ർമ്മചെപ്പ്




പതിനഞ്ച് വർഷത്തെ വിദ്യാഭ്യാസ യാത്രയിലുടനീളം, സ്കൂൾ പഠന കാലം മുതൽ കോളേജിലെ പി. ജി. പഠന കാലം വരെയുള്ള ഓർമ്മകൾ ചികഞ്ഞുനോക്കിയാൽ ഒരു മനോഹരമായ ഓർമ്മയായി ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള എന്റെ സ്കൂൾ പഠനകാലമാണ്.നൂറ്റിപ്പത്തിനെട്ട് വർഷത്തെ പാരമ്പര്യത്തിന്‍റെ പ്രതീകമായി പാലക്കാട്‌ ജില്ലയിൽ ഇന്നും തിളങ്ങിനിൽക്കുന്ന ഒരു സർക്കാർ വിദ്യാലയം. മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച എന്‍റെ വിദ്യാലയം. അധ്യാപകരും, കൂട്ടുകാരും  മരങ്ങളും പൂന്തോട്ടവും തുടങ്ങി വിദ്യായത്തിലെ ഓരോ മൺതരിയും സമ്മാനിച്ച ഓർമ്മകൾ ഇന്നും അത്ര മേൽ പ്രിയപ്പെട്ടതാണ്.

അച്ഛനമ്മമാരുടെ കൈ പിടിച്ച് പുത്തനുടുപ്പിട്ട് വിദ്യാലയത്തിന്റെ പടി കടന്നു വരുമ്പോഴുള്ള ഉത്സാഹവും ആഹ്ലാദവും കുറച്ചു നിമിഷത്തിനകം സങ്കട ക്കടലായി ഇരമ്പുന്നത് വിദ്യാലയത്തിലെ ആദ്യ ദിനം തന്നെ കാണാവുന്ന ഒരു കാഴ്ചയാണ് . കാരണം തന്റെ കുരുന്നുകളെ ക്ലാസ്സ്‌ മുറികളിലേക്ക് കൈ പിടിച്ച് കയറ്റി മടങ്ങി പോകുന്നവരാണ് ഓരോ അച്ഛനമ്മമാരും . എന്നാൽ ക്ലാസ്സ്‌ മുറികളിലേക്കുള്ള അധ്യാപകരുടെ വരവോടു കൂടെ കരച്ചിൽ എല്ലാം മാറി ഓരോ കുരുന്നുകളും അക്ഷരത്തിന്റെയും സൗഹൃദത്തിന്റെയും കുസൃതിയുടെയും ലോകത്തിലേക്ക് പതിയെ പതിയെ ചേക്കേറുന്നു. പൂ നുള്ളി പോലും തന്റെ പൂന്തോട്ടത്തിലെ പൂക്കളെ വേദനിപ്പിക്കരുതെന്ന കർക്കശ നിലപാടുമായി വരുന്ന സാറാമ്മ ടീച്ചർ, വരാന്തയിലൂടെ എപ്പോഴും വടിയുമായി നടക്കുന്ന അബ്ദു മാഷ്, സ്കൂൾ പതിപ്പ് തയ്യാറാക്കാൻ ഓടി നടക്കുന്ന ജുവൈരിയ ടീച്ചറും ഒരു കൂട്ടം കുട്ടികളും, സ്റ്റാമ്പും തൂവലുകളും പഴയ നാണയങ്ങളും പച്ചക്കറികളും പഴങ്ങളും തുടങ്ങിയവയുടെ എല്ലാ ചിത്രങ്ങളും പതിപ്പിച്ച് ഓരോ കുട്ടിയും സൂക്ഷിച്ചു വെക്കേണ്ട ശേഖരണ പുസ്തകത്തെ പരിചയപ്പെടുത്തി തന്ന ഷീബ ടീച്ചർ, ബോർഡിലെ ഓരോ തെറ്റിനും തലക്കിട്ട് കൊട്ട് തരുന്ന കണക്ക് മാഷ് സലാം സർ.......ഇവരെയെല്ലാം ഇന്നും മധുരമുള്ള ഓർമ്മകളായി മനസ്സിൽ സൂക്ഷിക്കാൻ എനിക്ക് കഴിയുന്നു.

അതെ.....സ്വപ്നം കാണാൻ എന്നെ പഠിപ്പിക്കുകയും ആ സ്വപ്നങ്ങൾക്ക് പറക്കാൻ ചിറകുകൾ നൽകുകയും ചെയ്ത എന്റെ പ്രിയ വിദ്യാലയം..........



Fazna. K

Assistant Professor of Psychology,

Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്