സിദാൻ: തലകുനിച്ച് നടന്നുപോയ ഇതിഹാസം


വീണ്ടുമൊരു ഫുട്ബോൾ ആരവത്തിന് കളമൊരുങ്ങുകയാണ്.തലമുറകൾ ഒരുപാട് മാറിയിരിക്കുന്നു. കളിക്കാരും ടീമുകളും മാറി. എന്നാൽ ഫുട്ബോൾ എന്ന വികാരം ഇന്നും രക്തത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു.

ഗ്രാമവഴികളിലും നഗരവീഥികളിലും ഉയരുന്ന ഫ്ലെക്സ് ബോർഡുകൾ... ആവേശം കൊള്ളിക്കുന്ന വാചകങ്ങൾ... ചായക്കടകളിലെ അവസാനിക്കാത്ത ഫുട്ബോൾ ചർച്ചകൾ... എങ്ങും വീണ്ടും ഒരു ലോകകപ്പിന്റെ ആവേശം നിറഞ്ഞുനിൽക്കുന്നു.അങ്ങനെ ആ ആഘോഷങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി ഒരു പേര് കണ്ണിൽ ഉടക്കിയത്.സിനദിൻ സിദാൻ.

കുട്ടിക്കാലത്ത് എവിടെയോ കേട്ടുമറന്ന അതേ പേര്. "സിദാൻ" എന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തിയത് ചില ചിതറിക്കിടക്കുന്ന ഓർമ്മകളാണ്. അന്നത്തെ ആ രാത്രി, ഫൈനൽ മത്സരം, പെട്ടെന്നുണ്ടായ ഒരു ഹെഡ്ബട്ട്, ഒരു റെഡ് കാർഡ്... ഒടുവിൽ ആ  പരാജയം...


ആരൊക്കെയോ, എവിടെയൊക്കെയോ പറഞ്ഞുകേട്ട ആ സംഭവത്തിന്റെ മങ്ങിയ ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് കയറിവന്നു.

കൗതുകം തോന്നി ഒന്നുകൂടി ആ 2006 ലോകകപ്പ് ഫൈനൽ യൂട്യൂബിൽ പ്ലേ ചെയ്തു.

പക്ഷേ ഇത്തവണ മത്സരം കണ്ടത്  വർഷങ്ങൾക്കുമുമ്പത്തെ ആ ചെറിയ കുട്ടിയായിരുന്നില്ല. കാലം ഒരുപാട് കടന്നുപോയിരുന്നു. ആ കുട്ടിയും മാറിയിരുന്നു. ലോകത്തെ കാണുന്ന കാഴ്ചപ്പാടുകളും മാറിയിരുന്നു, ഒപ്പം ആ രാത്രിയും...


ഒരിക്കൽ വെറും ഒരു ഫുട്ബോൾ മത്സരമായി കണ്ട ആ രാത്രി, ഇന്ന് വീണ്ടും കണ്ടപ്പോൾ അത് മറ്റെന്തോ ആയിരുന്നു.

അത് വെറും ഒരു ഫൈനൽ  മാത്രമായിരുന്നോ?.

അത് മനുഷ്യവികാരങ്ങളുടെ കഥയായിരുന്നില്ലേ?



ലോകം മുഴുവൻ നോക്കിനിൽക്കുമ്പോൾ, തന്റെ കരിയറിന്റെ അവസാന മത്സരത്തിൽ, ലോകകപ്പ് ഉയർത്തിപ്പിടിച്ച് വിടപറയാൻ ആഗ്രഹിച്ച ഒരു ഇതിഹാസത്തിന്റെ കഥ.

കളിക്കളത്തിൽ സിദാൻ എന്നത് വെറും ഒരു ഫുട്ബോൾ താരമല്ലായിരുന്നു. അത് ഒരു വികാരമായിരുന്നു. പന്ത്  കാലിലുണ്ടാകുമ്പോൾ  കളിയെ കവിതയാക്കിയ ഒരു കലാകാരൻ. ഫുട്ബോൾ എത്ര മനോഹരമാകാമെന്ന് ലോകത്തിന് കാണിച്ചുതന്ന മനുഷ്യൻ. ഒരുപാട് ആരാധനക ജനതയുടെ ഒരേയൊരു സിദാൻ..ഫ്രാൻസിലെ തെരുവ് വീഥികളിൽ ഫുട്ബോൾ ഉയരുമ്പോൾ അതിനു പിന്നാലെ കുതിക്കാൻ ഒരു തലമുറക്ക് തന്നെ ആവേശമായി തീർന്ന മനുഷ്യൻ



ആ രാത്രിയിലും എല്ലാം അദ്ദേഹത്തിനുവേണ്ടി എഴുതപ്പെട്ടതുപോലെയായിരുന്നു. ഇറ്റലിക്കെതിരായ ഫൈനലിൽ അദ്ദേഹം നേടിയ ആ പനെങ്ക പെനാൽറ്റി ഇന്നും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ്.

