ഒരസ്തമയം ബാക്കി വച്ചത്!

 

പ്രിയപ്പെട്ടോന്റഉപ്പാക്ക് ഫുട്ബോൾ എന്നാൽ ആവറേജ് മലപ്പുറക്കാരൻ കണക്കെ ഹരമായിരുന്നു,സന്തോഷമായിരുന്നു, വാക്കുകൾക്കതീതമായ മറ്റെന്തൊക്കെയോ ആയിരുന്നു . ലാസ്റ്റ് ISL കാലമാണ് ഉപ്പ അവസാനമായി ആഘോഷമാക്കിയത്അതും ഫൈനൽ എത്തുന്നതിന്  ദിവസങ്ങൾ ബാക്കി നിൽക്കെ ഉപ്പ പോയി.

ഉപ്പ അസ്തമിച്ച ശേഷമുള്ള ആദ്യ ലോക കപ്പ്! ഫുട്ബോൾ ന്റെ എബിസിഡി അറിയാത്ത ഉപ്പാന്റെ മരുമോൾക്ക് ആകെയുള്ള ഫുട്ബോൾ ബന്ധം എന്നു പറയുന്നത്, വൈഫൈ കണക്ട് ചെയ്തതിൽ പിന്നെ ടിവി ഓണാക്കൽ ബാലികേറാ മലയായി  പോയതിനാൽ ഉപ്പാക്ക് വേണ്ടി ടിവി ഓൺ ചെയ്തു കൊടുക്കുക എന്നുള്ളതായിരുന്നു. ISL കാലത്ത്,കളിയുള്ള ഓരോ ദിവസവും ഒരു ചടങ്ങെന്ന പോലെ ഓർമിപ്പിക്കും നൂറോ  ടിവി ഓണാക്കി വെക്കട്ടൊന്ന്മഗ്‌രിബ് നിസ്‌കാരോം ഓത്തും തീർത്തു വരുമ്പോഴേക്ക് ടിവി ഓൺ ചെയ്ത് ചാനൽ സെറ്റ് ആക്കി സൗണ്ട് കുറച്ചു വച്ചിരിക്കും

ഉപ്പ ഒരുങ്ങിയങ്ങനെ വന്നിരിക്കും കൂടെ വൈകുന്നേരത്തെ  ഇത്തിരി മാത്രം ചൂട് തങ്ങി നിൽക്കുന്ന വലിയ കപ്പ് ചായയും, കൊറിക്കാൻ വല്ലതും, ഒരു കെട്ട് സിഗരറ്റും ഇരുത്തത്തിലെ  ഉപ്പാന്റെ സമാധാനം നോക്കിനിന്നു പോവും .  രാവിലെ തൊട്ടേ പത്രം നോക്കി കളിയുണ്ടെന്ന് ഉറപ്പിച്ചു, കാത്തു കാത്ത് കാണാനിരിക്കുമ്പോഴുള്ള പ്രസരിപ്പ്!

കഴിഞ്ഞ ISL കാലത്ത്,

ഒറ്റക്കിരുന്നാണ് കാണുന്നതെങ്കിലും, ഇടക്ക് വലിയ നെടുവീർപ്പും, പിറുപിറുക്കലും, വല്ലപ്പോഴുമൊരു വലിയ കൊട്ടും കേൾക്കാം.. Goal അടിച്ച സന്തോഷം ടേബിളിൽ അറിയിക്കുന്നതാണ്ഉപ്പ ഒരു വമ്പൻ ടീമിന്റെയും ഫാൻ അല്ലായിരുന്നു എന്നറിയാം, ഒന്നുമല്ലാതെ വന്ന് നന്നായി കളിച്ചു മുന്നേറുന്നവരെ ആവോളം പുകയ്ത്തുന്നത് കേൾക്കാം…. കളിക്കിടയിൽ അതിലേ ഒന്ന് പാസ്സ് ചെയ്താൽ മതി, നോക്ക് നൂറു അത് ആഷിഖ് കുരുനിയൻ മലപ്പുറക്കാരനാ.. എന്നു വീമ്പു പറയും അങ്ങനെ ആരൊക്കെയോ, പേര് മാത്രമറിയാം.

