കൽക്കണ്ടം പോലൊരു പെണ്ണ്!

 



കൽക്കണ്ടം പോലൊരു പെണ്ണ്! 



                                        കൽക്കണ്ടം പോലൊരു പെണ്ണ്! 

അവളെ ആദ്യമായി കണ്ടുമുട്ടിയിട്ട് ഇപ്പോൾ രണ്ടു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഒന്നരവർഷത്തോളം വെറുമൊരു സഹപ്രവർത്തകയായി മാത്രമാണ് അവൾ എന്റെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നത്. എന്നാൽ കാലം ഞങ്ങളുടെ സൗഹൃദത്തിന് പുതിയൊരു ഭാവം നൽകി; വൈകിയാണെങ്കിലും ആ ആത്മാവിന്റെ ആഴങ്ങൾ അടുത്തറിയാൻ എനിക്ക് സാധിച്ചു. ആദ്യമായി കണ്ട ആ നിമിഷം തന്നെ, എന്റെ ഹൃദയത്തിന്റെ ശ്രീകോവിലിൽ സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും ഉത്തമ മാതൃകയായി ഞാൻ അവളെ പ്രതിഷ്ഠിച്ചിരുന്നു.

തനിക്ക് ഏൽപ്പിക്കപ്പെട്ട ജോലികൾ അങ്ങേയറ്റം വൃത്തിയോടെയും, അതൊരു ഹരമായി സമയബന്ധിതമായും ചെയ്തുതീർക്കുന്ന അവളുടെ ആ സമർപ്പണം എന്നും എനിക്ക് കൗതുകമായിരുന്നു. ജീവിതത്തിന്റെ തിരക്കുകളിൽ പലരെയും നമ്മൾ കണ്ടുമുട്ടാറുണ്ട്. എന്നാൽ എന്റെ മനസ്സിന്റെ ഉരക്കല്ലിൽ വെച്ച് തുലനം ചെയ്യുമ്പോൾ, മനുഷ്യത്വത്തിന്റെ അളവുകോലിൽ അവൾ എപ്പോഴും എന്നെക്കാൾ ഒരു നാലഞ്ചു പടി ഉയരത്തിൽ തന്നെ സ്ഥാനമുറപ്പിക്കുന്നു.

മനുഷ്യരെ എങ്ങനെ ചേർത്തുപിടിക്കണമെന്ന് അവൾ എനിക്ക് കാണിച്ചുതന്നു. നമ്മളെ ആവശ്യമുള്ളവരെ തിരിച്ചറിഞ്ഞ്, അവർക്ക് മനസ്സിൽ സ്നേഹത്തിന്റെ ഒരിടം നൽകാൻ അവൾ കാണിക്കുന്ന ആ മഹാമനസ്കത എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തനിക്ക് ഒട്ടും ബോധ്യമില്ലാത്തത്രയും ആഴത്തിൽ അവൾ എന്റെ ജീവിതത്തെ സ്വാധീനിച്ചിരിക്കുന്നു; അവളുടെ അനന്യമായ ആശയങ്ങളും കാഴ്ചപ്പാടുകളും എന്റെ ചിന്തകളെപ്പോലും അടിമുടി മാറ്റിമറിച്ചു.

കാലം ഇനിയും മുന്നോട്ട് പോകും. വർഷങ്ങൾ കഴിഞ്ഞാൽ ചിലപ്പോൾ ഞങ്ങൾ പരസ്പരം വിളിച്ചെന്നുവരില്ല, കണ്ടുമുട്ടിയെന്നുവരില്ല. എങ്കിലും എന്റെ ഓർമ്മച്ചെപ്പിൽ എന്നെന്നും സൂക്ഷിക്കുന്ന ചുരുക്കം ചില മുഖങ്ങളിൽ അവളുടെ മുഖം എന്നും തിളങ്ങിനിൽക്കും. മനുഷ്യനെ മനുഷ്യനായി കാണാനും, ഓരോരുത്തരുടെയും പരിമിതികളോടും കുറവുകളോടും കൂടി അവരെ ഉൾക്കൊള്ളാനും, അവരിലെ നന്മകളെ സ്നേഹപൂർവ്വം അടയാളപ്പെടുത്താനും അവൾ കാണിക്കുന്ന ആത്മാർത്ഥതയാണ് എന്നിൽ അവളോട് അപാരമായ ആദരവ് ഉണ്ടാക്കിയത്. തിരക്കുകൾക്കിടയിലും എന്നെ വിളിക്കാനും ഒരു ചെറിയ സന്ദേശം അയക്കാനും അവൾ കാണിക്കുന്ന ആ കരുതൽ എന്നെ കൂടുതൽ അവളിലേക്ക് അടുപ്പിച്ചു.

കൂടെയുള്ളവരെ ചേർത്തുപിടിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ സമ്പത്താണെന്ന് അവൾ എന്റെ ജീവിതത്തിൽ തെളിയിച്ചു തന്നു. ഈ യാത്രയിൽ അവൾ എനിക്ക് വെറുമൊരു കൂട്ടുകാരി മാത്രമല്ല; എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ആദിത്യയാണ്.

മധുരം തുളുമ്പുന്ന ആ മനസ്സിന് ഉടമയായ എന്റെ പ്രിയപ്പെട്ടവൾ... ശരിക്കും, കൽക്കണ്ടം പോലൊരു പെണ്ണ്.



Nasila Jasmin

Assistant Professor of English

Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

Popular posts from this blog