പെൺകുട്ടി
സൂര്യനും യാത്രയാകുന്നു....
ഇരുട്ടിൻ വിരലുകൾ മെല്ലെയി ഭൂമിതൻ സിരകളിൽ മുറുകെ മുറുകെ അലിഞ്ഞില്ലാതാകുന്നു.....
ഞാനോ ഈ പൂമുഖപടിയിൽ നിന്റെ കാലൊച്ച കാത്തിരിക്കുന്നു....
നിന്റെ കാലൊച്ചയോ???
അല്ല നിന്റെ കൈകളിൽ നിറയുന്ന ചോര മണക്കും പണത്തുട്ടുകൾക്കായി....
തിളച്ചു പൊന്തുന്ന അരികലം പുച്ഛത്തോടെ എനിക്ക് നേരെ തിരിയുന്ന ഈ നേരം അറിയാതെ ഓർത്തുപോകുന്നു "വേവുന്ന ചോറിലും മണക്കുമോ ഈ ചോര?"
എനിക്കറിയില്ല
എന്നാൽ ഞാൻ അറിയുന്നു
ആർത്തിയോടെ ചൂടു ചോറു വാരുന്ന കുഞ്ഞിളം കൈകൾക്ക് അന്യമായ് നിൽക്കുന്നു ഈ ഗന്ധം.....
അതോ എന്നെ പോലെ അവൾക്കത് സ്വന്തമായി മാറിയോ???
ഞാനും പ്രണയിച്ചിരുന്നു രക്തത്തെ...
എന്റെ ഋതുഭേദങ്ങളെ നിന്നിൽ നിന്നും അകറ്റി നിർത്തുന്ന രക്തത്തിൻ ചുവപ്പിനെ.....
ആ ദിനങ്ങളെ പ്രണയിക്കാൻ ഞാൻ ഏറെ കൊതിക്കുന്നു,
അന്ന് നീ എത്തില്ല എന്റെ മാംസത്തെ തൂക്കിവിൽക്കാൻ ഈ ജാലകവാതിലിൽ.....
അറുത്തു വിൽക്കാമായിരുന്നു നിനക്ക് എന്നെയും...
എന്നാലോ, നിന്നിലെ മൃഗം തടയുന്നു....
മദ്യം നുരചിതറുന്ന പാതിരാവിൽ ആരോ വിടർത്തിയ പുകച്ചുരുളുകൾ വകഞ്ഞു മാറ്റി ഒരു വൈകൃതമായി നീ എന്നിൽ അമരുന്നു.....
ആരൊക്കെയോ കയറിയിറങ്ങിയ എന്റെ തകർന്ന ആത്മാവിൻ രോദനം നിന്നിൽ നിറക്കുന്ന ഭാവത്തെ ഇന്നും എനിക്കേറെ അപരിചിതം....
ഉദരത്തിൽ ചേർന്ന കൈവിരലുകൾ അറപ്പോടെ പിൻവലിയുമ്പോൾ നിന്റെ ചുണ്ടിലെ ചിരിയിൽ നിന്നും എനിക്കറിയാം
നാളെ നിനക്ക് വിലപറയാൻ ഒരു ശരീരം മാത്രമാണവൾ....
അതെ അവളും ഒരു പെണ്കുട്ടിയാകും
നിന്റെ കുലത്തിലെ രാക്ഷസന് ഉള്ളിൽ നിറയുന്ന ഊർജത്തെ തുറന്നു വിടാനും ആസക്തി ഒതുക്കാനും മാത്രമായൊരു ജന്മം....
അന്ന് നീ അറിയുമോ ഇത് നിന്റെ രക്തം..... നിന്റെ മാത്രം......
Ragi K. Haridas
Assistant Professor of Computer Science
Al Shifa College of Arts and Science, Keezhattur, Perinthalmanna.
Comments
Post a Comment