- നമ്മളാൽ....


ആൾക്കൂട്ടങ്ങളാൽ വിധിക്കപ്പെടുന്ന, ചാപ്പ കുത്തപ്പെടുന്ന കാലത്താണ് ഇന്നും നമ്മൾ ജീവിക്കുന്നത്. പലപ്പോഴും അത് ഉണ്ടാക്കുന്ന അന്തരീക്ഷം അത്ര നിസ്സാരമായി തള്ളി കളയാൻ കഴിയുന്നതല്ല. തികച്ചും ഉൾകൊള്ളാൻ കഴിയാത്ത കാര്യങ്ങളെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ അവരുടെ ചിന്തയെ സ്വാധീനിക്കാൻ എല്ലാം ഈ ആൾക്കൂട്ട വിചാരണകൾ കാരണമാകുന്നു. സമൂഹത്തിലെ പല പല തെറ്റായ ധാരണകളും ഇത്തരത്തിൽ എവിടെയൊക്കെയോ ഇരുന്ന് ഏതൊക്കെയോ ആൾക്കൂട്ടം പടച്ച് വിട്ടതാണെന്ന് തോന്നാറുണ്ട്.

മനുഷ്യ വികാരങ്ങളോ ബുദ്ധിമുട്ടുകളോ ട്രോമകളോ ഒന്നും പരിഗണിക്കാതെ ഉള്ള ആൾക്കൂട്ട വിലയിരുത്തലുകൾ ഓരോരുത്തരെയും ബാധിക്കുന്നത് നമ്മൾ വിചാരിക്കുന്നതിലും ആഴത്തിൽ ആണ്. ഈ പറയുന്ന  ആൾക്കൂട്ടം എന്നത് ഞാനോ നിങ്ങളോ മനഃപൂർവമോ അറിയാതെയോ ഭാഗമായിട്ടുള്ള ഒന്നാവാം .......

ഒരനുഭവം പറയുകയാണെങ്കിൽ, കോളേജിൽ നടന്ന ആർട്സ് ഡേയ്ക്ക്  വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകത്തിൽ ഒരു രാഷ്ട്രീയക്കാരൻ ഒരു പെൺകുട്ടിയെ റേപ്പ് ചെയ്യുന്ന രംഗം ഉണ്ടായിരുന്നു, എത്രയോ ആളുകളെ ട്രിഗ്ഗർ ചെയ്യുന്ന, അവരുടെ ട്രോമകളെ സൂചിപ്പിക്കുന്ന, ജീവിതത്തിൽ ഒരിക്കലെങ്കിലും sexual abuse നേരിട്ടുട്ടുള്ള ( ഏത് Gender ആളുകളും ) ഏതൊരാളെയും പ്രതിനിധീകരിച്ച് സംസാരിക്കുന്ന ഒരു ഭാഗം കൂടെ ആയിരുന്നു അത് നാടകത്തിൽ .ഞാൻ പറഞ്ഞു വരുന്നത് ആ നാടകത്തിന്റെ അവതരണമോ ആ രംഗത്തിന്റ അവതരണത്തെയോ കുറിച്ചല്ല മറിച്ച് ആ നാടകത്തിനോട് ആ രംഗത്തിനോട് പ്രതികരിച്ച ആ ഓഡിറ്റോറിയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന കാണികളെ കുറിച്ചാണ്. അത്രയും സ്പർശബോധമുള്ള ഒരു രംഗം അവതരിപ്പിക്കുമ്പോൾ എത്രയോ പേരെ പ്രതിനിധീകരിച്ച, അവരുടെ അവസ്ഥകളെയും അത് തരണം ചെയ്യുന്നതും അവതരിക്കുമ്പോഴും അത് കണ്ടിരുന്ന പ്രേക്ഷകർ പ്രതികരിച്ചിരുന്ന രീതി വളരെ വിചിത്രമായിട്ടാണ്. റേപ്പ് ജോക്കുകൾ പറയുകയും, റേപ്പ് സീനിനെ കയ്യടിച്ചു പ്രോത്സാഹപ്പിക്കുകയും അത് തരണം ചെയ്ത് വരുന്ന ആളെ കളിയാക്കുന്ന കമന്റ്‌കളും അവിടെ നിറഞ്ഞു, എന്തിന് എത്രയോ അധ്യാപകർ പോലും ആ റേപ്പ് സീനിൽ ചിരിക്കുന്നുണ്ടായിരുന്നു റേപ്പ് ജോക്സ് പറയുന്നുണ്ടായിരുന്നു. ഈ കാണികളുടെ മനോഭാവം എല്ലാം നമ്മെ പേടിപ്പെടുത്തുന്നതാണ്.അപ്പോഴും ആ കൂവി വിളികൾക്കും ഉൾകൊള്ളാൻ കഴിയാത്ത തമാശകൾക്കിടയിലും ആ ആൾകൂട്ടത്തിൽ ആ ഓഡിറ്റോറിയത്തിൽ അതിനിടയിൽ ആ രംഗം കണ്ട് ശ്വാസം മുട്ടുന്ന ഈ കാണികളുടെ ബഹളത്തിൽ തന്റെ കഴിഞ്ഞുപോയ ട്രോമകൾ ട്രിഗ്ഗർ ആയി ഹൃദയമിടിപ്പ് കൂടി എത്രയോ ആളുകൾ ഇരുന്നിട്ട് ഉണ്ടാവും എന്നത് തീർച്ചയാണ്.  

