ഒരേയൊരു തലൈവർ
തലമുറകൾ മാറി, ടെക്നോളജി മാറി, സിനിമയുടെ ഭാഷ മാറി. പക്ഷേ 50 വർഷമായി തെന്നിന്ത്യൻ സിനിമയിൽ മാറാത്ത ഒരൊറ്റ കാര്യമേയുള്ളൂ. തിയേറ്ററിലെ ലൈറ്റ് അണയുമ്പോൾ ആ നീല അക്ഷരങ്ങളിൽ തെളിയുന്ന പേര്. സൂപ്പർസ്റ്റാർ രജിനി. അതൊരു ടൈറ്റിൽ കാർഡ് അല്ല. കോടിക്കണക്കിന് ആരാധകരുടെ സിരകളിലേക്ക് പടരുന്ന ഹൈ വോൾട്ടേജ് കറൻ്റ് ആണ്.
ഇതൊരു സാധാരണ സിനിമാതാരത്തിൻ്റെ കഥയല്ല. ഇതൊരു പച്ചയായ മനുഷ്യൻ ഒരു നാടിൻറെ കടവളായി മാറിയതിൻ്റെ ചരിത്രമാണ്.
ഈ കഥ തുടങ്ങുന്നത് മദ്രാസിലെ സ്റ്റുഡിയോകളിൽ അല്ല. ബാംഗ്ലൂരിലെ പൊടിപിടിച്ച തെരുവുകളിലാണ്. 1950 ഡിസംബർ 12. രാമോജിറാവ് ഗേക്വാദ എന്ന കോൺസ്റ്റബിളിന് നാലാമത്തെ മകൻ ജനിക്കുന്നു. പേര് ശിവാജിറാവ് ഗേക്വാദ്. അവൻ്റെ ഒൻപതാം വയസ്സിൽ അമ്മ മരണപ്പെട്ടു. പിന്നാലെ പട്ടിണിയും ദാരിദ്ര്യവും വലിഞ്ഞുമുറുകുന്ന ജീവിത പ്രാരാബ്ധങ്ങൾ. പഠിത്തം പ്രതിസന്ധിയിലായപ്പോൾ ആ പയ്യൻ കയ്യിൽ കിട്ടിയ പണിയെല്ലാം ചെയ്തു. ചുമട്ടു തൊഴിലാളിയായി ചാക്കുകൾ ചുമന്നു. കൺസ്ട്രക്ഷൻ സൈറ്റുകളിൽ സിമൻറ് കൂട്ടി. കാലം അങ്ങനെ മുന്നോട്ടുപോയി. പിന്നീട് ആ ജീവിതം അല്പമെങ്കിലും പച്ചപിടിക്കുന്നത് ബാംഗ്ലൂർ ട്രാൻസ്പോർട്ട് സർവീസിലെ ഒരു കണ്ടക്ടർ ജോലിയിലൂടെയാണ്. റൂട്ട് നമ്പർ 105ൽ 750 രൂപ ശമ്പളത്തിൽ അയാൾ ജോലിക്ക് കയറി. പക്ഷേ ആ കണ്ടക്ടർ ജോലിയിലും അയാൾക്ക് അയാളുടേതായ ഒരു സ്റ്റൈൽ ഉണ്ടായിരുന്നു. വിസിൽ അടിക്കുന്നതിൽ ഒരു പ്രത്യേക താളം. ചില്ലറ തിരിച്ചു കൊടുക്കുന്നതിൽ ഒരു മാജിക്കൽ ടച്ച്. കാറ്റിൽ മുടി വാരുമ്പോൾ തോളു വെട്ടിച്ച ഒരു നടത്തം. അന്നത്തെ ബാംഗ്ലൂർ നാഷണൽ കോളേജിലെയും വിജയ കോളേജിലെയും വിദ്യാർത്ഥികൾക്ക് കണ്ടക്ടറായ രജനി ഒരു ഹരമായിരുന്നുവെന്ന് പിൽക്കാലത്ത് ബിടിഎസ് ഡിപ്പോയിലെ മറ്റ് കണ്ടക്ടർമാരും ജീവനക്കാരും ഓർത്തെടുത്തിട്ടുണ്ട്.
