Dorothy — അതിരുകൾക്കപ്പുറം ഒരു സിനിമ 




ചില സിനിമകൾ കണ്ടുകഴിഞ്ഞാൽ അതിലെ കഥയും രംഗങ്ങളും പതിയെ മറന്നുപോകും. എന്നാൽ ചില സിനിമകൾ അങ്ങനെയല്ല. സിനിമ അവസാനിച്ചാലും അതിലെ കഥാപാത്രങ്ങളും വികാരങ്ങളും നമ്മളിൽ കുറച്ചുകാലം കൂടി ജീവിക്കും. Dorothy എനിക്ക് അത്തരമൊരു അനുഭവമാണ്.

സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ പലപ്പോഴും കഥാപാത്രങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനെക്കാൾ, നമ്മളെക്കുറിച്ചാണ് ചിന്തിച്ചത്. ഒരാൾ എങ്ങനെ ജീവിക്കണം, എങ്ങനെ പെരുമാറണം, ആരെ സ്നേഹിക്കണം എന്നൊക്കെ തീരുമാനിക്കാൻ സമൂഹം എത്രയോ കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് LGBTQIA+ മനുഷ്യരുടെ കാര്യത്തിൽ, അവരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാൻ മറ്റുള്ളവർക്ക് വളരെ എളുപ്പമാണ്. പക്ഷേ അവരുടെ ഉള്ളിലെ ഭയം, ഒറ്റപ്പെടൽ, സ്നേഹം, പ്രതീക്ഷ — അതൊക്കെ മനസ്സിലാക്കാൻ നമ്മൾ എത്രത്തോളം ശ്രമിക്കുന്നുണ്ട്?

Dorothy എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചത് അതുകൊണ്ടാണ്. ഇവിടെ LGBTQIA+ എന്നത് വെറും ഒരു ‘വിഷയം’ മാത്രമല്ല. അതിന്റെ പിന്നിലുള്ള മനുഷ്യനെയാണ് സിനിമ കാണാൻ ശ്രമിക്കുന്നത്. സ്നേഹിക്കണം എന്ന ആഗ്രഹവും, സ്വന്തം വ്യക്തിത്വമായി ജീവിക്കണം എന്ന ആഗ്രഹവും എല്ലാവരിലും ഒരുപോലെയാണെന്ന് സിനിമ ഓർമ്മിപ്പിക്കുന്നു. ആരെയാണ് സ്നേഹിക്കുന്നത് എന്നതിനെക്കാൾ, എങ്ങനെ സ്നേഹിക്കുന്നു എന്നതാണ് എനിക്ക് പ്രധാനമായി തോന്നിയത്.

നമ്മൾ ചെറുപ്പം മുതൽ കേൾക്കുന്ന ചില വാക്കുകളുണ്ട് — ആൺകുട്ടികൾ കരയരുത്, ദുർബലരാകരുത്, വികാരങ്ങൾ പുറത്തു കാണിക്കരുത്… ഇങ്ങനെ. പക്ഷേ മനുഷ്യനാകുമ്പോൾ വികാരങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ? സ്നേഹിക്കുക, വേദനിക്കുക, കരയുക, ഒരാളെ നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുക — ഇതൊന്നും gender നോക്കി വരുന്ന കാര്യങ്ങളല്ല. Dorothy ഈ മനുഷ്യ സഹജമായ വികാരങ്ങളെ വളരെ അടുത്തുനിന്ന് കാണിക്കുന്നതായി എനിക്ക് തോന്നി.

സിനിമയിലെ ചില ഭാഗങ്ങൾ എന്നെ അസ്വസ്ഥനാക്കി. ചില രംഗങ്ങൾ കാണുമ്പോൾ ‘ഇങ്ങനെ എന്തിനാണ്?’ എന്ന് തോന്നുകയും ചെയ്തു. പക്ഷേ സിനിമ കഴിഞ്ഞപ്പോൾ മനസ്സിലായത്, ഒരു പക്ഷേ അതു തന്നെയാണ് സിനിമ ആഗ്രഹിച്ചതെന്ന്. എല്ലാം സുഖകരമായി പറഞ്ഞുതരാതെ, നമ്മളെ കുറച്ച് അസ്വസ്ഥരാക്കി ചിന്തിപ്പിക്കുക. ഈ സിനിമ എന്നിൽ  ബാക്കിവെച്ചത് , മറ്റൊരാളുടെ ജീവിതത്തെക്കുറിച്ച് വിധിയെഴുതുന്നതിന് മുമ്പ്, അയാളുടെ സ്ഥാനത്ത് നിന്ന് ഒരു നിമിഷം ചിന്തിക്കണം എന്നൊരു തോന്നൽ സിനിമ എനിക്ക് നൽകി.

അവസാനം Dorothy എന്നോട് പറഞ്ഞത് വളരെ ലളിതമായ ഒരു കാര്യമാണ് —

സ്നേഹിക്കാൻ ഒരാൾക്ക് അനുമതി വേണ്ട. സ്വന്തം ജീവിതം സ്വന്തം രീതിയിൽ ജീവിക്കാനും വേണ്ട. സിനിമ അവസാനിച്ചു. പക്ഷേ ചില കഥാപാത്രങ്ങളും ചില ചോദ്യങ്ങളും ചില വികാരങ്ങളും ഇപ്പോഴും മനസ്സിൽ ബാക്കിയാണ്.

ചില സിനിമകൾ കണ്ടുതീരുന്നില്ല.

അവ നമ്മളിൽ കുറച്ചുകാലം കൂടി ജീവിച്ചുകൊണ്ടിരിക്കും.

Dorothy എനിക്ക് അങ്ങനെയൊരു സിനിമയാണ്. ❤️🏳️‍🌈



Farhan V. M

Head and Assistant Professor,

Department of Computer Science, Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

Popular posts from this blog