ലോകം മുഴുവൻ ഒരേ സ്വരത്തിൽ പറഞ്ഞിരിക്കണം:

"ഇന്ന് സിദാന്റെ രാത്രിയാണ്."



പക്ഷേ ജീവിതം എല്ലായ്പ്പോഴും മനോഹരമായ തിരക്കഥകൾ പിന്തുടരുന്നില്ല.. അതൊരിക്കലും നമ്മൾ ആഗ്രഹിച്ച വഴികളിലൂടെ യാത്ര ചെയ്തിട്ടില്ല.എക്സ്ട്രാ ടൈമിൽ മാർക്കോ മതെറാസിയുമായുണ്ടായ വാക്കേറ്റത്തിനുശേഷം, സിദാന്റെ ഉള്ളിൽ എന്തോ തകർന്നു. ആ ഒരു നിമിഷം.ഒരു ഹെഡ്ബട്ട്.ഒരു റെഡ് കാർഡ്.

അതിനുശേഷം ലോകം കണ്ടത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ കാഴ്ചകളിലൊന്നായിരുന്നു — ലോകകപ്പ് ട്രോഫിയുടെ അരികിലൂടെ തലകുനിച്ച് ഒറ്റയ്ക്ക് നടന്നുപോകുന്ന സിദാൻ. ആ രാത്രിയുടെ അവസാനത്തിൽ ആ ട്രോഫി കയ്യുകളിൽ ഏറ്റുവാങ്ങി വിജയിയായി നിൽക്കേണ്ട ആ മനുഷ്യൻ ലോകകപ്പിന് അരികിലൂടെ തലകുനിച്ചു പോകുന്ന കാഴ്ച്ച ഫുട്ബോൾ പ്രേമികളെ ഇന്നും അസ്വസ്ഥപെടുത്തുന്നു.


സിദാന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്ന പാഠവും അതാണ്  : ലോകം പലപ്പോഴും ഒരാളുടെ മുഴുവൻ ജീവിതത്തെയും അതിലെ ഏറ്റവും മോശമായ ഒരു നിമിഷം കൊണ്ടാണ് വിലയിരുത്തുന്നത്.



സംഭവത്തിന് ശേഷം ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ സിദാനെ വിമർശിച്ചു. ചിലർ അദ്ദേഹത്തെ വീണുപോയ രാജാവെന്ന് വിശേഷിപ്പിച്ചു.എന്നാൽ സിദാൻ പറഞ്ഞ ഒരു വാക്ക് ഇന്നും ഹൃദയങ്ങളെ സ്പർശിക്കുന്നു:

"ഞാനും ഒരു മനുഷ്യനാണ്. ചില വാക്കുകൾ കേൾക്കാൻ വളരെ ബുദ്ധിമുട്ടാണ്."


ആ വാക്കുകൾ ഫുട്ബോളിനപ്പുറം ഒരു വലിയ സത്യം പറയുന്നു.ഏറ്റവും ശക്തരായ ആളുകൾക്കും ഉള്ളിൽ മുറിവുകളുണ്ട്.അവർ മനസ്സിൽ അടക്കി പിടിക്കുന്ന സംഘർഷങ്ങളുടെ ആഴം ഒരുപക്ഷെ കാഴ്‌ചക്കാർക്ക് അളന്നു തിട്ടപ്പെടുത്താൻ കഴിയാതെ പോയേക്കാം.കാരണം മനുഷ്യർ യന്ത്രങ്ങളല്ല.വികാരങ്ങളുള്ളവരാണ്,ദുർബലരുമാണ്, അപൂർണരുമാണ്...

പുഞ്ചിരിയോടെ നടക്കുന്ന ഒരാൾ ഉള്ളിൽ എത്ര യുദ്ധങ്ങൾ പോരാടുന്നുവെന്ന് നമുക്കറിയില്ല.

ചിലപ്പോൾ ഏറ്റവും വലിയ പ്രതികരണങ്ങൾ വർഷങ്ങളായുള്ള നിശ്ശബ്ദ വേദനകളിൽ നിന്നാണ് ജനിക്കുന്നത്.

അതുകൊണ്ടാണ് സിദാന്റെ ഹെഡ്ബട്ട് ലോകത്തെ ഞെട്ടിച്ചതിനേക്കാൾ കൂടുതൽ വേദനിപ്പിച്ചത്.കാരണം ആ നിമിഷത്തിൽ ആളുകൾ ഒരു ഇതിഹാസത്തിന്റെ തകർച്ചയാണ് കണ്ടത്.



എന്നാൽ കഥ അവിടെ അവസാനിച്ചില്ല.

ആ രാത്രി ഇറ്റലി ലോകകപ്പ് നേടിയെങ്കിലും, ലോകം ഇന്നും വിജയത്തേക്കാൾ കൂടുതൽ ഓർക്കുന്നത് സിദാനെയാണ്.

