ഇന്ത്യയുടെ കണ്ണുനീർതുളളിക്ക് പറയാനുള്ളത്..

 

കഴിഞ്ഞ ദിവസം മലയാളം അധ്യാപകരുടെ ഗ്രൂപ്പിൽ ഒരു മാം ന്റെ പിഎച്ച്ഡിയുടെ ഭാഗമായുള്ള ഒരു സർവ്വേ ഷെയർ ചെയ്യുകയുണ്ടായി. ഒരു ഗൂഗിൾ ഫോം.. 20 ചോദ്യങ്ങളോ മറ്റോ ഉണ്ട്.. മലയാളം സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങൾ.. മലയാള സിനിമ ഇന്ന് എവിടെ എത്തി നിൽക്കുന്നു.. സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ ഉണ്ടാകുന്നുണ്ടോ.. സ്റ്റീരിയോ ടൈപ്പ്ൽ നിന്ന് എത്ര മാറി.. ക്യാമറക്ക് പിന്നിലെ സ്ത്രീ സാന്നിധ്യം.. ഇങ്ങനെ കുറേ ചോദ്യങ്ങൾ ഉണ്ടായിരുന്നു.. കുറച്ചു സിനിമകൾ ഓപ്ഷൻസ് ആയും കൊടുത്തിരുന്നു.. അപ്പഴാണ് ശക്തമായ ഒരു സ്ത്രീ കഥാപാത്രം ഉള്ള മലയാളം സിനിമയെ കുറിച്ച് ഞാൻ ആലോചിച്ചത്.. എന്റെ അറിവിന്റെ പരിമിതി മൂലമോ എന്തോ എന്റെ മൈന്റിൽ അങ്ങനൊരു സ്ത്രീയെ ഇല്ല 😔.. കുറച്ചു കാലമായി ഞാൻ വല്ലാതെ സിനിമകൾ കാണാറും ഇല്ല.. ആ ഫോം രാധിക മിസ്സിന് ഷെയർ ചെയ്യണം എന്ന് ഞാനോർത്തു.. ഡിപ്പാർട്മെന്റ്ൽ ഇത്രയധികം സിനിമകൾ കാണുന്ന വേറെ ആരും ഇല്ല..

ഞാനാ ഫോം ഫില്ല് ചെയ്യുമ്പോ ഓർത്തത്.. ഇതിൽ നിന്ന് ഇവര് എത്തിച്ചേരുന്ന നിഗമനം തീർച്ചയായും മലയാളം സിനിമയിലെ സ്ത്രീകഥാപാത്രങ്ങളുടെ ദൗർലഭ്യം ആയിരിക്കും എന്നാണ്.. മനസ്സിൽ ടി ഡി യുടെ സുഗന്ധി ഇങ്ങനെ മിന്നി മറഞ്ഞു കൊണ്ടേ ഇരുന്നു.. അങ്ങനൊരു കാഴ്ച മലയാളം സിനിമയിൽ ഉണ്ടാകുമോ.. ഉണ്ടെങ്കിൽ ആരായിരിക്കും  സുഗന്ധി എന്ന ആണ്ടാൾ ദേവനായകി…

 

കനവ് തുലൈന്തവൾ നാൻ

കവിതൈ മറന്തവൾ നാൻ

കാരുൻ കരിന്തവൾ നാൻ

കർപ്പ് മുറിന്തവൾ നാൻ'

 

എന്ന സുഗന്ധിയുടെ വരികൾ പോലെ എന്നെങ്കിലും ഒരു സ്ത്രീ ശബ്ദം  തിയേറ്ററിൽ മുഴങ്ങുമോ..

