സ്നേഹസ്പർശം
ചില സ്ഥലങ്ങളുണ്ട്... ഒരിക്കൽ അവിടെ പോയാൽ പിന്നെ
മനസ്സിൽ നിന്ന് മായില്ല. എത്ര തവണ പോയാലും ഓരോ സന്ദർശനവും നമ്മളെ എന്തെങ്കിലും പുതുതായി
പഠിപ്പിച്ചുകൊണ്ടേയിരിക്കും. എന്റെ ജീവിതത്തിൽ അങ്ങനെയൊരു സ്ഥലമാണ് ഒറ്റപ്പാലത്തിനടുത്തുള്ള
ലക്കിടിയിലെ പോളി ഗാർഡൻ.
പലതവണ അവിടെ പോകാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
പക്ഷേ ഓരോ തവണയും അവിടെ നിന്ന് മടങ്ങുമ്പോൾ മനസ്സ് ഒരുപാട് ചിന്തകളാൽ നിറയും. കണ്ണുകൾ
അറിയാതെ നനയും.
പോളി ഗാർഡൻ ഒരു സ്ഥാപനം മാത്രമല്ല. പല കാരണങ്ങളാൽ
ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ മനുഷ്യർക്ക് സ്നേഹവും കരുതലും നൽകുന്ന ഒരു വീടാണ് അത്.
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന നിരവധി പേരാണ് അവിടെയുള്ളത്. ചിലർക്ക്
ബന്ധുക്കളുണ്ടെങ്കിലും കൂടെയിരിക്കാൻ ആരുമില്ല. ചിലരെ വീട്ടിലെ സാഹചര്യങ്ങൾ അവിടെ എത്തിച്ചു.
ഓരോരുത്തരുടെയും ജീവിതത്തിന് പറയാൻ ഓരോ കഥകളുണ്ട്. ആ കഥകൾ കേൾക്കുമ്പോൾ, നമ്മൾ വലിയ
പ്രശ്നങ്ങളായി കരുതുന്ന പല കാര്യങ്ങളും എത്ര ചെറുതാണെന്ന് തിരിച്ചറിയും.
അവിടെ കേട്ട ഒരു ജീവിതകഥ ഇന്നും മനസ്സിൽ മായാതെ
നിൽക്കുന്നു. ഒരു അപകടത്തെ തുടർന്ന് വീൽചെയറിലായ ഒരാൾ. കുടുംബമുണ്ടായിട്ടും സാഹചര്യങ്ങൾ
അദ്ദേഹത്തെ ഒടുവിൽ പോളി ഗാർഡനിലെത്തിച്ചു. ഇന്ന് അദ്ദേഹത്തെ ചേർത്തുപിടിക്കുന്നതും
കരുതുന്നതും അവിടെയുള്ളവരാണ്. ആ കഥ കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി—ചിലപ്പോൾ രക്തബന്ധങ്ങളെക്കാൾ
വലിയതാണ് മനുഷ്യസ്നേഹം.
എന്നാൽ അവിടെയുള്ളവരെ കാണുമ്പോൾ എനിക്ക് തോന്നിയത്
സഹതാപമല്ല, ആദരവാണ്. കാരണം അവർ ഓരോരുത്തരും പലവിധ കഴിവുകളുടെ ഉടമകളാണ്
എല്ലാവരിലും ഞാൻ കണ്ട ഏറ്റവും വലിയ കഴിവ് നിഷ്കളങ്കമായി
സ്നേഹിക്കാൻ കഴിയുന്ന മനസ്സാണ്. അതുകൊണ്ടുതന്നെ 'ഭിന്നശേഷി' എന്ന വാക്കിന് എനിക്ക്
മറ്റൊരു അർഥം ലഭിച്ചു. അവർക്ക് കഴിവുകൾ കുറവല്ല; നമ്മിൽ നിന്ന് വ്യത്യസ്തമായ കഴിവുകളാണ്.
ഈ സ്ഥാപനം മുന്നോട്ടുകൊണ്ടുപോകുന്ന ശ്രീ. സിജോയും
അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നവരും ചെയ്യുന്ന സേവനം നേരിൽ കണ്ടാലേ മനസ്സിലാകൂ.