ആരാധകർ ഇന്നും പറയുന്ന ഒരു വാചകമുണ്ട്:

"ലോകകപ്പ് ഇറ്റലി നേടി... പക്ഷേ കഥ സിദാന്റേതായിരുന്നു."

ഫുട്ബോളിലെ ഏറ്റവും കവിതാത്മകമായ സത്യങ്ങളിലൊന്നാണത്.ചിലപ്പോൾ തോറ്റവരാണ് വിജയികളേക്കാൾ കൂടുതൽ മനുഷ്യരുടെ ഹൃദയങ്ങളിൽ ജീവിക്കുന്നത്.

എന്നാൽ സിദാന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠം പിന്നീട് വന്നു.ഒരു തെറ്റിന് ശേഷം അദ്ദേഹം അപ്രത്യക്ഷനായില്ല.

സ്വയം അവസാനിച്ചുവെന്ന് കരുതിയില്ല.

പിന്നീട് റയൽ മാഡ്രിഡിന്റെ പരിശീലകനായി അദ്ദേഹം വീണ്ടും ഫുട്ബോൾ ലോകം കീഴടക്കി. തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി തന്റെ പാരമ്പര്യം കൂടുതൽ മഹത്തരമാക്കി.

അതാണു യഥാർത്ഥ മഹത്വം.

മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതല്ല. വീണതിന് ശേഷം വീണ്ടും എഴുന്നേൽക്കുന്നതാണ്.

നമ്മിൽ പലരും ഒരു തെറ്റ് ജീവിതം അവസാനിപ്പിക്കുമെന്ന് കരുതുന്നു.

പക്ഷേ സിദാൻ നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ്:

ഒരു നിമിഷം നിങ്ങളെ തകർത്തേക്കാം. എന്നാൽ ആ നിമിഷം നിങ്ങളുടെ മുഴുവൻ ജീവിതത്തെ നിർവചിക്കാൻ അനുവദിക്കരുത്.

കാരണം മനുഷ്യരെ മഹാന്മാരാക്കുന്നത് പൂർണ്ണതയല്ല,തകർന്നതിനുശേഷവും വീണ്ടും ഉയിർത്തെഴുന്നേൽക്കാനുള്ള ധൈര്യമാണ്.

അതുകൊണ്ടാണ് സിനദിൻ സിദാൻ ഇന്നും മറക്കാനാവാത്തവനായി തുടരുന്നത്.

ഒരു ഫുട്ബോൾ ഇതിഹാസമായതുകൊണ്ടു മാത്രമല്ല.മനുഷ്യമനസ്സിന്റെ ഏറ്റവും നിശ്ശബ്ദമായ സത്യങ്ങൾ ലോകത്തെ പഠിപ്പിച്ചതുകൊണ്ടാണ്.ഒരുപക്ഷേ അതുകൊണ്ടാവാം, ആ ഫൈനൽ വീണ്ടും കണ്ടുകഴിഞ്ഞപ്പോൾ മനസ്സിൽ ബാക്കിയുണ്ടായിരുന്നത് ഹെഡ്ബട്ടോ റെഡ് കാർഡോ അല്ല.മറിച്ച് തലകുനിച്ച് നടന്നുപോയ ആ മനുഷ്യനോടുള്ള ഒരു വല്ലാത്ത സ്നേഹമായിരുന്നു.



ആ ഫൈനൽ രാത്രിക്ക് ശേഷം ഒരു മാധ്യമം ഇങ്ങനെ എഴുതി:

"‘സിദാനെ മാതൃകയാക്കുക’ എന്ന് പറഞ്ഞു വളർത്തിയ ഒരു യുവതലമുറയോട് അത് തിരുത്തിപ്പറയേണ്ടി വരുന്ന അവസ്ഥ ഭീകരമായിരിക്കും."

പക്ഷേ, ഇരുപത് വർഷങ്ങൾക്കിപ്പുറം നാം ആ വാചകത്തെ വീണ്ടും വായിക്കുമ്പോൾ, അത് അത്ര ശരിയാണെന്ന് തോന്നുന്നില്ല.

കാരണം ഇന്നും സിനദിൻ സിദാൻ നമ്മുക്കെല്ലാവർക്കും മാതൃകയാകേണ്ട വ്യക്തിത്വം തന്നെയാണ്.

ജീവിതത്തിൽ വീഴ്ചകൾ സംഭവിക്കാം. ചില നിമിഷങ്ങൾ നമ്മെ തകർത്തേക്കാം. എന്നാൽ ആ വീഴ്ചകളെ മറികടന്ന് വീണ്ടും മുന്നോട്ടു നടക്കാനുള്ള ധൈര്യമാണ് ഒരു മനുഷ്യനെ മഹാനാക്കുന്നത്.




Ragi K Haridas 

Assistant Professor of Computer Science,

Al Shifa College of Arts and science, Keezhttur, Perinthalmanna

Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്