മലയാള സിനിമകളിലെ താരാട്ടുപാട്ടുകൾ: ആസ്വാദനക്കുറിപ്പ്
മനസ്സിന് കുളിരേകുന്ന കുറച്ച് അധികം നല്ല താരാട്ട് പാട്ടുകൾ മലയാള സിനിമകളിൽ ഉണ്ട്. 90 കളിലെ ഞങ്ങളുടെ കുട്ടിക്കാലത്ത്, അച്ഛൻ ടേപ്പ് റെക്കോർഡറിൽ പ്ലെ ചെയ്തിരുന്ന പ്രേം നസീറിനെ കാലത്തെ മലയാളം പാട്ടുകൾ ഇന്നും മനസ്സിൽ മുഴങ്ങാറുണ്ട്. ആ കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ടതായി ഇന്നും കേൾക്കുന്ന ഒരു പാട്ടാണ് ‘മലർകൊടിപോലെ മണ്ണിൻ മടിമേലെ എന്ന ഗാനം’. എസ് ജാനകിയുടെയും യേശുദാസിന്റെയും ശബ്ദത്തിൽ ഈ ഗാനം രണ്ടു വേർഷനുകളിൽ ലഭ്യമാണ്. പാട്ടിന്റെ വരികളും അതിലെ ഈണവും ഗായകരുടെ ശബ്ദവും മറ്റും ചേർന്ന് മനോഹരമായ ഒരു ആസ്വാദന അനുഭവം സൃഷ്ടിക്കുന്നു. 1977-ലെ ശ്രീകുമാരൻ തമ്പിയുടെ വിഷുക്കണി എന്ന സിനിമയിൽ നിന്നുള്ള ഈ ഗാനത്തിന്റെ വരികളിൽ മാതൃത്വത്തിന്റെ അതിഭാവുകത്വങ്ങൾ ഒന്നും കാണുന്നില്ല. സർവ്വം സഹയായി ആത്മത്യാഗം ചെയ്ത് അമ്മയുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന മാതൃ സങ്കല്പങ്ങൾ ഒന്നും ഇതിൽ കാണാൻ കഴിയില്ല. പാട്ടുകളുടെ വരികളുടെ അർത്ഥങ്ങളിലേക്ക് ചെല്ലുന്ന ആസ്വാദകർക്ക് അറിയാം, ഒട്ടു മിക്ക താരാട്ട് പാട്ടുകളിലും അമ്മ എന്നത് ഒരു മഹത് ബിംബമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് എന്നത്. ഇതിനു വിപരീതമായി, ഒരു കുഞ്ഞിനെ സാധാരണമായി താലോലിക്കുന്നതും ആ ബന്ധത്തിൽ നിന്നുണ്ടാകുന്ന സ്നേഹാനുഭൂതികൾ പങ്കുവയ്ക്കുന്നതുമായ വരികളാണ് ഈ പാട്ടിൽ ഉള്ളത്. മാത്രമല്ല കുഞ്ഞു വളർന്നു കഴിയുമ്പോൾ പലതും ആവണം എന്ന നിർബന്ധങ്ങൾ ഒന്നും വരികളിൽ ഇല്ല.
ഒരുപക്ഷേ അധികമാരും കേട്ടിട്ടില്ലാത്ത ഒരു ഗായികയാണ് കല്യാണി മേനോൻ. പതിറ്റാണ്ടുകളായി മലയാള പിന്നണി ഗാനരംഗത്ത് സജീവമായ സ്വരമാണ് ഇവർ. ഇവരുടെ ശബ്ദത്തിൽ ഉള്ള രണ്ട് സിനിമ പാട്ടുകൾ ഇവിടെ പരിചയപ്പെടുത്താം. രണ്ടും എനിക്ക് ഏറെ പ്രിയപ്പെട്ടവയാണ്. 2003 ൽ ഇറങ്ങിയ മുല്ലവള്ളിയും തേന്മാവും എന്ന സിനിമയിലെ ‘നിനക്കും നിലാവിൽ കുളിക്കും പുഴയ്ക്കും ഇന്നമ്മയായ് തീർന്നതൻ പുണ്യം’ എന്ന ഗാനം ഇഷ്ടപ്പെടാൻ കാരണം ഗായികയുടെ ആലാപന മാധുരി തന്നെയാണ്. വരികൾ അത്രയേറെ സൗന്ദര്യാത്മകം അല്ലെങ്കിൽ പോലും, നമ്മൾ എപ്പോഴും പറയുന്ന ‘ഫീൽ’ ഈ പാട്ടിൽ നല്ലതുപോലെ ഉണ്ട്. ചില ദിവസങ്ങളിൽ ലൂപ് ആയി കേട്ടുകൊണ്ടിരിക്കാറുണ്ട്; എത്ര കേട്ടാലും മതിവരാത്ത ഗാനം തന്നെ.