മലയാളത്തിൽ അഷറഫ് ഹംസ രചനയും സംവിധാനവും നിർവഹിച്ച് വിനയ് ഫോർട്ട്‌, ചിന്നു ചാന്ദിനി പ്രധാന കഥാപാത്രങ്ങളായിട്ടുള്ള “തമാശ” എന്നൊരു സിനിമ ഉണ്ട്. എങ്ങനയാണ്എത്രത്തോളം ആണ് ആൾക്കൂട്ട വിചാരണകൾ ഒരു മനുഷ്യനെ സ്വാധീനിക്കുന്നത് എന്ന് കൃത്യമായി കാണിച്ചു തരുന്ന സിനിമയാണത്. “നാട്ടുകാർ എന്ത് വിചാരിക്കും” എന്ന് എപ്പോഴും ചിന്തിച്ച് കൊണ്ട് നടക്കുന്ന ഒരു കഥാപാത്രം ആണ് വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്നത്, ഒരു കോളേജ് അധ്യാപനകനായ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ യാത്ര. സിനിമയിൽ ഉടനീളം ആൾക്കൂട്ട വിചാരണകളുടെ, സൈബർ bullying ന്റെ ബോഡി shaming ന്റെ കൃത്യമായ അവസ്ഥകൾ പറഞ്ഞു പോകുന്നു.

നാടകത്തിനെ നാടകമായി കണ്ടാൽ പോരെ, സിനിമയെ സിനിമയായി കണ്ടാൽ പോരെ എന്ന് പറയുന്നവരോട്, എന്നാൽ അത് അങ്ങനെ അല്ല   സിനിമയിലും നാടകത്തിലും പാട്ടിലും ആൾക്കൂട്ട വിചാരണകളിലും എല്ലാം എല്ലാം മനുഷ്യനെ സ്വാധീനിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ട്.

മനുഷ്യൻ ഒരു സമൂഹജീവി ആയത് കൊണ്ട് തന്നെ, മനുഷ്യ മനസ്സുകൾ എത്രയോ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയും എന്നുള്ളത് കൊണ്ട് തന്നെ നമ്മൾ ഉൾപ്പെടുന്ന ഈ ചുറ്റുപാടുകൾ നമ്മൾ കാണുന്ന കേൾക്കുന്ന ഈ സമൂഹം നമ്മളെ നിരന്തരം സ്വാധീനിച്ചു കൊണ്ടേ ഇരിക്കുന്നു. നമ്മളും നമ്മളുടെ പ്രവർത്തികളും പലരേയും നമ്മളറിയാതെ സ്വാധീനിച്ചു കൊള്ളുന്നു……



Azad. P
Assistant Professor of Psychology
Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

Post a Comment

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്