പക്ഷേ ബസ്സിലെ ഹീറോയിസം അല്ല, തൻ്റെ വിധി മറ്റെവിടെയോ ആണെന്ന് ആ 23 കാരൻ്റെ മനസ്സ് നിരന്തരം പറയുന്നുണ്ടായിരുന്നു. പകൽ ബാംഗ്ലൂരിലെ നിരത്തുകളിലൂടെ പാഞ്ഞ ബസുകളിൽ അവൻ സ്വപ്നം കണ്ടു. രാത്രികളിൽ അവൻ നാടകവേദികളിൽ ആ സ്വപ്നങ്ങൾക്ക് ചിറകു തുന്നി. അവന്റെ കണ്ണിലെ ആ കനൽ കണ്ട കൂട്ടുകാരൻ രാജ് ബഹുദൂർ ആണ് ഒരു ധൈര്യം കൊടുക്കുന്നത്. “ശിവാജി നിനക്ക് ചേർന്നത് ഈ നഗരമല്ല. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആണ്. നീ അങ്ങോട്ട് പോകണം.“ അങ്ങനെ സുരക്ഷിതമായ സർക്കാർ ജോലി വലിച്ചെറിഞ്ഞ് മദ്രാസിലേക്കുള്ള ആ പോക്ക് ഇന്ത്യൻ സിനിമയുടെ ചരിത്രത്ത തന്നെ മാറ്റിമറിക്കുമെന്ന് അന്നാരും അറിഞ്ഞതേയില്ല.
ജോലിവിട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള ആ പോക്കിൽ അച്ഛനും സഹോദരങ്ങൾക്കും എതിർപ്പുണ്ടായിരുന്നു. ദാരിദ്ര്യവും ഒട്ടിയവയറും കൂട്ടിനുണ്ടായിരുന്ന ആ നാളുകളിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു സ്റ്റേജ് നാടകമാണ് അവൻ്റെ വിധി മാറ്റികൊടുക്കുന്നത്. ഒരു ദിവസം ആ നാടകം കാണാൻ മുന്നനിരയിൽ ഒരാൾ ഇരിപ്പുണ്ടായിരുന്നു. കോളിവുഡിൻ്റെ അന്നത്തെ തലതൊട്ടപ്പൻ സാക്ഷാൽ കെ. ബാലചന്ദ്രൻ. സ്റ്റേജിൽ ആ പയ്യന്റെ തീപാറുന്ന ചലനങ്ങളും അസാധാരണ കാന്തികശക്തിയും ബാലചന്ദ്രന് നന്നേ ബോധിച്ചു. നാടകത്തിന് കർട്ടൻ വലിച്ച ശേഷം അയാൾ ആ പയ്യനെ അരികിലേക്ക് വിളിക്കുകയാണ്. മുഖത്തേക്ക് സുക്ഷിച്ചു നോക്കികൊണ്ട് ബാലചന്ദ്രൻ പറഞ്ഞു., എൻ്റെ അടുത്ത സിനിമയിൽ നിനക്ക് വേഷം തരാം പക്ഷേ ഒരൊറ്റ നിബന്ധനയുണ്ട്, നീ തമിഴ് പഠിക്കണം.
