കേരളത്തിന്റെ ഫുട്ബോൾ പ്രണയം



കായികലോകം ഒരിക്കൽ കൂടി ഫുട്ബോൾ ലോകകപ്പിനെ വരവേൽക്കുകയാണ്. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയായി വടക്കേ അമേരിക്കയിലെ മെക്സിക്കോ,കാനഡ,യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക എന്നീ 3 രാജ്യങ്ങളിലായി ഫുട്ബോൾ ലോകകപ്പ് നടക്കുകയാണ്. ഇനി ഒരു മാസത്തിലധികം കാലം കായികലോകം ഒരു ഫുട്ബോളിന്റെ പിറകെ ഓടുകയാണ്. വിവിധ വൻകരകളിൽ നിന്നായി 48 ടീമുകൾ ഫുട്ബോൾ ലോകകപ്പിൽ പന്ത് തട്ടുന്നു. ആദ്യമായിട്ടാണ് ഫുട്ബോൾ ലോകകപ്പിൽ ഇത്രയും ടീമുകൾ പങ്കെടുക്കുന്നത്.ലോകം വലിയ ആവേശത്തോടെ കൂടിയാണ് ഫുട്ബോൾ ലോകകപ്പിനെ വരവേൽക്കുന്നത്.  നമ്മുടെ മലയാളക്കരയും ലോകകപ്പ് ഫുട്ബോളിന്റെ ആരവവും ആവേശവും ഉൾക്കൊണ്ട് ലോക കായിക മാമാങ്കത്തെ ആകട്ടെ സ്വാഗതം ചെയ്യുകയാണ്. 

 ഫുട്ബോൾ, അഥവാ കാൽപന്ത് കളി കേരളത്തിന്റെ ഹൃദയ താളമാണ്.  ഇന്ത്യയിൽ ഫുട്ബോൾ ക്ലബ്ബുകളുടെ ഈറ്റില്ലമായ പശ്ചിമ ബംഗാളിനും പോർച്ചുഗീസ് പാരമ്പര്യമുള്ള ഗോവക്കും ഒപ്പമോ അതിനേക്കാൾ കൂടുതലാണ് നമ്മൾ മലയാളികളുടെ ഫുട്ബോൾ ഭ്രമം.  2022ലെ ഖത്തർ വേൾഡ് കപ്പിൽ വിജയികളായ അർജന്റീന ടീം വിവിധ രാഷ്ട്രങ്ങളിലെ കായിക പ്രേമികൾക്ക്, അർജന്റീനൻ ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ മറ്റു രാഷ്ട്രങ്ങൾക്കൊപ്പം നമ്മുടെ സംസ്ഥാനം കേരളവും അതിൽ ഉൾപ്പെട്ടു. അത് കേരളത്തിലെ അർജന്റീന ആരാധകർക്ക് മാത്രമല്ല മലയാളി ഫുട്ബോൾ പ്രേമികൾക്കുള്ള ആഗോള അംഗീകാരം കൂടിയാണ്.