2008 പുറത്തുവന്ന ലാപ്ടോപ്പ് എന്ന മലയാള സിനിമയിലും കല്യാണി മേനോൻ പാടിയ ഒരു താരാട്ട് പാട്ട് ഉണ്ട്. ‘ജലശയ്യയിൽ തളിരമ്പിളി’ എന്ന് തുടങ്ങുന്ന ഗാനവും ഗായികയുടെ ശബ്ദമാധുര്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒന്നാണ്. ‘ നിൻ മിഴി പൂക്കൾ ആകവേ ചിമ്മിയോമനെ നോക്കവേ പുലരി വെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ’ എന്നു പോകുന്ന റഫീഖ് അഹമ്മദിന്റെ വരികളും കല്യാണി മേനോന്റെ ആലാപനവും ചേർന്ന് ആസ്വാദകർക്ക് നല്ല അനുഭവം സമ്മാനിക്കുന്നു. (ഈ സിനിമയിലെ ‘മെയ് മാസമേ നിൻ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ’ എന്ന ഗാനവും വളരെ മനോഹരമാണ്. ശ്രീവൽസൻ ജെ മേനോൻ ആണ് പാട്ടുകൾക്ക് ഈണം പകർന്നിട്ടുള്ളത്. വളരെ സ്ലോ ആയ പാട്ടുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമയിലെ പാട്ടുകൾ എല്ലാം ഇഷ്ടമാവാൻ സാധ്യതയുണ്ട്.)
താരാട്ടു പാട്ടുകളിലെ മറ്റൊരു സ്ഥിരം ശബ്ദ സാന്നിധ്യമാണ് വാണി ജയറാം. ഇവർ പാടിയ പുലിമുരുകൻ (2016) എന്ന സിനിമയിലെ ‘മാനത്തെ മാരിക്കുറുമ്പേ’ എന്ന ഗാനത്തിനും വരികൾ എഴുതിയത് റഫീഖ് അഹമ്മദ് ആണ്. ‘Epic Fantasy’ ഇനത്തിൽ പെടുന്ന ഈ സിനിമയ്ക്ക് വളരെ ഗംഭീരമായ ഒരു ‘intense emotional start’ ആണ് ഈ ടൈറ്റിൽ സോങ് കൊടുക്കുന്നത്. ‘മാനത്ത് രാകിപ്പാറി കണ്ണെറിയും ചെമ്പരുന്തേ… വീഴല്ലേ നിന്റെ നിഴലെൻറെ കുഞ്ഞുകുഞ്ഞാറ്റകൾ ഒറ്റയ്ക്കാണെ… മുത്തപ്പൻ മാരിതേവേ ചാവിന്മേൽ തീണ്ടിച്ചതിച്ചേ…’; റഫീഖ് അഹമ്മദ് വേറെ ലെവൽ (ഇദ്ദേഹത്തിന്റെ വരികളെ പറ്റി അടുത്ത ബ്ലോഗ് എഴുതാമെന്ന് വിചാരിക്കുന്നു😁).
എസ്. ജാനകി- ONV- ഇളയരാജ എന്ന ഐതിഹാസികമായ കൂട്ടുകെട്ടിൽ പിറന്ന ‘തുമ്പി വാ തുമ്പക്കുടത്തിൻ…’ ഒരു എവർഗ്രീൻ ഗാനമാണ്. ജാനകിയമ്മയുടെ ചടുലമായ സ്വരത്തിലെ ജീവൻ തുടിക്കുന്ന സംഗീതം ഏതൊരാളുടെയും പോയ മൂഡിനെ തിരിച്ചുകൊണ്ടുവരാൻ കഴിവുള്ളതാണ്. മന്ത്രത്താൽ പായുന്ന കുതിരയെ കൺമുന്നിൽ കാണാനും അതിനോടൊപ്പം പല ലോകങ്ങളിലേക്കും പോകാനും ഒക്കെ ഈ പാട്ടു മതി.
കെ എസ് ചിത്രയുടെ ‘രാരീരാരീരം രാരോ’ എന്ന പാട്ട്
ഒന്നു മുതൽ പൂജ്യം വരെ (1986) എന്ന സിനിമയ്ക്ക് വേണ്ടി ഒഎൻവി കുറുപ്പ് വരികൾ എഴുതി
മോഹൻ സിത്താര ഈണം പകർന്നതാണ്. സന്ദർഭത്തിന് അനുയോജ്യമായ വരികളും അപാര ഫീലും ഈ പാട്ടിന്റെ
പ്രത്യേകതകളാണ്.