 ഫുട്ബോൾ ലെ എന്റെ അറിവില്ലായ്മ വേണ്ടപ്പെട്ട ബാക്കി എല്ലാർക്കും അറിയാമെങ്കിലും ഉപ്പ അത് തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് എന്റെ ധാരണ. എന്തൊക്കെയോ വമ്പൻ കാര്യങ്ങൾ പറഞ്ഞു തരുമ്പോ അറിയുന്ന പോലങ്ങു തലയാട്ടുംഒട്ടും സംശയമില്ല എല്ലാം clear. അബദ്ധവശാൽ വല്ലതും ഞാൻ തിരിച്ചു ചോദിച്ചു, ഉപ്പാന്റെ ഫുട്ബോൾ ഡിക്ഷണറി കാണാത്ത വല്ലതും ആയിപോയാൽ മൂപ്പരങ്ങു അങ്ങേ അറ്റം എന്നെ വിലയിരുത്തും തീർച്ച. അഥവാ വിഷയത്തിൽ ഉത്തരം പറയാനോ ചോദ്യം ചോദിക്കാനോ നിലവാരമില്ലെന്നർത്ഥം .കല്പന്തു ഉപ്പാക്ക് ജീവനായിരുന്നു എന്നോ, അല്ലേൽ ഓരോ ഫുട്ബോൾ കാലത്തും ഉപ്പ അത്രയും നല്ല ജീവിതം ജീവിച്ചു പോന്നു എന്നോ വേണേൽ പറയാം.

കോട്ടപ്പടി മൈതാനത്തു കളിയുണ്ടേൽ, പറയും കുറച്ചു വൈകും, ചട്ടം കെട്ടി പോയ ഇത്തരം സന്ദർഭങ്ങളിൽ നേരത്തെയും വന്നിട്ടുണ്ട്. വന്നാൽ ആദ്യത്തെ ഡയലോഗ് എത്തപ്പത് കളി, ഇതൊക്കെ ഒരു കളിയാഫീലിംഗ് പുച്ഛം . അതിപ്പോ ടിവി യിലും മോശം കളിയാണേൽ ഓഫ്‌ ചെയ്യേണ്ടന്നു ഓർമിപ്പിച്ചു ഉപ്പ തറയിൽ തന്നെ കിടക്കും.. ബഹളത്തിൽ ഉറങ്ങിഎപ്പയോ ഉണരും..ഓഫ് ചെയ്യാതിരുന്നത് എന്തിനായിരുന്നെന്നു ഉപ്പാക്കറിയാലോ ല്ലേ.

ഉമ്മ പോയതിൽ പിന്നെ,  ഉപ്പ രാവന്തിയോളം വല്ല പണിയും ചെയ്തങ്ങനെ നേരം പോക്കും.. ഇല്ലാത്ത പണി ഒരു വീടിരിക്കുന്ന ഇത്തിരി ഭൂമിയിൽ ഉപ്പ ഉണ്ടാക്കിയെടുക്കും…”ഉപ്പയുടേതായ കൃത്യ സമയത്തുകുളിക്കും നിസ്കരിക്കും.. ഒരുപാട് സമയമിരുന്നു ഖുർആൻ ഓതും.. രാവിലെ ഒരാവർത്തി വായിച്ചു തീർത്ത പത്രം വീണ്ടും നിവർത്തും…. ഭക്ഷണം വിളമ്പിവരുമ്പോ നൂറേ ടിവി ഒന്ന് ഓൺ ചെയ്യണേ എന്ന ഓർമപ്പെടുത്തൽഏതെങ്കിലും ഒരു കളി, ഇന്ന ഭാഷ എന്നില്ല.. ഇന്ന ചാനൽ എന്നില്ലകളി ഫുട്ബോൾ ആവണം എന്ന ഒറ്റ criteria മാത്രം മീറ്റ് ചെയ്താൽ മതി.