 ബിസി രണ്ടാം നൂറ്റാണ്ടിൽ ചൈനയിൽ ഉണ്ടായിരുന്ന സു ചു എന്ന വിനോദമാണ് ഫുട്ബോളിന്റെ പഴയ രൂപമായി ഫിഫ അംഗീകരിച്ചിട്ടുള്ളത്. മൃഗങ്ങളുടെ തോലിൽ രോമങ്ങൾ നിറച്ച പന്ത് കാലുകൾ കൊണ്ട് തട്ടി വലയിൽ എത്തിക്കുന്നതായിരുന്നു സു ചു എന്ന ചൈനീസ് വിനോദം. എന്നാൽ ഇന്ന് കാണുന്ന ഫുട്ബോൾ രൂപപ്പെട്ടത് ബ്രിട്ടനിലാണ് 1863 ൽ ബ്രട്ടനിലാണ് ഫുട്ബോൾ അസോസിയേഷൻ രൂപീകരിക്കുകയും കളിയുടെ നിയമങ്ങൾ ആദ്യമായി എഴുതി തയ്യാറാക്കുകയും ചെയ്തത്. ബ്രിട്ടീഷ് വ്യാപാരികളും കപ്പൽ ജീവനക്കാരും ഫുട്ബോൾ ലോക വ്യാപകമാക്കി. ബ്രിട്ടീഷ് ഭരണകാലത്താണ് നമ്മുടെ നാട്ടിലും ഫുട്ബോൾ ജനപ്രിയമാകുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്താണ് ബ്രിട്ടീഷുകാർ മുഖേനെ ഫുട്ബോൾ എന്ന കായിക വിനോദം കേരളത്തിൽ സജീവമാകുന്നത്. ബ്രിട്ടീഷ് സൈനികരും ബ്രിട്ടീഷ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ വിനോദം കേരളത്തിൽ വ്യാപിപ്പിച്ചു.  ബ്രിട്ടീഷുകാരോടും കപ്പൽ ജീവനക്കാരോടും കൂടുതൽ സമ്പർക്കം പുലർത്തിയ മലബാർ മേഖലയിലാണ് ഫുട്ബോൾ വളരെ പെട്ടെന്ന് ജനകീയ കായികവിനമായി മാറിയത്. പിന്നീട് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഫുട്ബോൾ മാറി. കേരളത്തിൽ പ്രത്യേകിച്ച് മലബാറിൽ ഫുട്ബോൾ ഒരു കോളനി വിരുദ്ധ സാംസ്കാരിക പ്രതിരോധത്തിന്റെ അടയാളമായി മാറി. പ്രാദേശിക ക്ലബ്ബുകളും ടീമുകളും രൂപീകരിക്കുകയും ബ്രിട്ടീഷ് ടീമുകളെ തോൽപ്പിക്കുക എന്നത് അഭിമാനത്തിന്റെ അടയാളമായി മാറുകയും ചെയ്തു.  കോഴിക്കോട് കണ്ണൂർ മലപ്പുറം ഭാഗങ്ങളിൽ ഫുട്ബോളിന്റെ വളർച്ച മറ്റു പ്രദേശങ്ങളിലേക്ക് കൂടുതലാവുന്നതിൽ ബ്രിട്ടീഷ് സാന്നിധ്യവും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളും കൂടി കാരണമായിട്ടുണ്ടാവാം. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ സ്പെഷ്യൽ പോലീസ് (എം എസ് പി) ഫുട്ബോളിന്റെ വളർച്ചയിൽ നിർണായകം ആയിട്ടുണ്ട്. ഫുട്ബോൾ പരിശീലനത്തിന് മലബാർ സ്പെഷ്യൽ പോലീസിൽ വലിയ പ്രാധാന്യം ലഭിക്കുകയുണ്ടായി. 

 സ്വാതന്ത്ര്യാനന്തരവും ഫുട്ബോളിന് കേരളത്തിൽ വലിയ സ്വീകാര്യത ലഭിച്ചു.  കേരളത്തിലെ ഗ്രാമങ്ങൾ അതിവേഗം ഫുട്ബോളിനെ നെഞ്ചിലേറ്റി. കുറഞ്ഞ ചെലവും പ്രാദേശിക ക്ലബ്ബുകൾ സജീവമായതും ഗൾഫ് പ്രവാസികളുടെ സ്വാധീനവും കേരളത്തിലെ ഫുട്ബോളിന്റെ വളർച്ചക്ക് സഹായകരമായി.  സംസ്ഥാന രൂപീകരണ ശേഷം സ്കൂൾ - കോളേജ് ടൂർണമെന്റുകൾ, ക്ലബ്ബ് ഫുട്ബോളിന്റെ വളർച്ച, ജില്ലാതലം മുതലുള്ള ഫുട്ബോൾ ലീഗുകൾ എന്നീ നിലകളിൽ ഫുട്ബോൾ ശക്തിപ്പെട്ടു. 1960- 90 കാലഘട്ടം കേരള ഫുട്ബോളിന്റെ സുവർണ്ണ കാലഘട്ടമായി രേഖപ്പെടുത്തുന്നു. അക്കാലത്ത് സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ മികച്ച പ്രകടനങ്ങളും, ദേശീയതലത്തിൽ മലയാളി താരങ്ങൾ ഉയർന്നുവന്നതുമായ കാലഘട്ടമായിരുന്നു. അന്താരാഷ്ട്ര ഗുണനിലവാരമുള്ള മൈതാനങ്ങളുടെ കുറവും ഫുട്ബോൾ അക്കാദമികളുടെ കുറവും കായികതാരങ്ങളുടെ കരിയർ സാധ്യത കുറഞ്ഞതും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കുറഞ്ഞതും അക്കാദമിക് മത്സരങ്ങൾ വർധി വർദ്ധിച്ചപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കായിക നിക്ഷേപം കുറച്ചതും 1983ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയതോടെ കൂടുതൽ യുവാക്കൾ ക്രിക്കറ്റിൽ ആകൃഷ്ടരായതും  ഫുട്ബോളിന്റെ വളർച്ചയെ   ബാധിക്കുകയുണ്ടായി. ഇന്ത്യൻ ഫുട്ബോളിനെ കേരളത്തിന്റെ സംഭാവനകൾ ചെറുതല്ല. ഐ എം വിജയൻ,  വി പി സത്യൻ, സി വി പാപ്പച്ചൻ, ജോ പോൾ അഞ്ചേരി,  യൂ ഷറഫലി,  മുഹമ്മദ് റാഫി, സഹൽ അബ്ദുസമദ്, ആഷിക് കുരുണിയൻ,  കെ പി രാഹുൽ തുടങ്ങി നിരവധി പ്രധാന താരങ്ങളെ ഇന്ത്യൻ ഫുട്ബോളിനെ സംഭാവന ചെയ്യാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്.


കേരള ഫുട്ബോൾ ഇനിയും ഒരുപാട് മുന്നേറേണ്ടതുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങളും ഫുട്ബോൾ അക്കാദമികളും വിദേശ പരിശീലന അവസരങ്ങളും ശക്തമായ ലീഗ് മത്സരങ്ങളും സ്കൂൾ - കോളേജ് തല ടൂർണമെന്റ്കളും ഫുട്ബോൾ താരങ്ങൾക്കുള്ള തൊഴിലവസരങ്ങളും പാഠ്യപദ്ധതിയിൽ കായികമേഘ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകിയും കേരള ഫുട്ബോളിന് ലോകനിലവാരത്തിലേക്ക് മാറ്റാൻ നമുക്ക് സാധിക്കണം. ഐഎസ്എൽ ഫുട്ബോൾ ടൂർണമെന്റും കേരള ബ്ലാസ്റ്റേഴ്സ് എന്ന ടീമും കേരള ഫുട്ബോളിന് പുത്തൻ ഉണർവ് നൽകി നിരവധി മലയാളി താരങ്ങൾക്ക് മികവ് തെളിയിക്കാൻ അവസരം ലഭിച്ചു.  വിദേശ കളിക്കാരോടൊപ്പം അവർക്ക് വലിയ അവസരങ്ങൾ ലഭിച്ചു. വലിയ ആരാധക പിന്തുണയും ടീമിന് ലഭിച്ചു.  ഒരു ഘട്ടത്തിൽ ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫാൻ എൻഗേജ്മെന്റ് ഉള്ള ടീമായി കേരള ബ്ലാസ്റ്റേഴ്സ് മാറി. അത് കേരളത്തിൽ ഫുട്ബോളിനെ കൂടുതൽ ജനകീയമാക്കി. എന്നാൽ ഇപ്പോൾ ഐഎസ്എല്ലിന്റെ ജനപ്രീതി ഇടിഞ്ഞു കൊണ്ടിരിക്കുന്നു. B ആദ്യ സീസണുകളെ അപേക്ഷിച്ച് പ്രമുഖ താരങ്ങൾ ഐഎസ്എല്ലിനെ ഉപേക്ഷിച്ചു, സാമ്പത്തിക ബുദ്ധിമുട്ടുകൾ ക്ലബ്ബുകൾ നേരിടാൻ തുടങ്ങി, കളിയുടെ ഗുണനിലവാരക്കുറവും മോശം റഫറിങ്ങും മത്സരങ്ങളുടെ സമയക്രമത്തിലെ അപാകതകളും പ്രാദേശിക പ്രതിഭകളുടെ കുറവും എല്ലാം ഐഎസ് എല്ലിന്റെ ജനപ്രീതി കുറച്ചു.