 

ഒരു പെൺപോരാളിയിൻ വാഴ്‌കെകുറിപ്പുകൾ എന്ന പരിൽ സായുധ പോരാട്ടത്തിലൂടെ തമിഴ് ഈഴമെന്ന സ്വപ്‌നം നേടിയെടുക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ വിപ്ലവ പ്രസ്ഥാനം, കൃത്യമായ അച്ചടക്ക ത്തിലും, ആൾബലത്തിലും, സൈനിക ബലത്തിലും ലോകത്തെ തന്നെ ഞെട്ടിച്ച തമിഴ്‌ഈഴംവിടുതലൈപുലികൾ അഥവാ എൽ. ടി. ടി. ഇ( Liberation Tigers of Tamil Eelam - LTTE) എന്ന അടിച്ചമർത്തലുകൾക്കെതിരേയുള്ള ലോകോത്തര മാതൃക മാർക്‌സിയൻ ഫിലോസഫിയിൽ നിന്നകന്ന്, തമിഴ് ഹൈന്ദവദേശീയതയിലേക്കു ചുരുങ്ങുന്ന, ഒരു പരിധിവരെ സ്വേച്ഛാധിപത്യത്തിന്റേയും, അക്രമോത്സുകതയുടേയും മാത്രം തരംതാഴ്ത്തപ്പെട്ട ഇന്നും ലോകത്തിന് അത്രമേൽ സ്വയം വിശ്വസിക്കാനാകാത്ത സത്യങ്ങൾ തുറന്നിടുന്നത്. ഒരുപക്ഷേ തമിഴ് ഈഴ പ്രസ്ഥാനങ്ങളെ വെള്ളപൂശുന്ന

യാഥാസ്ഥിതിക സൃഷ്ടികൾക്കെതിരെ നടത്തുന്ന പൊളിച്ചെഴുത്ത് തന്നെയാകണം ഈ നോവലിന് യാഥാർത്ഥ്യത്തന്റെ ഗന്ധം പകരുന്നതും. പുരുഷമേധാവിത്വത്തിന്റെ രക്തകറപിടിച്ച, തീവ്ര ജനാധിപത്യവിരുദ്ധ മായ പ്രസ്ഥാനത്തിൻ്റെ പുറംപൂച്ചുകൾ പാടെ തകർത്തുകളയാൻ ഒരു സ്ത്രീ തന്നെ മുന്നോട്ടു വരുന്നതിലെ വൈരുദ്ധ്യമാണ് പതിറ്റാണ്ടുകൾക്കു മുൻപ് അത്യന്തം പുരുഷകേന്ദ്രീകൃത ഭരണവ്യവസ്ഥയിൽ

തന്റെതായ വൈഭവം പ്രകടിപ്പിച്ച ദേവനായകി'യുടെ കഥയുമായി ഒരു മിത്തെ ന്നോണം ഇവിടെ കൂടിക്കുഴഞ്ഞു കിടക്കുന്നതും..

 

‘ഭൂരിപക്ഷമാളുകളും മതഭ്രാന്തരോ ഭീരുക്കളോ, സ്വാർത്ഥരോ ആയൊരു സമൂഹത്തിൽ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടുന്നവർ വിഡ്ഢികളായിരിക്കാം. പക്ഷേ, ഞങ്ങൾക്ക് ആ സ്വ‌പ്നത്തിനു വേണ്ടി ജീവൻ ബലികഴിക്കാതിരിക്കാനാവില്ല. കാരണം, സ്വാതന്ത്യ്രത്തേക്കാൾ വലുതായി ഞങ്ങൾക്കൊന്നുമില്ല.'

 

-മീനാക്ഷി രാജരത്തിനം-

 

അടിച്ചമർത്തലിന്റേയും, മനുഷ്യാവകാശധ്വംസന ത്തിൻ്റേയും ഇരകളായി കൊളോണിയൽ ഭരണം കണ്ടും കൊണ്ടും അനുഭവിച്ച ഏതു ജനതയുടേയും അടങ്ങാത്ത സ്വാതന്ത്ര്യ മോഹത്തിൻ്റെ പ്രതിഫലനങ്ങളാണ് ഈ വാക്കുകൾ. സ്വാതന്ത്യ്രത്തിന് സ്വത്വമെന്നും, അസ്തിത്വമെന്നുകൂടിയും വിശദീകരണങ്ങളുണ്ടെന്നിരിക്കെ സ്വന്തം മണ്ണിൽ അടിമകളായി ഭീരുക്കളെപ്പോലെ കഴിയേണ്ടിവന്ന ദേശങ്ങളുടേയും അവിട ങ്ങളിൽ നടന്ന പിൻകാല സ്വാതന്ത്ര്യ പോരാട്ടങ്ങളുടേയും ഒട്ടനവധി ചരിത്രമുണ്ട്… എന്നാൽ..

