ദൈവത്തിന് നന്ദി
നിങ്ങൾ എപ്പോഴെങ്കിലും മരണത്തിൽ നിന്ന് രക്ഷപെട്ട ആളുകളെ കണ്ടിട്ടുണ്ടോ? അവരുടെ കൂടെ അൽപ്പ നേരം ഇരുന്നിട്ടുണ്ടോ? അവരോട് സംസാരിച്ചിട്ടുണ്ടോ? മരണത്തിൽ നിന്ന് രക്ഷപെട്ട ശേഷം അവരിൽ വന്ന മാറ്റത്തെ തിരിച്ചറിഞ്ഞിട്ടുണ്ടോ?
ജീവിതം അത് തുടങ്ങുന്നതുപോലെ തന്നെ, ഒരിക്കൽ അത് അവസാനിക്കുo. ജനിച്ചു വീഴുന്ന ഏതൊരാൾക്കും മരണം എന്ന സത്യം ഉണ്ടാവുക തന്നെ ചെയ്യും. നമ്മൾക്ക് ആർക്കും തന്നെ അത് ഒഴിവാക്കാനോ അതിനെ തടയാനോ മാറ്റിനിർത്താനോ കഴിയില്ല. എന്നാൽ നമുക്ക് അതിനെ മനസ്സിലാക്കാനും അതിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിക്കാനും അതിലൂടെ ജീവിതത്തെ സുന്ദരമാക്കാനും കഴിയും.
മരണത്തെ നേരിട്ട് കാണുകയും അതിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത ആളുകളുടെ ജീവിതം അത് നമ്മെ ഒരുപാട് ചിന്തിപ്പിക്കുകയും ജീവിതത്തിന്റെ മൂല്യം എന്താണെന്ന് മനസ്സിലാക്കി തരികയും എങ്ങനെ ലളിതമായി ജീവിക്കണം എന്നുള്ള തിരിച്ചറിവ് ഉണ്ടാക്കി തരികയും ചെയ്യുന്നു. ഒരു നിമിഷം ഒരറ്റ നിമിഷം മതി ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കാൻ. ഒരു അപകടം അല്ലെങ്കിൽ നമ്മൾ പ്രതീക്ഷിക്കാത്ത എന്തങ്കിലും ഒരു ദുരന്തം അത് മതി ജീവിതത്തെ മാറ്റി മറിക്കാൻ. അത് ഒരുപക്ഷേ accident രൂപത്തിലോ പ്രകൃതി ദുരന്തങ്ങളുടെ രൂപത്തിലോ അസുഖങ്ങളുടെ രൂപത്തിലോ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപത്തിൽ ഒക്കെ ആയി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാം.
എന്നത്തേയും പോലെ അന്നും അവൻ അതൊരു സാദാരണ ദിവസം ആയിരുന്നു. പതിവ് പോലെ ഓഫീസിലേക്ക് പോകാൻ റെഡി ആയി ഇറങ്ങി. അന്നും അവന്റെ അമ്മ അവനുള്ള ചോറും കറിയും എല്ലാം ടിഫിൻ ബോക്സിൽ റെഡി ആക്കി അവന്റെ കയ്യിൽ കൊടുത്തു. പതിവു പോലെ ഒരു യാത്ര പോലും ആ അമ്മയോട് പറയാതെ അവൻ ഇറങ്ങി. കുറച്ചു ദൂരം പോയപ്പോഴേക്കും അവൻ സഞ്ചരിച്ച ബൈക്ക് ഒരു ലോറിയിൽ ചെന്ന് ഇടിക്കുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാതെ അവൻ ദിവസങ്ങളോളം ആശുപത്രിയിലെ icu ൽ കിടന്നു…. അവനെ തിരിച്ചു കിട്ടുമെന്ന് ഒരു ഉറപ്പു പോലും ആർക്കും ഉണ്ടായിരുന്നില്ല. ഡോക്ടർമാർ പോലും പറഞ്ഞത് ഇനി ഒരു പ്രതീക്ഷയും വെക്കേണ്ട എന്നായിരുന്നു. പക്ഷെ അവനെ സ്നേഹിക്കുന്ന അവൻ ജീവിതത്തിലേക്ക് തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്ന കുറച്ചു ആളുകൾ അവനായി ദിവസവും പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു.
