ഞാൻ എന്ന ക്ഷണികത
ഇന്നോ നാളെയോ എന്നുരുവിട്ടു തുടങ്ങിയ
ഈ ഹാസ്യ കദന കഥ.
അനുനിമിഷം അനന്തതയിലേക്കിഴഞ്ഞ്-
നീങ്ങുമീ കോലാഹല കലാരൂപം.
നിറഞ്ഞാടിത്തിമിർത്ത വേഷപ്പകർച്ചകൾ.
വേരറ്റ ഓർമ്മകളുടെ തല ഞരമ്പുകൾ പിഴുതെറിഞ്ഞ്,
അഹം എന്ന ബോധത്തിൽ ആനന്ദഭരിതയായി.
ഞാനെന്ന ഞാനില്‍ പരിപൂർണ്ണയായി.
അസ്ഥിയിൽ അഹം നിറച്ച്,
പ്രണയത്തെ പോലും പരിത്യജിച്ച്,
നിലകൊള്ളവേ...
പതിവ് തെറ്റി വന്ന മുഖങ്ങളിൽ
നിന്റെ നോട്ടം എൻറെ കാഴ്ചയെ ഭേദിച്ചു!
നിന്നെ കണ്ട മാത്രയിൽ...
കലുഷിത൦...
ഹൃദയത്തിൽ ചെഞ്ചോരക്കടൽ
ഞാൻ ക്ഷണികയായി,
നീയായി ഉടലെടുത്തു.
പൂത്ത് തളിർത്ത് ഇഴ ചേർന്നമർന്ന് സ്വയം
പ്രണയത്തിൽ ഉരുകിയലിഞ്ഞങ്ങനെ..
പ്രണയത്തിന്റെ ഗന്ധം
പകർന്ന് നുകർന്നങ്ങനെ..
ഇനിയെത്ര നാൾ നീയും ഞാനും
നമ്മളായ് തുടരും
അസ്ത്രമൊഴിഞ്ഞൊരീയാവനാഴിയിൽ
ഇത് സ്വപ്നമാകയാൽ ഞാനുണരാതിരിക്കാം
ഉണർന്നാൽ ഇനി നീയില്ല ഞാനില്ല നമ്മളില്ല
പ്രണയമേയില്ല
ക്ഷണികം!
ഞാൻ..
എത്ര ക്ഷണികം!
ജീവിതം..
ഇത് എത്ര ക്ഷണികം!
Nasila Jasmin
Assistant Professor of English
Al Shifa College of Art and Science, Keezhattur, Perinthalmanna.
❤️
ReplyDelete