കൊളോണിയൽ ഭരണം അവശേഷിപ്പിച്ചുപോയ ഭിന്നിപ്പിച്ച് ഭരിക്കലിന്റെ വിഴുപ്പ് ചുമന്നുകൊണ്ട് വംശീയതയും, വർഗീയതയും നീറിപ്പുക യുന്ന കഥകളും പുതിയതല്ല..അവയിൽ കേട്ടുപഴകിയ സമൂഹമനസാക്ഷിയെ ഞെട്ടിച്ച ചിലതുകളിൽ ഒന്നാണ് 'ഇന്ത്യയുടെ കണ്ണീർതുള്ളി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്നും ചോര ചിന്തുന്ന ശ്രീലങ്കൻ ദ്വീപ്. സിംഹളതമിഴ് കലാപങ്ങളും, തമിഴ് ഈഴം വിഴുതലൈ പുലികളുമെല്ലാം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലും അവിസ്‌മരണീയമായ ഒരേടാണ്. യാഥാർത്ഥ്യത്തിന്റേയും ഭാവനയുടേയും ഇഴചേർന്നുണ്ടാക്കിയ തമിഴ്പുലികളുടേയും, ശ്രീലങ്കൻ സർക്കാരിൻ്റേയും, സിംഹളവെറിയുടേയും അനവധിയായ കഥകൾക്കും, ഡോക്യുമെൻ്ററികൾക്കും ഇടയിലാണ് വർത്തമാനകാല രാഷ്ട്രീയവും, ഭൂതകാല മിത്തും കൂട്ടിയിണക്കി ടി.ഡി.രാമകൃഷ്ണൻ 'സൃഷ്ടിച്ച' സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ വേറിട്ട് നിൽക്കുന്നത്. പാണ്ഢ്യ സിംഹള യുദ്ധ വെറികൾ സൃഷ്ടിച്ച ദേവനായകി എന്ന കഥാപാത്രം പിൻകാല സിംഹ്‌ള തമിഴ് വർഗീയ വെറിയുടെ ബാക്കിപത്രമായി നിലനിന്നു പോന്ന സകലമാന പുരുഷാധിപത്യത്തിനും യുദ്ധവെറികൾക്കും മേൽ ഏറ്റ കനത്ത പ്രഹരമായാണ് നോവലിലുടനീളം നിലനിൽക്കുന്നത്..

 