എന്റെ സൂര്യ പുത്രിക്ക് (1991) എന്ന സിനിമക്ക് വേണ്ടി ബിച്ചു തിരുമല എഴുതി ഇളയ രാജ സംഗീതം ഇട്ട ‘ആലാപനം തേടും തായ്മനം’ എന്ന പാട്ട് സുശീലയും കെ. എസ്. ചിത്രയും ചേർന്ന് പാടിയതാണ്. വരികളും സ്വരങ്ങളും ഈണവും എല്ലാം ഒന്നിനൊന്നു കേമം: ആകെ ഒരു ഫീൽ ഗുഡ് പാട്ട്.
കേൾക്കാൻ രസമുള്ള മറ്റൊരു ശബ്ദമാണ് ജി. വേണുഗോപാൽ. മൂന്നാം പക്കം (1988) എന്ന സിനിമയിലെ ‘ഉണരുമീ ഗാനം’ എന്ന പാട്ട് എന്നും മലയാളി മനസ്സിൽ സൂപ്പർ ഹിറ്റ് ആണ്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഇളയരാജ ഈണം പകർന്നിരിക്കുന്നു. പദ്മരാജൻ സിനിമയിലെ സന്ദർഭത്തിനു യോജിച്ച വരികളും തിലകന്റെ അഭിനയവും എല്ലാം ഈ പാട്ടിനോടുള്ള ഇഷ്ടം കൂട്ടുന്നു. വേണുഗോപാലിന്റെ ആലാപനവും. (ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയിലെ ‘രാരീ രാരീരം’ എന്ന പാട്ടിന്റെ പുരുഷ ശബ്ദവും അദ്ദേഹം തന്നെ. പൂക്കാലം വരവായി (1991) എന്ന സിനിമയിലെ ‘ഏതോ വാർമുകിലിൻ കിനാവിലെ’ എന്ന ഗാനവും ജി ആണ് പാടിയിട്ടുള്ളത്. ദിവസവും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ടുകളിൽ ഒന്നാണ് ഇത്.)
മംഗളം നേരുന്നു (1984) എന്ന സിനിമയിൽ കൃഷ്ണചന്ദ്രൻ പാടിയ ‘അല്ലിയിളം പൂവോ’ എന്ന പാട്ട് എഴുതിയത് ആർ. ഡി. രാജേന്ദ്രൻ, ഈണമിട്ടത് ഇളയരാജ. എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണിത്.
ദേശാടനം (1996) എന്ന സിനിമയിൽ കൈതപ്രം എഴുതി ഈണം പകർന്ന് സുജാത പാടിയ ‘എങ്ങനെ ഞാൻ ഉറക്കേണ്ടു, എങ്ങനെ ഞാൻ ഉണർത്തേണ്ടു’ എന്ന ഗാനം ദൂരദർശന്റെ ചിത്രഗീതം പരിപാടിയിൽ സ്‌ഥിരം കേട്ടിരുന്നു. അതുകൊണ്ടു തന്നെ കുട്ടിക്കാല നൊസ്റ്റു ഉണർത്തുന്ന ഒരു പാട്ടാണ് ഇത്. ഈ പാട്ടിലെ രംഗങ്ങളും മനസ്സിൽ പതിഞ്ഞവയാണ് ; കുട്ടികളുടെ കുസൃതികളും 90s വീടുകളിലെ രസങ്ങളും ഒക്കെ അതിലുണ്ട്.