ഇടക്ക്  ഇഷ്ട്ടം കൊണ്ട് കിട്ടുന്ന ഒരു ഗുണമെന്തെന്നാൽ, രാത്രി വളരെ വൈകി വീട്ടിലെത്തുന്നത് ഉപ്പയിലെ പഴമക്ക് ഇഷ്ട്ടമല്ല, അതിന്റെതായ ഒരു ചെറിയ കോടൽ മുഖത്തുണ്ടാവും. ഇത്തരം വൈകുന്ന വേളകളിൽ കളി ഉണ്ടായിരുന്നെങ്കിൽ, അതിനെ പറ്റിയുള്ള ഒറ്റ അന്വേഷണത്തിൽ,കാര്യങ്ങൾ വളരെ ലളിതമായങ്ങു തീർപ്പാകും..വാക്കുകളിലൊതുക്കാനാവാത്ത എത്രയോ ഫുട്ബോൾ ഓർമ്മകൾ

സത്യത്തിൽ എല്ലാ മനുഷ്യർക്കും, ഇങ്ങനെ പിടിച്ചിരുത്തുന്ന, സന്തോഷം ഒരു തവി കണക്കെങ്കിലും വിളമ്പി തരുന്ന വല്ലതും സ്വന്തമായിവേണ്ടിയിരിക്കുന്നു.

ഇനി ഞാനൊരു കാര്യം പറയട്ടെ, സത്യമായും ഉപ്പയും ടിവി യും വീട്ടിലില്ലെന്ന് എനിക്കറിയാം പക്ഷെ…. ലോകകപ്പിനും , ഒരു കളി പോലും മിസ്സാക്കാതെ കാണുന്ന, കളഞ്ഞ ഉറക്കം കടം വീട്ടുന്ന, ടിവി ക്ക് മുന്നിൽ കസേര വലിച്ചിരിക്കുന്ന, സിഗരറ്റ് പുക ആഞ്ഞാഞ്ഞു പറത്തുന്ന, ഇടക്ക് ശ്വാസം തിങ്ങി ചുമക്കുന്ന, ചായ മോന്തുന്ന, നെടുവീർപ്പുകൾ  കൊണ്ട് അവസ്ഥ അറിയിക്കുന്ന ഉപ്പാനെ ഞാൻ കണ്ടിരുന്നു.”

പക്ഷെ, ഉപ്പ ഏതു ടീമിന്റെ കൂടെയാ നിന്നതെന്നോ, ഏതു കളിയാവും കൂടുതൽ  ഇഷ്ട്ടമായതെന്നോ, ആവേശത്തിൽ പറഞ്ഞു സന്തോഷിച്ച goal ഏതായിരുന്നെന്നോ,ഒന്നും അറിയില്ല..

ഞാൻ പറഞ്ഞില്ലേ ഉപ്പ അധികാരികമായി പത്തറുപത് കൊല്ലത്തെ ആരാധകനെന്ന നിലയിൽ ഒരുപാട് ഒരുപാടു പറഞ്ഞു തന്നിരുന്നത് ഞാൻ എവിടെ കൊണ്ട് പോയി ഒളിപ്പിച്ചു വെച്ചെന്നു എനിക്കറിയില്ല. അല്ലേലും എനിക്കതൊന്നും പഠിക്കേണ്ടായിരുന്നല്ലോ.. പിന്നെ എന്തിനാ ഇപ്പൊ ഇങ്ങനൊരു സങ്കടം. അറിയില്ല!



Noorbina K.

Assistant Professor of Psychology,

Al Shifa College of Arts and Science, Keezhattur, Perinthalmanna.

 

 

 

 

 


Comments

Post a Comment

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്