അങ്ങനെ ദിവസങ്ങൾക്കു ശേഷം അവൻ ഉണർന്ന് ജീവിതത്തിലേക്ക് പതിയെ തിരിച്ചു വന്നു. അപ്പോൾ അവൻ പറഞ്ഞ ഒരു കാര്യമുണ്ട്” ഒരു നിമിഷം മതി ജീവിതം നമുക്കു കൈവിട്ടു പോകാൻ. എല്ലാം തീർന്നു എന്ന് ഞാൻ കരുതി.പക്ഷേ അടുത്ത നിമിഷം ഞാൻ ജീവിച്ചിരിക്കുന്നതായി തിരിച്ചറിഞ്ഞപ്പോൾ, ദൈവം എനിക്ക് രണ്ടാമത് ഒരു ചാൻസ് കൂടി തന്നതാണ് ഈ ജീവിതമെന്നും, അത് കൊണ്ട് തന്നെ ഈ ജീവിതം എന്നത് എനിക്ക് ദൈവം തന്ന വലിയ ഒരു അനുഗ്രഹമായി ഞാൻ കാണുന്നു. എന്റെ ചുറ്റും എന്നെ സ്നേഹിക്കുന്നവർ ആരൊക്കെ എനിക്ക്‌വേണ്ടി പ്രാർത്ഥിച്ചവർ ആരൊക്കെ ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിച്ചവർ ആരൊക്കെ എന്നൊക്കെ തിരിച്ചറിയാൻ എനിക് കഴിഞ്ഞു.”
ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വന്ന അവനിൽ അതിനു ശേഷം കണ്ടത് വലിയ മാറ്റങ്ങൾ ആയിരുന്നു. ശരീത്തോടൊപ്പം അവന്റെ മനസ്സിനും മാറ്റങ്ങൾ വന്നു തുടങ്ങി. ആദ്യം ചെറിയ കാര്യങ്ങൾക്കു പോലും വഴക്കുണ്ടാക്കുന്ന ദേഷ്യപ്പെടുന്ന അവനെ പിന്നെ കണ്ടതെ ഇല്ല. വീട്ടിൽ അധികം സംസാരിക്കാത്ത ആൾ. അമ്മയോടൊ അച്ഛനോടൊ അനിയത്തി യോടൊ ഒന്നും മിണ്ടാത്ത അവരോടൊപ്പം ഒരു നിമിഷം പോലും ചിലവഴിക്കാത്ത ഒരാൾ. അവൻ പറയുന്നതും ചെയ്യുന്നതും മാത്രമാണ് ശരി എന്ന് വാദിക്കുന്ന ഒരാൾ. എന്നാൽ പിന്നീടങ്ങോട്ട് അങ്ങനെ ഒരാളെ കാണാൻ കഴിഞ്ഞതെ ഇല്ല. പിന്നീട് അവൻ അവർക്കായി സമയം കണ്ടെത്തുകയും സംസാരിക്കുകയും പുറത്തു പോകുമ്പോൾ അമ്മയോട പറയാതെ പോയിരുന്ന അവൻ പിന്നീട് അമ്മക്ക് ഒരു ഉമ്മ കൂടി കൊടുക്കുകയും ചെയ്തിട്ടാണ് പോകാറുണ്ടായിരുന്നത്. നമുക്കു ഒരു അപകടം വന്നാൽ നമ്മുടെ കൂടെ ആരെല്ലാം ഉണ്ടാവും എന്ന തിരിച്ച അറിവ് കൂടി അവനിൽ ഉണ്ടായി. ചെറിയ കെകാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുകയും, മറ്റുള്ളവരുടെ വാക്കുകൾക്ക് പ്രധ്യാനം നൽകുകയും അവരെ കേൾക്കുകയുo, അവനെ സ്നേഹിക്കുന്നവർക്ക് വേണ്ടി സമയം കണ്ടെത്തുകയും അവരോട് മനസ്സ് തുറന്ന് സംസാരിക്കുകയും, മുമ്പ് അവഗണിച്ചിരുന്ന ബന്ധങ്ങൾക്കും അനുഭവങ്ങൾക്കും കൂടി കൂടുതൽ പ്രാധാന്യം നൽകുകയുo, നാളെ ചെയ്യാം എന്ന് വിചാരിച്ചു മാറ്റി വെക്കുന്ന കാര്യങ്ങൾ അങ്ങനെ അല്ല ഇന്ന് ചെയ്യാനുള്ളത് ഇന്ന് തന്നെ ചെയ്യണമെന്നും നാളേക്ക് മാറ്റി വെക്കേണ്ടതല്ല ഒരു കാര്യവും എന്ന് പറഞ്ഞു അത് അന്ന് തന്നെ ചെയ്തു തീർക്കുകയുo, മറ്റുള്ളവരെ അവൻ പറ്റുന്ന രീതിയിൽ സഹായിക്കുകയും, സമൂഹത്തിന് വേണ്ടി നല്ല ഒരുപാട് കാര്യങ്ങൾ ചെയ്യാൻ വേണ്ടി മുന്നിട്ടിറങ്ങുകയും, ജീവിതത്തെ തന്നെ പോസിറ്റീവ് ആയി കാണാൻ തുടങ്ങുകയും ചെയ്തു, ഈ ഒരു തിരിച്ച വരവ് ദൈവം തന്ന രണ്ടാമത്തെ ചാൻസ് ആയി കാണുകയും ദൈവത്തിനോട് കൂടുതൽ നന്ദി ഉള്ളവനായി അവൻ മാറുകയും ചെയ്തു.… അങ്ങനെ ഇതുവരെ കാണാത്ത പുതിയ ഒരാളെ ആണ് പിന്നീട് കണ്ടത്.
എന്നാൽ ദൈവം അങ്ങനെ എല്ലാവർക്കും ഒരു സെക്കന്റ് ചാൻസ് കൊടുക്കുമോ? ഉണ്ടാവണം എന്നില്ല… ഒരു നിമിഷം മരണത്തെ മുന്നിൽ കണ്ടപ്പോൾ പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ പുതിയ അർത്ഥങ്ങൾ കൊണ്ട് വരാൻ അവൻ കഴിഞ്ഞു. തിരിച്ചറിവുകൾ ഉണ്ടാവാൻ സാധിച്ചു.ആർഭാട ജീവിതം അല്ല ജീവിതം എന്നും നമുക്കു വേറെ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനും അതിൽ സമയം കണ്ടെത്താനും കഴിയും എന്ന് അവൻ തിരിച്ചറിഞ്ഞു….അവസാനം മരണം അവനെ മൊത്തത്തിൽ മാറ്റി മറിച്ചു. പുതിയ ഒരു മനുഷ്യനായി അവൻ മാറാൻ.തുടങ്ങി. അതിലൂടെ പുതിയ ഒരു ജീവിതം ജീവിക്കാൻ അവൻ ആരംഭിച്ചു.
