ഉയർന്നു പറക്കുന്ന പാറ്റകൾ

 

വർത്തമാന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവവികാസമാണ് ജെൻസി തലമുറയുടെ കോക്രോച്ച് ജനത പാർട്ടി മുന്നേറ്റം. ചിലർ ഇതിനെ അരാഷ്ട്രീയ മുന്നേറ്റം എന്ന് വിശേഷിപ്പിക്കുമ്പോഴും വ്യക്തമായ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് എന്ന് ഏതൊരു സാധാരണ പൗരനും മനസ്സിലാക്കാവുന്നതേയുള്ളൂ. കേവലം യുവാക്കളുടെ കൂട്ടായ്മയോ സംഘടനയോ ആയി മാത്രം ഇതിനെ ചുരുക്കി കാണുന്നത് ഒരു തലമുറയോടുള്ള വിയോജിപ്പായി മാത്രമേ കാണാൻ കഴിയൂ. നീതിന്യായ വ്യവസ്ഥയുടെ അമരത്തിരുന്ന ഒരാളുടെ വികലമായ പദപ്രയോഗത്തിന്റെ സൃഷ്ടി മാത്രമല്ല കോക്രോച്ച് മുന്നേറ്റം. കാലങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന ജനവിരുദ്ധ വരേണ്യ-ഫാസിസ്റ്റ് രാഷ്ട്രീയ വ്യവസ്ഥിതിക്കെതിരായ വിപ്ലവ ആഹ്വാനമാണിതെന്ന് നിസ്സംശയം പറയാൻ കഴിയും.

ലോകത്തെ ഫാസിസ്റ്റ് ഭരണകർത്താക്കളുടെയെല്ലാം ചരിത്രം പരിശോധിച്ചാൽ ബോധ്യപ്പെടുന്ന ഒരു പൊതുവായ കാര്യം അവരെല്ലാം ഇല്ലാതായത് അല്ലെങ്കിൽ അത്തരം ഭരണകൂടങ്ങളെല്ലാം തകർന്നത് വിപ്ലവങ്ങളിലൂടെയാണ് എന്നതാണ്. കടുത്ത വിവേചനത്തിൽ നിന്നും പട്ടിണിയിൽ നിന്നും രൂപം കൊണ്ട വിപ്ലവങ്ങളുടെ മാതാവായ ഫ്രഞ്ച് വിപ്ലവം  മുതൽ റഷ്യയിലെ  ഫെബ്രുവരി, ഒക്ടോബർ വിപ്ലവങ്ങൾ അറബ് ലോകത്തെ മുല്ലപ്പൂ വിപ്ലവം ഏറ്റവുമൊടുവിൽ ഇന്തോനേഷ്യയിലും നേപ്പാളിലും നടന്ന വിപ്ലവങ്ങൾ. ചെറുതും വലുതുമായ എത്രയെത്ര പോരാട്ടങ്ങൾ എത്രയെത്ര വിപ്ലവങ്ങൾ. ഏതൊരു ഭരണകൂടത്തെയും ഭരണവ്യവസ്ഥകളെയും മാറ്റി മറിക്കാൻ ജനങ്ങൾ തീരുമാനിച്ചാൽ ഒരു ശക്തിക്കും അവരെ തടയാൻ കഴിയില്ല എന്ന വസ്തുത കാലാകാലങ്ങളായി  തെളിയിക്കപ്പെട്ടതാണ്. ജനജീവിതം ദുസഹമാക്കുന്ന ഭരണാധികാരികളെ വിപ്ലവങ്ങളിലൂടെ താഴെയിറക്കുന്നതും ജനാധിപത്യമാണ് എന്ന് അംഗീകരിക്കാതിരിക്കാനാവില്ല.

എന്തുകൊണ്ട് ജെൻസികൾ തെരുവിലിറങ്ങാൻ തയ്യാറെടുക്കുന്നു എന്നത് സസൂക്ഷ്മം പരിശോധിക്കേണ്ടിയിരിക്കുന്നു.   കാലഹരണപ്പെട്ട ജാതി-മത സിദ്ധാന്തങ്ങളിലൂന്നിയ ഭരണ വ്യവസ്ഥയും അപര വിദ്വേഷത്തിലൂന്നിയ വിഭജന രാഷ്ട്രീയ സംസ്കാരവും അവസാനിപ്പിക്കാനോ തടയിടാനോ നിലവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കഴിയാതെ വരുന്ന കാലത്ത്, ഇതിലൊന്നും തരിമ്പും താല്പര്യമില്ലാത്ത അതേസമയം ഇതിനെ അങ്ങേയറ്റം വെറുക്കുന്ന ഒരു യുവതലമുറ ഇവിടെ സജീവമാകാൻ പോകുന്നു എന്നത് ഏറെ പ്രതീക്ഷയോടെയാണ് നാം നോക്കി കാണേണ്ടത്.