അവരുടെ പിതാവ് ആരംഭിച്ച ഈ സ്നേഹയജ്ഞം ഇന്ന് അനേകം ജീവിതങ്ങൾക്ക് ആശ്രയമായി മാറിയിരിക്കുന്നു.
അവിടെയുള്ള ഓരോരുത്തരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതുകയും പരിചരിക്കുകയും ചെയ്യുന്ന
അവരുടെ സമർപ്പണം ഹൃദയം നിറയ്ക്കുന്നതാണ്.
ഞങ്ങളുടെ വീട്ടിൽ സന്തോഷകരമായ എന്തെങ്കിലും അവസരം
ഉണ്ടാകുമ്പോഴെല്ലാം, ആ സന്തോഷത്തിന്റെ ഒരു ഭാഗമെങ്കിലും പോളി ഗാർഡനിലെ എല്ലാവരോടും
പങ്കിടാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. അവിടേക്ക് പോകുന്നതും കുറച്ചുസമയം അവരോടൊപ്പം ചെലവഴിക്കുന്നതും
ഞങ്ങളുടെ കുടുംബത്തിന്റെ ഒരു ചെറിയ സന്തോഷമായി മാറിയിരിക്കുന്നു. അതിലും വലിയ സന്തോഷം,
നമ്മുടെ മക്കളും ഈ അനുഭവങ്ങളുടെ ഭാഗമാകുന്നു എന്നതാണ്. കാരണം, ജീവിതത്തിൽ ഒരിക്കലെങ്കിലും
ഇത്തരത്തിലുള്ള മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും അടുത്തറിയേണ്ടത് വളരെ പ്രധാനമാണെന്ന്
ഞങ്ങൾ വിശ്വസിക്കുന്നു. അത്തരം അനുഭവങ്ങളാണ് കരുണയും സഹാനുഭൂതിയും മനുഷ്യസ്നേഹവും ജീവിതത്തിൽ
എത്ര വിലപ്പെട്ടതാണെന്ന് അവരെ പഠിപ്പിക്കുന്നത്.
നമ്മളും പ്രത്യേകിച്ച് നമ്മുടെ മക്കളും ജീവിതത്തിൽ
ഒരിക്കലെങ്കിലും പോളി ഗാർഡൻ പോലൊരു ഇടം സന്ദർശിക്കണം. അവിടെയുള്ള മനുഷ്യരോടൊപ്പം കുറച്ചുസമയം
ചെലവഴിക്കണം. കാരണം ആ ഒരു അനുഭവം മതി, നമ്മൾ എവിടെയാണ് നിൽക്കുന്നതെന്നും ജീവിതം നമുക്ക്
എത്രയേറെ അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ടെന്നും തിരിച്ചറിയാൻ. നാം പലപ്പോഴും പരാതിപ്പെടുന്ന
പല കാര്യങ്ങളും യഥാർത്ഥത്തിൽ എത്ര നിസ്സാരമാണെന്നും, നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്നും
ആ ഒരു സന്ദർശനം നമ്മെ ഓർമ്മിപ്പിക്കും.
ഓരോ തവണയും പോളി ഗാർഡനിൽ നിന്ന് മടങ്ങുമ്പോൾ ഞാൻ
കൊണ്ടുവരുന്നത് ജീവിതത്തെ കുറച്ചുകൂടി സ്നേഹിക്കാൻ
പഠിപ്പിച്ച ചില ഓർമ്മകളും, മനുഷ്യസ്നേഹത്തിലുള്ള വിശ്വാസവും, ലഭിച്ചതെല്ലാം നന്ദിയോടെ
സ്വീകരിക്കണമെന്ന ഒരു വലിയ തിരിച്ചറിവുമാണ്.
അതുകൊണ്ടാണ് ഇന്നും പോളി ഗാർഡനിൽ നിന്ന് കണ്ണുനനയാതെ
മടങ്ങാൻ എനിക്ക് കഴിയാത്തത്.
Dr.. Ambili
Assistant Professor of Computer Science,
Al Shifa College of Arts and Science, Keezhattur, Perinthalmanna.
Comments
Post a Comment