“No more tears sister" എന്ന തലക്കെട്ടോടെ ഇയക്കത്തിൻറേയും അമൈദിയുടേയും ആയുധങ്ങൾക്കുനേരെ നിരായുധയായി പോരാടി വീരചരമം പ്രാപിച്ച ഡോ. രജനി തിരഗണഗാമയ്ക്ക് സമർപ്പിക്കപ്പെട്ട നോവൽ അതിന്റെ തുടക്കം മുതലേ വിശ്വസിച്ചുപോന്ന തമിഴ്‌പുലിപ്രസ്ഥാനത്തിനും, ഒരുപരിധിവരെ ക്രൂരതയുടെ പര്യായമായി ലോകത്തിനു മുന്നിൽ പ്രതിഷ്ഠിക്കപ്പെട്ട ശ്രീലങ്കൻ ഭരണകൂടത്തിനും നേരെ തൊടുക്കപ്പെട്ട കാലത്തിൻ്റെ അമ്പുകളായാണ് അവ തരിപ്പിക്കപ്പെട്ടത്. നമുക്കിടയിലൊരു കടലും, കടലിനപ്പുറത്തെ ശ്രീലങ്ക എന്ന കൊച്ചു രാജ്യവും, അവിടെ എന്ത് നടന്നാലും നമുക്കൊന്നുമില്ലെന്ന നിസ്സംഗതയുമാണ് നോവലിനാധാരം എന്നും, ഇത് ശ്രീലങ്കൻ തമിഴ് വിമോചനപ്പോരാട്ടത്തിൻ്റെ ചരിത്രമല്ല എന്നും നോവലിസ്റ്റ് ആമുഖമായി പറയുന്നുണ്ട്. എങ്കിലും നാമറിയാതെതന്നെ നരഹത്യയുടേയും, വംശീയ വിദ്വേഷത്തിൻ്റെ യും ഇനിയും അടങ്ങിയിട്ടില്ലാത്ത തീ ചൂളയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ നോവലിസ്റ്റിനു സാധിച്ചു എന്നതാണ് ഈ നോവലിനെ അത്രമേൽ മനോഹര മാക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് കൊടുംകുറ്റവാളികളെ പാർപ്പിക്കുന്നതി നായി പണികഴിപ്പിച്ച് പിന്നീട് 'അപക ടകാരികളായ പുലികളെ' ശാരീരികമായും, മാനസികമായും പീഡിപ്പിക്കാനും പാർപ്പിക്കാനുമുള്ള പ്രാർത്ഥനാമുറികളും അടങ്ങിയ ഡിപി എന്ന ഡിവൈൻ പോൾ അവിടത്തെ ചില അസ്വാഭാവികമായ പീഡനമുറകൾ, എല്ലാംതന്നെ തുടക്കത്തിലേ വിവരിക്കുന്നതിലൂടെ സ്വന്തം ആത്മാഭിമാനം ഒന്നിന്റെ പേരിൽ മാത്രം ഓരോ ശ്രീലങ്കൻ തമിഴരും കടന്നുപോകേണ്ടിവരുന്ന യാതനകളുടെ ചെറുവിവരണം തന്നെ നൽകുന്നുണ്ട്..

 

 

വളരെയധികം കേൾവികേട്ട കുലശേഖര സാമ്രാജ്യത്തിൻ്റെ കാന്തള്ളൂർശാലയിൽ മഹാരാജാവ് മഹേന്ദ്രവർമ്മന്റെ എട്ടാമത് പട്ടമഹിഷിയും അതിലുപരി രാജ്യതന്ത്രത്തി യും, പാണ്ഡിത്യത്തിലും കാര്യപ്രാപ്തിയിലും രാജാവിനോളം പോന്ന ദേവനായകി എന്ന ആണ്ടാൾ ദേവനായകി..അവളുടെ കാകവർണ്ണ സൗന്ദര്യത്തിനുമപ്പുറം ദേവനായകി എന്ന രാഷ്ട്രതന്ത്രജ്ഞയുടെ സത്യം വിളിച്ചുപറയാനുള്ള മനോവീര്യത്തിന്റെ,പ്രതിസന്ധികൾക്കതീതമായി ഉയർന്നു നിൽക്കാനുള്ള ആർജ്ജവത്തിൻ്റെ, അവൾ കടന്നു പോന്നു എന്ന് വിശ്വസിക്കപ്പെടുന്ന പൈശാചിക പീഡനങ്ങളുടെ നേർക്കാഴ്ച‌യാണ് നോവലിസ്റ്റ് പിന്നീടങ്ങോട്ട് തുറന്നിടുന്നത്..

