെടൽ, ജോലിയിലെ സമ്മർദം.. അങ്ങനെ പല കാരണങ്ങൾ. എല്ലാവരും ജീവിതം മനപ്പൂർവം നശിപ്പിച്ച് ഇന്നുള്ള അവസ്ഥയിൽ എത്തിയില്ല.. അവരെ അങ്ങനെ കാണുന്നതും ശരിയല്ല. ഓർക്കുക.. നമ്മെ പോലെ മാന്യമായി ജീവിക്കേണ്ടിയിരുന്നവർ ഇന്ന് ഏതോ ഒരു നിമിഷത്തെ പാളിച്ച കൊണ്ട് ഇന്നത്തെ അവസ്ഥയിലേക്ക് മാറിയവരാണ്. അവരെയും ചേർത്ത് പിടിക്കാനുള്ള മനസ് നമുക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Muhammed Arsal. T. K
Assistant Professor of Commerce,
Al Shifa College of Arts and Science, Keezhattur, Perinthalmanna.
Comments
Post a Comment