വർഷം 1975 സംവിധായകൻ കെ. ബാലചന്ദ്രൻ്റെ അപൂർവ്വ രാഗങ്ങൾ തിയേറ്ററുകളിൽ തരംഗമായി ഓടുന്നു. കമൽ ഹാസൻ എന്ന അന്നത്തെ സൂപ്പർ താരം നിറഞ്ഞാടുന്ന സിനിമ. പക്ഷേ തിയേറ്ററിൽ നിന്ന് ഇറങ്ങിയ ആളുകൾ പരസ്പരം ചോദിച്ചത് മുഷിഞ്ഞ കുപ്പായമിട്ട, താടിയും മീശയുമുള്ള ഒരു മെലിഞ്ഞ ചെറുപ്പക്കാരനെയാണ്. സ്ക്രീനിൽ വെറും 15 മിനിറ്റ് മാത്രമായിരുന്നു അയാൾക്ക് ഉണ്ടായിരുന്നത്. അതിനിടയക്ക് ശിവാജിറാവ് എന്ന മറാട്ടിക്ക് ബാലചന്ദ്രൻ മറ്റൊരു പേര് നൽകിയിരുന്നു. രജനികാന്ത്.
അന്ന് ശിവാജി ഗണേശൻ നിറഞ്ഞാടുന്ന കാലം കൂടിയായതിനാൽ അതേ പേരിൽ മറ്റൊരാൾ വേണ്ടെന്ന് കരുതികൂടിയായിരുന്നു ആ തീരുമാനം. തുടക്കകാലത്ത് രജിനി നായകവേഷങ്ങൾ ഒന്നുമല്ലായിരുന്നു ചെയ്തിരുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ ഒരു വൃത്തികെട്ട വില്ലൻ. പക്ഷേ വില്ലൻ വേഷങ്ങളിൽ അധികനാൾ അയാൾ തളക്കപ്പെട്ടില്ല. 1977ൽ എസ്. പി മുത്തിരാമന്റെ ഭുവന ഒരു കേൾവിക്കുറി എന്ന ചിത്രത്തിലൂടെ രജിനി ആദ്യമായി ഒരു പോസിറ്റീവ് ക്യാരക്ടർ ആയി മാറി. തുടർന്നുവന്ന മുള്ളും മലരും ചിത്രമാണ് അയാളുടെ കരിയർ മാറ്റിമറിക്കുന്നത്. മഹേന്ദ്രൻ എന്ന സംവിധായകൻ രജനിയുടെ ഉള്ളിലെ അസാധാരണ നടനെ പുറത്തെടുത്തു. ഒരു കൈ നഷ്ടപ്പെട്ട തങ്കച്ചിയെ ജീവനതുല്യം സ്നേഹിക്കുന്ന കാളി എന്ന കഥാപാത്രം. കെട്ട പയ്യൻ സാർ ഇന്ദ കാളി എന്ന് രജനീകാന്ത് അലറിയപ്പോൾ തിയേറ്ററുകൾ ഇളകിമറിഞ്ഞു. പിന്നീട് അയാൾക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടായിട്ടേയില്ല.
ഇവിടെ ഒരു പ്രധാനപ്പെട്ട ചോദ്യം ഉയരുന്നുണ്ട്. സ്വന്തം ഭാഷയെ ജീവനേക്കാൾ സ്നേഹിക്കുന്ന, ഹിന്ദിക്കെതിരെ കലാപം നടത്തിയ നാട്ടിൽ ഒരു മറാത്തി സംസാരിക്കുന്ന ആൾ എങ്ങനെ തലയവർ ആയി? ഉത്തരം വളരെ ലളിതമാണ്. അയാൾ അവരിൽ ഒരാളായിരുന്നു. അതായത് അന്നത്തെ തമിഴ് സിനിമയിലെ നായക സങ്കലപങ്ങൾ വെളുത്തുതുടുത്ത സൗന്ദര്യമുള്ള രാജകീയ പ്രൗിയുള്ള ആളുകളായിരുന്നു. പക്ഷേ രജനി അങ്ങനെയായിരുന്നില്ല. കറുത്ത നിറവും പരുക്കൻ മുടിയും ചപ്പിയ കവിളുകളുമായാണ് അയാൾ വന്നത്. ഒരു ഓട്ടോ ഡ്രൈവർ കണ്ണാടിയിൽ നോക്കുമ്പോൾ, അല്ലെങ്കിൽ പണിയെടുക്കുന്ന ഒരാൾ തിയേറ്ററിലെ വെള്ളിത്തീരിലേക്ക് നോക്കുമ്പോൾ അവരെല്ലാം രജിനിയിലൂടെ കണ്ടത് തങ്ങളെ തന്നെയാണ്. ഒരു കോമൺ മാൻ തന്റെ കഠിനാധ്വാനം കൊണ്ടും ആത്മാർത്ഥത കൊണ്ടും എങ്ങനെ അധികാരവർഗ്ഗത്തിന്റെ
