കാത്തിരിപ്പ്
നമ്മൾ ഓരോരുത്തരും ജീവിതത്തിൽ എന്തെങ്കിലുമൊന്നിനായി കാത്തിരിക്കുന്നവരാണ്. ചിലർ പ്രിയപ്പെട്ടവരുടെ വരവിനായി, ചിലർ പരീക്ഷാഫലത്തിനായി, ചിലർ ഒരു ജോലിക്കായി, മറ്റുചിലർ മാസാവസാനത്തെ ശമ്പളത്തിനായി. അങ്ങനെ നോക്കുമ്പോൾ ജീവിതം തന്നെ പല കാത്തിരിപ്പുകളുടെ കൂട്ടായ്മയാണ്.
പക്ഷേ, ഞാൻ ഇവിടെ പറയാൻ പോകുന്നത് പ്രണയത്തിന്റെയോ, ജോലിയുടെയോ, പണത്തിന്റെയോ കാത്തിരിപ്പിനെക്കുറിച്ചല്ല. ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് എനിക്കുമൊപ്പം ഓരോ ദിവസവും യാത്ര ചെയ്യുന്നവരുടെ, എന്റെ സഹപ്രവർത്തകരുടെ, അതിലും പ്രധാനമായി എന്റെ സ്വന്തം ജീവിതത്തിന്റെ ഭാഗമായി മാറിയ ഒരു പ്രത്യേക കാത്തിരിപ്പിനെക്കുറിച്ചാണ് —
ബസിനുവേണ്ടിയുള്ള കാത്തിരിപ്പാണ്.
രാവിലെ 7.30 മുതൽ തന്നെ ആ കാത്തിരിപ്പ് തുടങ്ങു: വീട്ടിൽ നിന്ന് വണ്ടൂരിലേക്ക്, പിന്നീട് കെ. എസ്. ആർ. ടി. സി യും പിടിച് പാണ്ടിക്കാട് എത്തുന്നതുവരെ ഒരു യാത്ര, അവിടെ എത്തിയാൽ കോളേജ് ബസിനായി മറ്റൊരു കാത്തിരിപ്പ്. കുറച്ചുനേരം നിൽക്കാമെന്ന് കരുതും, പക്ഷേ സമയം നീളുന്തോറും കാലുകൾ തളരും. അപ്പോഴാണ് ഷാജി കാക്കയുടെ ബസ് പ്രത്യക്ഷപ്പെടുന്നത്. അന്നേരം ആ ബസ് ഒരു വാഹനമല്ല, രക്ഷകനാണ്!
കോളേജിലെത്തിയാൽ കാത്തിരിപ്പിന് ഒരു ചെറിയ ഇടവേള. പക്ഷേ അതും താൽക്കാലികം മാത്രം. ക്ലാസുകളും ജോലികളും കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ വീണ്ടും ബസ് സ്റ്റോപ്പും കാത്തിരിപ്പും. ആക്കപ്പറമ്പിൽ നിന്ന് നാട്ടിലേക്കുള്ള ബസ്, നാട്ടിലെത്തിയാൽ വീട്ടിലേക്കുള്ള അടുത്ത ബസ് — അങ്ങനെ കാത്തിരിപ്പിന്റെ മറ്റൊരു പരമ്പര.
വീട്ടിലേക്കുള്ള ബസ് കണക്കാക്കിയ സമയത്ത് മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് കോളേജിൽ നിന്ന് ഇറങ്ങാൻ അൽപം വൈകിയാലോ, വഴിയിൽ ഒരു ബസ് മിസ്സായാലോ, അന്നത്തെ യാത്ര മുഴുവൻ താളം തെറ്റും. വീട്ടിലെത്തുക തന്നെ ഒരു വെല്ലുവിളിയായി മാറും. കോളേജിലെ എന്തെങ്കിലും പരിപാടികൾക്കോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താലോ ഇന്ന് കുറച്ചു വൈകി ഇറങ്ങാം എന്ന് വെച്ചാൽ അർഷാ മിസ് ആദ്യം ചോദിക്ക " അയൻ ഇങ്ങൾക്ക് ബസ് ഉണ്ടോന്ന"!.
റംസാൻ മാസത്തിൽ കോളേജ് സമയം നേരത്തെയാക്കിയപ്പോഴും എന്റെ കാത്തിരിപ്പ് കുറഞ്ഞില്ല. 3.30-ന് കോളേജ് കഴിഞ്ഞാൽ, 4.20-നുള്ള ബസ് കിട്ടുമോ എന്ന ആശങ്കയോടെയാണ് യാത്ര. പല ദിവസങ്ങളിലും എനിക്ക് തോന്നാറുണ്ട് — ഞാൻ വണ്ടൂരിൽ എത്തുന്നതിന് രണ്ട് മിനിറ്റ് മുമ്പ് മാത്രം ബസ് പോയിക്കളയാൻ അതിന് പ്രത്യേക താൽപര്യമുണ്ടെന്ന്! പിന്നെ അടുത്ത ബസ് വരുന്ന 5.10 വരെ കാത്ത് വീണ്ടും നീണ്ടുനിൽക്കുന്ന നിമിഷങ്ങൾ.
വേനലിന്റെ ചൂടിലും, നോമ്പിന്റെ ക്ഷീണത്തിലും, ആ കാത്തിരിപ്പിന് കൂടുതൽ ഭാരം തോന്നും. ദിവസത്തിലെ വിലപ്പെട്ട മണിക്കൂറുകൾ ഇങ്ങനെ ബസ് സ്റ്റോപ്പുകളിലായി ഉരുകിപ്പോകുന്നു. മറ്റെന്തെങ്കിലും ചെയ്യാൻ ഉപയോഗിക്കാമായിരുന്ന സമയം, പലപ്പോഴും ഞാൻ ബസിന്റെ വരവും നോക്കി ചെലവഴിക്കുന്നു.
ഒരുപക്ഷേ ജീവിതം തന്നെ ഒരു വലിയ കാത്തിരിപ്പായിരിക്കാം. പക്ഷേ എന്റെ ജീവിതത്തിൽ ആ കാത്തിരിപ്പിന് ഒരു രൂപമുണ്ടെങ്കിൽ, അത് ഒരു ബസിന്റെ രൂപമാണ്.ഓരോ ദിവസവും എന്നെ പരീക്ഷിക്കുകയും, ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്ന ഒരു സാധാരണ ബസ്. 🚌✨
ഞാനടക്കമുള്ള ഒരുപാട് ആളുകളുടെ , കൂടെ ഉള്ളവരുടെ , വിദ്യാർത്ഥികളുടെ ,ജോലിക്കുപോകുന്നവരുടെ , അങ്ങനെ തുടങ്ങി ഒരുപാടുപേരുടെ കഥ ആയിരിക്കും ഇതെന്ന് നിസംശയം പറയാം .
എനിക്ക് പലപ്പോഴും തോന്നും:
"ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഒരാളെയല്ല( അങ്ങനെ ഒരാൾ ഇല്ല 😉), ഒരു ബസിനെയാണ് 😉.
Dilshana A. P.
Assistant Professor of Psychology
Al Shifa College of Arts and Science, Keezhattur, Perinthalmanna.
Comments
Post a Comment