ഇനി എനിക്ക് ഒട്ടും താൽപ്പര്യം ഇല്ലാത്ത കുറച്ചു പാട്ടുകളെ പറ്റിയും പറയാം. പപ്പയുടെ സ്വന്തം അപ്പൂസ് (1992) എന്ന സിനിമയ്ക്ക് വേണ്ടി ബിച്ചു തിരുമല വരികൾ എഴുതി ഇളയരാജ ഈണം പകർന്ന് എസ് ജാനകി പാടിയ ഒരു പാട്ട് (ഏതാണെന്നു ഓർത്തു നോക്കു 😁), എന്തുകൊണ്ടോ കുട്ടിക്കാലം മുതൽ തീരെ ഇഷ്ടമല്ല. കഥാ സന്ദർഭമോ വരികളുടെ രസചേർച്ച ഇല്ലായ്മയോ എന്തെന്നറിയില്ല കാരണം. കേട്ടു മടുത്തതു കൊണ്ട് ഇഷ്ടമാകാതെ പോയ മറ്റൊരു പാട്ടാണ് ‘ഉണ്ണി വാവാവോ’ എന്ന ‘സാന്ത്വന’ത്തിലെ (1991) കെ എസ് ചിത്രയുടെ പാട്ട്. കുട്ടിക്കാലത്തെ അന്താക്ഷരി വേദികളിൽ ‘ഉ’ വരുമ്പോൾ അമേച്വർ ഗായകർ തലങ്ങും വിലങ്ങും പാടിയിരുന്ന ‘ഉണ്ണി വാവാവോ’, ആ കാരണം കൊണ്ട് തന്നെയാണ് ഇഷ്ടമില്ലാ പാട്ടുകളുടെ പട്ടികയിൽ പെട്ടത്. വരികളുടെ സുഖമില്ലായ്മ കൊണ്ട് രസിക്കാതെ പോയ ഒരു പാട്ടാണ് ‘താമര കണ്ണൻ ഉറങ്ങേണം’ (സിനിമ: വാത്സല്യം (1993), വരികൾ: കൈതപ്രം, സംഗീതം: എസ്. പി. വെങ്കടെഷ്). ‘അച്ഛനെ പോലെ വളരേണം, അമ്മക്ക് തണലായി മാറേണം’ എന്ന് തുടങ്ങി കുട്ടിയുടെ മേലെ അമിത പ്രതീക്ഷകളുടെ ഭാരം കെട്ടി വെക്കുന്ന ഈ പാട്ട്, ചിലപ്പോഴൊക്കെ താരാട്ട് പാട്ടുകളുടെ രസ ചരട് മുറിച്ചു കേറി വരാറുണ്ട്. ഓ. എൻ. വി. എഴുതി എം. ജയചന്ദ്രൻ ഈണമിട്ട് മൃദുല വാരിയർ പാടിയ ‘ലാലീ ലാലീ’ എന്നൊരു പാട്ടുണ്ട്. ബ്ലസിയുടെ കളിമണ്ണ് (2013) ആണ് സിനിമ. കേട്ടു മടുത്തിട്ടാണോ, വിഷ്വൽസ് രസമില്ലാഞ്ഞിട്ടാണോ എന്തോ, ഈ പാട്ട് ചിലപ്പോഴെങ്കിലും വളരെ അരോചകം ആയി തോന്നിയിട്ടുണ്ട്.
അവസാനിപ്പിക്കുന്നതിനു
മുൻപ് ഒന്ന് പറയട്ടെ, ഏതൊരു പാട്ടിനെയും ഇഷ്ടമുള്ളതാക്കുന്നത് നമ്മുടെ അനുഭവങ്ങളും
തോന്നലുകളും മറ്റു പേർസണൽ ആയ ഘടകങ്ങളുമാണ്. അതുകൊണ്ട് ഇവിടെ കുറിച്ചിട്ടത് എല്ലാം വ്യക്തിപരമായ അഭിപ്രായങ്ങൾ
മാത്രമാണ്. വിയോജിപ്പുകൾ സ്വീകരിക്കുന്നു.
Happy listening!
https://youtu.be/5Y81ltayukA?si=t60TnoxMKFsqj7
https://youtu.be/FsSdJz_t97c?si=yoxC3lKRupCGSgqH
https://youtu.be/WnE0K2xuSLQ?si=I6QjPOMB4RQDwOcP
https://youtu.be/f2wlxxfxWyk?si=EQhYnHLrmN8eJzmE
https://youtu.be/THYRGtOnRNA?si=VS-3-SdTK1IXeHvx
https://youtu.be/BtAoUN0-yxg?si=QOszpVp07O6bIVgf
https://youtu.be/rCR97gqmIz4?si=YDYKBvGiardk7MFz
https://youtu.be/Jw_8xIIHFyU?si=CnbTygVFTcd0WW_Q
https://youtu.be/fR_49-8C1mE?si=13sUDVLK7fOqmxJ2
https://youtu.be/bEtLe2Ujptk?si=MbCt4nA8RrImY6dR
https://youtu.be/XdqMLAMb3kw?si=OSOlE3HnU41CTUMG
https://youtu.be/ojq1lfuzcjg?si=7lDiTyRTfgv3sIUq
https://youtu.be/VBrEXIrvm8I?si=VdvRKYT-DN5VjP8a
https://youtu.be/pH4rCGhxB5U?si=TpqbFBr8-V2zQSiY
https://youtu.be/akhTmAt_TAg?si=dtlNwgYiKsEstHxH
Renjitha. K. R
Head & Assistant Professor of English
Al Shifa College of Arts and Science, Keezhatttur,
Perinthalmanna
Comments
Post a Comment