ഇത് ഒരു പക്ഷെ അവന്റെ മാത്രമല്ല, ഇങ്ങനെ മരണത്തെ മുന്നിൽ കണ്ട് രക്ഷപെട്ട ഒരുപാട് പേരുടെ ഇത്തരത്തിലുള്ള അനുഭവങ്ങളിൽ നിന്ന് നമ്മൾ മനസ്സിലേക്കണ്ട പഠിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതിൽ ഏറ്റവും വലിയ ഒരു പാഠം “ഇപ്പോഴത്തെ ഈ നിമിഷത്തിൽ ജീവിക്കുക” എന്നതാണ്. ഇപ്പോൾ ഈ നിമിഷം നമ്മൾ കാണുന്നത്, അനുഭവിക്കുന്നത്, ശ്വസിക്കുന്നത്,..നാളെ നമ്മൾ ജീവിച്ചിരിക്കുമോ എന്നറിയില്ല. ഇന്നലെ എന്നത് തിരിച്ചു വരികയും ഇല്ല. നാം പലപ്പോഴും നമ്മുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുകയും കഴിഞ്ഞകാലത്തെക്കുറിച്ച് ഖേദിക്കുകയും ചെയ്യുന്നു. എന്നാൽ അങ്ങനെ ആണോ വേണ്ടത്?... ഈ രണ്ടിന്റെയും ഇടയിൽ നമുക്കു നഷ്ടമാവുന്നത് നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യം അല്ലെ?...
മനുഷ്യബന്ധങ്ങളുടെ പ്രാധാന്യവും ഇത്തരം അനുഭവങ്ങളിലൂടെ നമുക്കു മനസ്സിലാക്കാൻ സാധിക്കും. കുടുംബം, സുഹൃത്തുക്കൾ, നമ്മെ സ്നേഹിക്കുന്നവർ – ഇവരാണ് ജീവിതത്തിന്റെ യഥാർത്ഥ സമ്പത്ത്. ഒരു അപകട നിമിഷത്തിൽ നമ്മുടെ പണമോ സ്ഥാനമാനങ്ങളോ ഒന്നുമല്ല മറിച്ച് നമ്മുടെ ബന്ധങ്ങളാണ് നമുക്കു കൂടെ ഉണ്ടാവുക. നമുക്കു ഒരു അപകടം സംഭവിച്ചാൽ നമ്മളെ സ്നേഹിക്കുന്ന കുറെ ആളുകളെ നമുക്കു ചുറ്റും കാണാൻ സാധിക്കും. അവരുമൊത്തുള്ള ചെറിയ ചെറിയ നിമിഷങ്ങൾ കൂടുതൽ സന്തോഷത്തോടെ ജീവിക്കുക. അവർക്കായി കുറച്ചു നേരം സമയം കണ്ടെത്തുക.
നമ്മുടെ ജീവിതത്തെ സങ്കീർണമാക്കുന്നത് നമ്മൾ തന്നെ ആണ്. ജീവിതം എന്നത് വളരെ ചെറുതാണ്, പക്ഷേ അതിന്റെ മൂല്യം അത് നമ്മൾ വിചാരിക്കുന്നതിലും വലുതാണ്… നമ്മൾ എങ്ങനെ നമ്മുടെ ജീവിതത്തെ കാണുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യം നിലനിൽക്കുന്നത്. സന്തോഷവും ദുഃഖവും വിജയവും പരാജയവും എല്ലാം ജീവിതത്തിന്റെ ഭാഗമാണ്. നമ്മൾ ആഗ്രഹിക്കുന്ന പോലെ തന്നെ എല്ലാം വളരെ നന്നായി നടക്കണമെന്നില്ല.. എല്ലാം ഓരോ പ്രതീക്ഷയാണ്…ഓരോ നിമിഷവും നന്ദിയോടെ ജീവിക്കുക, സന്തോഷം കണ്ടെത്തുക, മറ്റുള്ളവരെ സ്നേഹിക്കുക, നമ്മളാൽ ആകും വിധം സഹായിക്കുക… എല്ലാത്തിനും ഉപരി ഈ ജീവിതം ഇത്ര അധികം സുന്ദരമാക്കി തന്ന ദൈവത്തിനോട് നന്ദി പറയുക.
നമ്മൾ ശ്വസിക്കുന്ന ഓരോ നിമിഷവും ഒരു അനുഗ്രഹമാണ്…. ദൈവത്തിനു നന്ദി!
Asmath Jaseela Mol P.
Assistant Professor of Psychology
Alshifa College of Arts and Science
Keezhattur, Perinthalmanna
Comments
Post a Comment