നാളെ ഞാനും ......... .

ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് എപ്പോഴോ വായിച്ച 'കഥ' ഞാൻ ഓർക്കുന്നു. ഉറുദു ആയിരുന്നു ഞാൻ ഒന്നാം ഭാഷയായി തെരഞ്ഞെടുത്തിരുന്നത്. , "آدھا آپ کے لیے "എന്നതായിരുന്നു ആ കഥയുടെ തലക്കെട്ട്. ഒരു ഉപ്പയും മകനും ഭാര്യയും അവരുടെ കുട്ടികളും അടങ്ങിയതായിരുന്നു അവരുടെ കുടുംബം. വാർദ്ധക്യത്തിൽ എത്തിയ ആ ഉപ്പയെ അവർ ഒട്ടും പരിഗണിക്കുന്നുണ്ടായിരുന്നില്ല. കുത്തുവാക്കുകളും കുറ്റം പറച്ചിലുകളും മാത്രം ആ വീട്ടിൽ അലയടിച്ചിരുന്നു. അവസാനം ആ മകൻ തന്റെ ഉപ്പയെ വീട്ടിൽ നിന്ന് പുറത്താക്കുന്നു. തണുത്തുറഞ്ഞ ആ ദിവസം ആ ഉപ്പ വീടിൻറെ പടിയിറങ്ങവേ മകൻ തന്റെ കുട്ടിയോട് ഒരു പുതപ്പ് അദ്ദേഹത്തിന് കൊടുക്കാൻ ആവശ്യപ്പെടുന്നു. പകുതി കീറിയ ഒരു പുതപ്പ് കൊണ്ടാണ് ആ കുട്ടി വന്നത്. ആശ്ചര്യത്തോടെ ആ മകൻ തന്റെ കുട്ടിയോട് ചോദിക്കുന്നു: ആ പുതപ്പിന്റെ പകുതി എവിടെയാണെന്ന്?

            കുട്ടി പറഞ്ഞു :ആ പകുതി ഞാൻ താങ്കൾക്കുവേണ്ടി എടുത്തു വച്ചിരിക്കുകയാണ്. ഇടിവെട്ടേറ്റ പോലെ ആ മനുഷ്യൻ അവിടെ നിന്നു. താനും ഇതേ വാർദ്ധക്യത്തിലൂടെ കടന്നു പോകേണ്ടതാണല്ലോ എന്ന് അവൻ ഓർത്തു. നാളെ ഇതേ പോലെ പടിയിറങ്ങുന്നത് ഒരുപക്ഷേ ഞാൻ ആയിരിക്കും എന്നത് അയാളെ ആകെ പിടിച്ചുലച്ചു.

ആ കുട്ടിയുടെ ആ ചോദ്യം എല്ലാ വായനക്കാരെയും പോലെ എന്നെയും പിടിച്ചുലച്ചു. 10 മാസം ഗർഭം ചുമന്ന മാതാവിനെയും അധ്വാനത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച പിതാവിനെയും തള്ളിപ്പറയുന്ന ഒരു സമൂഹത്തോടാണ് ആ കുഞ്ഞിൻറെ ചോദ്യം എന്ന് എനിക്ക് തോന്നി. ബന്ധങ്ങൾക്ക് വില നൽകാതെ ബാഹ്യമായ സന്തോഷങ്ങൾക്കും സ്വകാര്യതകൾക്ക് വേണ്ടി വേദനിപ്പിക്കുന്നത്  തന്നെ ഈ ലോകത്തിൽ ഏറ്റവും സ്നേഹിക്കുന്ന മാതാപിതാക്കളെയാണ് എന്ന് നമ്മളിൽ പലരും മറന്നു പോകുന്നു. അവരില്ലാത്ത ലോകം എത്ര ശൂന്യവും ഭീകരവും ആണ് എന്ന് അവരെ നഷ്ടപ്പെട്ടവർക്ക് അറിയാം. സ്നേഹിക്കാൻ മാത്രമേ ആ പാവങ്ങൾക്ക് അറിയുകയുള്ളൂ. കള്ളും കുടിച്ച് പ്രശ്നമുണ്ടാക്കുന്ന  'രാജൻ' എന്ന തൻറെ മകനെ അവൻ നല്ലവനാണ് എന്ന് പറയുന്ന എൻറെ അയൽവാസി 'ചക്കി അമ്മയെ' ഇന്ന് ഞാൻ ഓർക്കുന്നു.

മനുഷ്യജീവിതത്തിൽ ഏറ്റവും വിലപ്പെട്ട ബന്ധമാണ് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം. ഒരു കുഞ്ഞ് ജനിക്കുന്ന നിമിഷം മുതൽ അതിന്റെ വളർച്ചയ്ക്കും വിദ്യാഭ്യാസത്തിനും നല്ല ഭാവിക്കും വേണ്ടി സ്വന്തം ജീവിതം സമർപ്പിക്കുന്നവരാണ് മാതാപിതാക്കൾ. അവരുടെ സ്നേഹത്തിനും ത്യാഗത്തിനും വില കൽപ്പിക്കാൻ സാധിക്കില്ല.

കുട്ടികൾ മാതാപിതാക്കളോട് എങ്ങനെ പെരുമാറുന്നു എന്ന് കണ്ടാണ് അടുത്ത തലമുറ പഠിക്കുന്നത്. ഇന്ന് നാം നമ്മുടെ മാതാപിതാക്കളെ അവഗണിച്ചാൽ നാളെയുടെ തലമുറയും നമ്മളോട് അതേ രീതിയിൽ പെരുമാറാൻ സാധ്യതയുണ്ട്. അതിനാൽ കുടുംബബന്ധങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് ചെറുപ്പം മുതൽ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്.

             മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഉയർന്നു വരട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മാതാപിതാക്കളെ അനാഥരിക്കുകയും അവരെ വയോജന സദനങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന പ്രവണത സമൂഹത്തിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയെ സൂചിപ്പിക്കുന്നതാണ്. അവരുടെ അനുഗ്രഹവും പ്രാർത്ഥനയും ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് ആണെന്ന് നാം മറക്കരുത്. മാതാപിതാക്കളെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് ഒരു മകന്റെയോ മകളുടെയോ അടിസ്ഥാന കടമയാണ്. വാർദ്ധക്യകാലത്ത് അവർക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് മക്കളുടെ സ്നേഹവും കരുതലും സാന്നിധ്യവുമാണ്. മാതാപിതാക്കളെ ആദരിക്കുന്ന കുടുംബങ്ങളാണ് സന്തോഷകരമായ സമൂഹത്തിൻറെ അടിത്തറ.


Jashida. V. P

Assistant Professor of Nutrition and Dietetics

Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

  1. Nice writing. Keep it up.

    ReplyDelete
  2. well. Truly impressive

    ReplyDelete
  3. Have read it earlier. More deeper feelings and emotions now while reading as i grow older. Sort of sadness and pathos would be best to describe it

    ReplyDelete

Post a Comment

Popular posts from this blog