 

ഏറ്റവും ഒടുവിൽ,.  ഓരോ യുദ്ധവും പെണ്ണിനെതിരെയുള്ള യുദ്ധങ്ങളാണ്. കാരണം യുദ്ധങ്ങളിൽ മാനസികമായും, ശാരീരികമായും, ലൈംഗികമായും പീഡി പ്പിക്കപ്പെടുന്നത്, വെറും ഉടൽ മാത്രമായി ചുരുങ്ങിപ്പോകുന്നത് അവൾമാത്രമാണ്. വംശീയതയുടേയും, ദേശീയതയുടേയും, ജാതിവെറിയുടേയും പേരുകൾ ചാർത്തി വിളിക്കപ്പെട്ടാലും സേച്ഛാധിപത്യത്തിന്റെ മുഖം പേറിയ ഓരോ കലാപവും ഒടുവിൽ ബാക്കിയാക്കുന്നത് അനാഥയാക്കപ്പെട്ട, പലവുരു ഉപയോഗിക്കപ്പെട്ട് നിലനിൽ പ്പുപോലും മറന്നുപോയ സ്ത്രീകളെയാണ്. അവിടെയാണ് സ്വന്തം മുലകൾ അരിയപ്പെട്ടിട്ടും പ്രതികാരദേവതയായി ഉയർന്നുവന്ന ദേവകിയും, ഇരുകൈകളും ഛേദിക്കപ്പെട്ടിട്ടും ഒറ്റയ്ക്ക് കാറോടിച്ചു വന്ന് ഒരു സ്ഫോടനത്തിൻ്റെ പുകച്ചുരുളിൽ ആകാശത്തേക്ക് പറന്നുയർത്തപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന സുഗന്ധിയും, വെടിയുണ്ടകൾ നിശബ്ദമാക്കിയ രജനിയും ഐക്കണുകളായിതന്നെ നിലനിൽക്കുന്നത്..

 

സാമ്രാജ്യം നിലനിർത്താൻ ഓരോ സ്വേച്ഛാധിപതിയും എന്നും കരുവാക്കിയത് സ്ത്രീകളെയായിയിരുന്നു എന്നത് സമൂഹം ഇന്നും പറയാതെ പറയുന്ന സത്യമാണ് എന്ന് ഈ നോവൽ തുറന്നു കാട്ടുന്നു..ശ്രീലങ്കൻ ഭരണകൂടവും തികച്ചും വ്യത്യസ്തമല്ലെന്നും, first rape then question എന്ന നിയമത്തിന്റെ ധ്വനികളും ക്രൂരപീഡന സാമഗ്രികളുടെ നീണ്ട ലിസ്റ്റും, പെൺപുലികളുടെ ശൗര്യം കെടുത്താൻ 'സിംഹത്തിൻ്റെ' കുഞ്ഞുങ്ങളെ പേറി പെറ്റു വളർത്തുക എന്ന ക്രൂരവിനോദവും അവിടെ ആവർത്തിച്ചു പോരുന്നു എന്ന സത്യവും കൂടിയാണ് ടി.ഡി.രാമ കൃഷ്ണൻ എന്ന എഴുത്തുകാരൻ അതിശയോക്തികൾ ഒന്നുമില്ലാതെ വായന ക്കാരുടെ മുൻപിൽ അവതരിപ്പിക്കുന്നത്..

 

സ്ത്രീകൾ ചരിത്രത്തിൻ്റെ വിധാതാക്കളാകുന്നതിൻ്റെ അപൂർവ്വവും, അസാധാരണവുമായ സൃഷ്ടിയാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.

 

'കനവ് തുലൈന്തവൾ നാൻ

 കവിതൈ മറന്തവൾ നാൻ

കാരുൻ കരിന്തവൾ നാൻ

കർപ്പ് മുറിന്തവൾ നാൻ'

 

എന്ന സുഗന്ധിയുടെ വരികൾ ഒരു മുഴക്കമായല്ല, ഒരസ്ത്രംകണക്കേ തറച്ചുകയറുന്നത് ഹൃദയത്തിലേക്കുത ന്നെയെന്നതിൽ സംശയമേതുമില്ല..

ഇത്തരം ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ എന്നെങ്കിലും മലയാളിക്ക് കാണാനാകുമോ.. കാത്തിരിക്കാം..



Febeena K. 

Assistant Professor of Malayalam

Al Shifa College of Arts and Science, Keezhattur, Perinthalmanna

 

 

Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്