ഫുട്ബോൾ ചരിത്രത്തിൽ കേരള ഫുട്ബോളിന് വേണ്ടത്ര സ്ഥാനം നേടാൻ കഴിഞ്ഞില്ലെങ്കിലും ഫുട്ബോൾ എന്നത് മലയാളിക്ക് വെറുമൊരു കായിക വിനോദം മാത്രമല്ല,  അത് മലയാളിയുടെ ഒരു വികാരമാണ്. സ്വന്തം രാജ്യത്തിനായി ഫുട്ബോളിന്റെ അന്താരാഷ്ട്ര വേദികളിൽ കയ്യടിക്കാൻ ഭാഗ്യവും അവസരവും ലഭിച്ചില്ലെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളുടെയും യൂറോപ്യൻ ക്ലബ്ബ് മത്സരങ്ങളുടെയും ആരവങ്ങളും ആവേശവും മലയാളക്കരയിൽ നമുക്ക് കാണാൻ സാധിക്കും. ലോകകപ്പ് ഫുട്ബോൾ ആണ് അതിന്റെ മൂർത്തിഭാവം.  ലോകകപ്പ് ഫുട്ബോൾ മലയാളിയെ സംബന്ധിച്ച് ജാതിയും മതവും രാഷ്ട്രീയവും ഒക്കെ മറന്ന് ഒരു പന്തിന് പിറകെ ഒരു മനസ്സോടെ ഓടുന്ന സുന്ദരമായ ഒരു കാലമാണ്. ലോകകപ്പ് ഫുട്ബോൾ അടുക്കുമ്പോൾ നാട്ടിൻപുറത്തെ എല്ലാ ചർച്ചകളും സംസാരങ്ങളും വാഗ്വാദങ്ങളും ഫുട്ബോളിനെ പറ്റി മാത്രമാകും. ഇഷ്ട ടീമുകളുടെ പതാകയും കളിക്കാരുടെ ജെഴ്സിയും കളിക്കാരുടെ ചിത്രം പതിഞ്ഞ ബോർഡുകളും നാട്ടിലാകെ നിറയും. ഇഷ്ടതാരങ്ങളുടെ ജെഴ്സി അണിഞ്ഞ് നാട്ടിൻപുറങ്ങൾ ഫുട്ബോൾ പ്രണയത്തിന് സാക്ഷി വഹിക്കും.  പ്രധാന ടീമുകൾക്കൊക്കെ ആരാധക കൂട്ടം ഉണ്ടെങ്കിലും പ്രധാനമായും ലാറ്റിനമേരിക്കൻ ശക്തികളായ അർജന്റീനക്കും ബ്രസീലിനും ആണ് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത്. ക്രിസ്റ്റാനോ റൊണാൾഡോയുടെ പോർച്ചുഗലിനും ഫ്രാൻസിനും ജർമ്മനിക്കും ഇംഗ്ലണ്ടിനും ഹോളണ്ടിനും ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങൾക്കും ഒക്കെ നിരവധി ആരാധകരും അവരുടെ ഫ്ലക്സ് ബോർഡുകളും അവരുടെ പതാകകളും നമ്മുടെ നാടുകളിൽ കാണാൻ സാധിക്കും. എന്നാലും അന്താരാഷ്ട്ര ഫുട്ബോളിന്റെ കാലമായാൽ അത് ഫുട്ബോൾ ലോകകപ്പ് ആയാലും കോപ്പ അമേരിക്ക ആയാലും നാട്ടിൻപുറത്ത് ഫുട്ബോൾ പ്രേമികൾ പ്രധാനമായും രണ്ടു ചേരിയായി തിരിയും. ഒന്ന് അർജന്റീനയും മറ്റൊന്ന് ബ്രസീലും. ഇരു ടീമിന്റെയും ആരാധകർ പരസ്പരം കലഹിച്ചും തർക്കിച്ചും പരാജയപ്പെട്ടവരെ കളിയാക്കിയും വിജയത്തിൽ ആഹ്ലാദിച്ചും ആഘോഷിച്ചും ഫുട്ബോൾ എന്ന വികാരം പ്രകടിപ്പിക്കും.  