സിൻക്രോണിസിറ്റി: യാദൃശ്ചികതകൾക്ക് പിന്നിൽ അദൃശ്യമായ നിയമങ്ങളുണ്ടോ?




വളരെക്കാലമായി കാണാത്ത, അല്ലെങ്കിൽ ഓർമ്മയിൽ പോലുമില്ലാതിരുന്ന ഒരു പഴയ കൂട്ടുകാരനെക്കുറിച്ച് നിങ്ങൾ പെട്ടെന്ന് ഒരു രാവിലെ ചിന്തിക്കുന്നു; അന്ന് വൈകുന്നേരം ബസ് സ്റ്റാൻഡിൽ വെച്ചോ വഴിയിൽ വെച്ചോ തികച്ചും യാദൃശ്ചികമായി നിങ്ങൾ അവനെ കണ്ടുമുട്ടുന്നു! അല്ലെങ്കിൽ തികച്ചും അപരിചിതമായ പുതിയൊരു വാക്ക് നിങ്ങൾ ഒരു പുസ്തകത്തിൽ വായിക്കുന്നു; അത്ഭുതമെന്നു പറയട്ടെ, അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ അതേ വാക്ക് റേഡിയോയിലും ടിവിയിലും സുഹൃത്തുക്കളുടെ സംഭാഷണങ്ങളിലുമെല്ലാം വീണ്ടും വീണ്ടും കേൾക്കുന്നു. നമ്മുടെയെല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. അന്നേരം നമ്മൾ അത്ഭുതത്തോടെ ചിന്തിക്കും.

"ഇതൊരു കേവല യാദൃശ്ചികത മാത്രമാണോ, അതോ ഇതിന് പിന്നിൽ ഭൗതികശാസ്ത്രത്തിന് അറിയാത്ത ഏതോ അദൃശ്യമായ കൈകൾ പ്രവർത്തിക്കുന്നുണ്ടോ?"

നമ്മൾ സാധാരണയായി ഇതിനെ "ആകസ്മികത" അല്ലെങ്കിൽ "ദൈവാധീനം" എന്നൊക്കെ വിളിച്ച് തള്ളിക്കളയാറാണ് പതിവ്. എന്നാൽ ഇത്തരം വിചിത്രമായ ഒത്തുചേരലുകൾക്ക് പിന്നിൽ ഗണിതശാസ്ത്രവും, മനോവൈജ്ഞാനികവും, ഭൗതികശാസ്ത്രവും ഒന്നിക്കുന്ന വലിയൊരു തലമുണ്ട്.

ഇത്തരം സംഭവങ്ങളെക്കുറിച്ച് ഇരുപതാം നൂറ്റാണ്ടിൽ ആഴത്തിൽ പഠനം നടത്തിയ പ്രശസ്ത സ്വിസ് മനോശാസ്ത്രജ്ഞനാണ് കാൾ യുങ് (Carl Jung). ഭൗതികമായി യാതൊരു കാരണ-കാര്യ ബന്ധവുമില്ലാത്ത, എന്നാൽ അനുഭവിക്കുന്ന വ്യക്തിയുടെ ഉള്ളിൽ വലിയൊരു അർത്ഥവും പ്രാധാന്യവും ഉണ്ടാക്കുന്ന രണ്ടു കാര്യങ്ങൾ ഒരേ സമയം സംഭവിക്കുന്ന ഈ പ്രതിഭാസത്തെ വിളിക്കാൻ അദ്ദേഹം നിർമ്മിച്ച പദമാണ് 'സിൻക്രോണിസിറ്റി' (Synchronicity).

സാധാരണഗതിയിൽ ഒരു സംഭവം നടക്കണമെങ്കിൽ അതിനൊരു കാരണമുണ്ടാകണം. ഉദാഹരണത്തിന്, നമ്മൾ ഒരു ഗ്ലാസ് താഴെയിട്ടാൽ അത് ഉടഞ്ഞുപോകുന്നത് ഗുരുത്വാകർഷണം കൊണ്ടാണ്. എന്നാൽ, നമ്മൾ മനസ്സിൽ വിചാരിക്കുന്ന കാര്യവും പുറത്തു നടക്കുന്ന സംഭവവും തമ്മിൽ ഭൗതികമായി യാതൊരു ബന്ധവുമില്ല. നിങ്ങളുടെ ചിന്തയല്ല സുഹൃത്തിനെ നിങ്ങളുടെ മുന്നിൽ കൊണ്ടുവന്നത്. എന്നിട്ടും അവ ഒരേ സമയം സംഭവിക്കുന്നു! മനുഷ്യന്റെ ബോധമനസ്സും പ്രപഞ്ചത്തിലെ ഭൗതിക സംഭവങ്ങളും തമ്മിൽ നമ്മൾ നേരിട്ട് കാണാത്ത ഏതോ അദൃശ്യമായ വിതാനത്തിൽ ഒരു ബന്ധമുണ്ടെന്നും, പ്രപഞ്ചം ചില നിമിഷങ്ങളിൽ മനുഷ്യ മനസ്സുമായി സംവദിക്കുന്നത് ഇത്തരത്തിലാണെന്നും കാൾ യുങ് വിശ്വസിച്ചു.