മുഖത്തടിക്കുന്നു എന്ന സാധാരണക്കാരൻ്റെ സ്വപ്നമാണ് രജിനി സിനിമകൾ വിറ്റത്. അതുകൊണ്ടുതന്നെ അവർക്ക് രജിനി വെറുമൊരു നടനായിരുന്നില്ല. അവരുടെ തന്നെ പ്രതിനിധിയായിരുന്നു. അവരുടെ സ്വന്തം ശബ്ദമായിരുന്നു. അയാൾ സ്ക്രീനിൽ കാണിച്ചത് അവരുടെ ഇമോഷനുകൾ ആയിരുന്നു. രജനീകാന്ത് എന്നാൽ ആക്ടിംഗ് മാത്രമല്ല, അതൊരു വികാരമാണ്. ഒരു സ്വാഗാണ്. അതൊരു സ്റ്റൈൽ ആണ്. സിഗരറ്റ് ചുണ്ടിലേക്ക് പറന്നെത്തുന്ന ആ ഫ്ലിപ്പ്. കണ്ണട കയ്യിലിട്ട് കറക്കി ഒറ്റയടിക്ക് മുഖത്തു വെക്കുന്ന വേഗത. ഇതൊന്നും ഒരു അഭിനയ സ്കൂളിൽ നിന്നും പഠിച്ചതല്ല. കണ്ടക്ടർ ആയിരുന്ന കാലത്ത് ബസ്സിലെ വിരസത മാറ്റാൻ അവൻ സ്വന്തമായി കണ്ടെത്തിയ മാജിക്കുകൾ ആയിരുന്നു.
പക്ഷേ വിമർശനങ്ങൾക്ക് നടുവിലും രജനീകാന്തിനെ ഒരു അത്ഭുതമായി നിലനിർത്തുന്ന വേറൊരു സത്യമുണ്ട്. വെള്ളിത്തിരയിൽ വിഗ്ഗും മേക്കപ്പും ഇട്ട് സൂപ്പർ ഹീറോ ആയി ആടുന്ന അതേ മനുഷ്യൻ തിയേറ്ററിന്റെ വാതിൽ വിട്ടാൽ പുറത്തിറങ്ങി നടക്കുന്നത് കഷണ്ടിയും നരച്ച താടിയും ഒരു സാധാരണ വെള്ളകുർത്തയും ധരിച്ചാണ്. ഇന്ത്യൻ സിനിമയിലെ മറ്റൊരു സൂപ്പർ താരവും കാണിക്കാത്ത സത്യസന്ധത. തൻ്റെ പ്രായാധിക്യത്തെയോ കുറവുകളെയോ ഒളിച്ചുവെക്കാൻ അയാൾ ഒരിക്കലും ഭയന്നില്ല. തന്നെ സിംഹാസനത്തിൽ ഇരുത്തി ദൈവമാക്കാൻ നോക്കിയ ജനക്കൂട്ടത്തിനു മുന്നിൽ അന്നും ഇന്നും തലകുണിച്ച് കൈകൂപ്പി നിന്നുകൊണ്ട് അയാൾ ചിരിക്കുന്നു. സാധാരണക്കാരന് സ്വപ്നം കാണാൻ ധൈര്യം കൊടുത്ത അസാധ്യമായത് ഒന്നുമില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ഒരു ഇതിഹാസം.
Ms. Mekha. C. M., Assistant Professor of Commerce,
Al Shifa College of Arts and Science, Keezhattur, Perinthalmanna
Comments
Post a Comment