ഇതിനെല്ലാം പുറമേ രാജ്യം സാമ്പത്തികമായി ശിഥിലമാകുന്നു എന്നത് മറ്റൊരു സുപ്രധാന കാരണമാണ്. ഇന്ത്യയുടെ സാമ്പത്തിക രംഗം മുൻകാലങ്ങളിലില്ലാത്ത വിധം തകർന്നു കൊണ്ടിരിക്കുകയാണ്. രൂപ അതിൻറെ ഏറ്റവും വലിയ തകർച്ച നേരിട്ടുകൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ കുത്തനെ ഉയർന്നിരിക്കുന്നു ആഗോള ദാരിദ്ര്യം സൂചികയിൽ ഇന്ത്യ ഏറ്റവും മോശം സ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീരോ ചക്രവർത്തിയെ അനുസ്മരിപ്പിക്കും വിധം, രാജ്യം ദുരിതം പേറുമ്പോൾ പ്രധാനമന്ത്രി വിദേശരാജ്യങ്ങളിൽ സൗഹൃദ സംഗമങ്ങളും മധുരവിതരണവും നടത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയെ വീണ്ടെടുക്കാൻ ആവശ്യമായ നയങ്ങളുടെ രൂപീകരണത്തിന് പകരം രാജ്യത്തെ വ്യാവസായിക മുതലാളിമാരുടെ താല്പര്യമനുസരിച്ച് മാത്രമാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇതെല്ലാം കാണുകയും ചർച്ച ചെയ്യുകയും രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്ന ചിലരും ഇവിടെയുണ്ട്. സാമ്പത്തിക രംഗം വിധം പാറുമാറായിരിക്കുമ്പോഴും അതിലൊന്നും തെല്ലും ശ്രദ്ധ കേന്ദ്രീകരിക്കാതെ യാതൊരുവിധ പരിഹാര നയങ്ങളും രൂപീകരിക്കാതെ രാജ്യത്തെ മറന്ന് ലോകം കണ്ട് ആസ്വദിക്കുന്ന ഭരണകർത്താക്കളെ തലമുറ നിരന്തരം വിമർശന വിധേയമാക്കുന്നു.

ജനങ്ങളുടെ അടിസ്ഥാനപരമായ ചിന്തകളെയും വിശ്വാസങ്ങളെയും പ്രസംഗങ്ങളിലൂടെയും വൈകാരിക പ്രകടനങ്ങളിലൂടെയും സ്വാധീനിച്ച് മാനിപ്പുലേറ്റ് ചെയ്യുന്ന ഭരണകൂടത്തെ കേവലമായ വിമർശനങ്ങളിലൂടെയോ എതിർ പ്രസംഗങ്ങളിലൂടെയോ തിരുത്താനാവില്ല എന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു വിപ്ലവം ഏറ്റവും അനിവാര്യമായ സാഹചര്യത്തിലാണ് ഈയൊരു മുന്നേറ്റം എന്നത് ഭരണകൂടത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അതിൻ്റെ പ്രകടമായ ലക്ഷണമാണ് മുന്നേറ്റത്തിൻ്റെ ഇൻസ്റ്റഗ്രാം, എക്സ് അക്കൗണ്ടുകൾ സർക്കാർ ഏജൻസികൾ പൂട്ടിക്കൊണ്ടിരിക്കുന്നത്. എത്ര തവണ പൂട്ടിയാലും ഏതെല്ലാം വിധത്തിൽ തടഞ്ഞാലും വീണ്ടും വീണ്ടും അവർ മുന്നോട്ട് വരുന്നു എന്നത് സൂചിപ്പിക്കുന്നത് അവരുടെ നിശ്ചയദാർഢ്യമാണ് കാണിക്കുന്നത്.

ഒരു വിപ്ലവവും ഏതെങ്കിലും ഒരു വിഭാഗത്തിൻറെ മാത്രം ഉയർച്ചയ്ക്ക് വേണ്ടിയല്ല നടക്കുന്നത്. അതിന്റെ ഗുണഭോക്താക്കൾ ഒരു മുഴുവൻ പ്രദേശമോ അല്ലെങ്കിൽ രാജ്യമോ ആയിരിക്കും. അതിനാൽ ഉയർന്നുവരുന്ന വിപ്ലവത്തിന് നിരുപാധികം പിന്തുണ നൽകുക എന്നത് അത്യന്താപേക്ഷികമാണ്, കാലം നമ്മളിലർപ്പിക്കുന്ന കർത്തവ്യമാണ്. ഇംഗ്ലണ്ടിലെ രക്തരഹിത വിപ്ലവത്തിന് സമാനമായ ഒരു വിപ്ലവം ഇന്ത്യയിലും വരട്ടെ...



Rahul. E

Assistant Professor of Commerce, 

Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

Post a Comment

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്