ഇഷ്ട ടീമിന്റെ ഏറ്റവും വലിയ പതാക കെട്ടുന്നതും ഏറ്റവും വലിയ സൈസിൽ ഫ്ലക്സ് ബോർഡ് വെക്കുന്നതും ഇഷ്ട താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ വെക്കുന്നതും അങ്ങനെ എല്ലാ തരത്തിലും പിന്നെ മത്സരമാണ്. കളിയിൽ മാത്രമല്ല കളി ആരവത്തിലും പൊരിഞ്ഞ പോരാട്ടമാണ്. സിനിമാ സ്റ്റൈൽ വാചകങ്ങൾ ഫ്ലക്സ് ബോർഡുകളിലൂടെ പരസ്പരം ഏറ്റുമുട്ടും. മത്സരങ്ങൾ കാണാൻ നാട്ടിൻപുറങ്ങളിൽ ബിഗ് സ്ക്രീനുകൾ തയ്യാറാകും. കളിയുടെ ആദ്യ വിസിൽ മുതൽ അവസാന വിസിൽ വരെ ഇരമ്പിയാർത്ത് വലിയ സ്ക്രീനിന് മുന്നിൽ പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാ വിഭാഗം ജനങ്ങളും കളികാണാനെത്തും. കളി നടക്കുന്ന ഗ്യാലറിയിലേക്കാൾ വലിയ ആവേശം ആകും കേരളത്തിലെ ബിഗ് സ്ക്രീനുകൾക്ക് മുന്നിൽ.  നാട്ടിൻപുറങ്ങളിലെ കളി മൈതാനങ്ങളിലും ക്ലബ്ബുകളിലും ചായ പീടികയിലും കോളേജിലും സ്കൂളിലും സോഷ്യൽ മീഡിയയിലും എന്നുവേണ്ട കേരളത്തിന്റെ മുക്കിലും മൂലയിലും ഫുട്ബോളിന്റെ ആവേശം നമുക്ക് കാണാം.  പ്രധാന ടീമുകളുടെ ജയവും പരാജയവും വിശകലനം ചെയ്തും ഓഫ്സൈഡിനെ കുറിച്ചും ഫൗളിനെക്കുറിച്ചും റഫറിയുടെ തീരുമാനങ്ങളെക്കുറിച്ചും ഇഴകീറി പരിശോധിച്ചും ഫുട്ബോൾ ഭ്രാന്തന്മാർ സജീവമാകും.  അഞ്ച് കപ്പിന്റെ ഹുങ്ക് പറയുന്ന കാനറികളും സെവൻ അപ്പിന്റെ കഥ പറഞ്ഞ് തിരിച്ചടിക്കുന്ന എതിരാളികളും മെസ്സിയുടെ പോരിശയും സിആർ 7 ന്റെ മഹിമയും നെയ്മറിന്റെ സ്‌കിലും ഓരോ താരത്തിന്റെയും മികവും കുറവും കേരളത്തിൽ ചർച്ച ചെയ്യപ്പെടും.  മാരക്കാനയും റൊസാരിയോയും ഒക്കെ ചർച്ചകളിൽ ഇടംപിടിക്കും. പെലയും മറഡോണയും പ്രധാന കഥാപാത്രങ്ങളാകും. 

കേരളത്തിലെ ഫുട്ബോൾ പ്രണയം പല അവസരത്തിലും അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്.  2022ലെ ഖത്തർ ലോകകപ്പിന് മുന്നോടിയായി കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച പ്രധാന താരങ്ങളുടെ കട്ടൗട്ട് ഫിഫ വേൾഡ് കപ്പ് ഫീവർ കേരളത്തെ ബാധിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടുകൂടി ഔദ്യോഗികമായി പങ്കുവെച്ചു. കൊല്ലം പറവൂരിൽ ഫ്രാൻസ് ആരാധകർ സ്ഥാപിച്ച കിലിയൻ എംബാപ്പയുടെ കട്ടൗട്ട് ഫ്രഞ്ച് ടീം അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു.

 സ്വന്തം രാജ്യം കളിക്കുന്നില്ലെങ്കിലും ഫുട്ബോളിനെ നെഞ്ചേറ്റാൻ മലയാളിക്ക് സാധിക്കുന്നത് ഫുട്ബോൾ എന്ന വികാരത്തെ അത്രമേൽ സ്നേഹിക്കുന്നത് കൊണ്ടാണ്.


Anas K.

Assistant Professor of English,

Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്