എന്നാൽ തത്ത്വചിന്തയും മനഃശാസ്ത്രവും പറയുന്ന ഈ മനോഹരമായ വിശദീകരണത്തെ ഗണിതശാസ്ത്രജ്ഞരും സ്റ്റാറ്റിസ്റ്റിഷ്യൻമാരും തികച്ചും വേറൊരു കോണിലൂടെയാണ് നോക്കിക്കാണുന്നത്. ഗണിതത്തിലെ 'പ്രൊബബിലിറ്റി തിയറി' (Probability Theory) അനുസരിച്ച്, ഇത്തരം സംഭവങ്ങളിൽ വലിയ അത്ഭുതമൊന്നുമില്ല!

ഗണിതശാസ്ത്രജ്ഞനായ പേഴ്സി ഡിയാക്കോണിസും ഫ്രെഡറിക് മോസ്റ്റെല്ലറും ചേർന്ന് മുന്നോട്ടുവെച്ച ശാസ്ത്രീയ തത്വമാണ് 'ല അവ് ലാർജ് നമ്പേഴ്സ്' (Law of Truly Large Numbers). കോടിക്കണക്കിന് മനുഷ്യർ ജീവിക്കുന്ന, ദിവസേന ശതകോടി സംഭവങ്ങളും ചിന്തകളും നടക്കുന്ന ഒരു വലിയ ലോകത്തിൽ, തികച്ചും അവിശ്വസനീയവും അപൂർവ്വവുമെന്ന് നമ്മൾ കരുതുന്ന കാര്യങ്ങൾ സംഭവിക്കാനുള്ള സാധ്യത അഥവാ പ്രൊബബിലിറ്റി വളരെ ഉയർന്നതാണെന്ന് ഇത് വ്യക്തമാക്കുന്നു.

ഉദാഹരണത്തിന്, ഒരാൾക്ക് ലോട്ടറി അടിക്കുന്നത് ഒരു വലിയ അത്ഭുതമായി തോന്നാം. എന്നാൽ ദശലക്ഷക്കണക്കിന് ആളുകൾ ടിക്കറ്റെടുക്കുമ്പോൾ, അതിലൊരാൾക്ക് ലോട്ടറി അടിക്കും എന്നത് ഉറപ്പായ ഒരു ഗണിത സത്യമാണ്. അതുപോലെ, നിങ്ങളുടെ ജീവിതത്തിൽ ദിവസേന പതിനായിരക്കണക്കിന് ചിന്തകൾ കടന്നുപോകുന്നുണ്ട്, അതിൽ ആയിരക്കണക്കിന് സംഭവങ്ങളും നടക്കുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും പരസ്പരം ഒത്തുപോകാതെ കടന്നുപോകുന്നു. എന്നാൽ വല്ലപ്പോഴും ഏതെങ്കിലും ഒരു ചിന്തയും സംഭവവും ഒത്തു വരുമ്പോൾ നമ്മൾ അതിനെ 'അത്ഭുതം' എന്ന് മുദ്രകുത്തുന്നു!

മനുഷ്യ തലച്ചോറിന്റെ ഏറ്റവും വലിയ പ്രത്യേകത അത് എപ്പോഴും ചുറ്റുമുള്ള ലോകത്ത് ഒരു ക്രമവും 'പാറ്റേണുകളും' കണ്ടെത്താൻ ശ്രമിക്കുന്നു എന്നതാണ്. പ്രകൃതിയിൽ വേട്ടയാടി ജീവിച്ചിരുന്ന കാലം തൊട്ടേ അപകടങ്ങൾ തിരിച്ചറിയാൻ നമ്മൾ വികസിപ്പിച്ചെടുത്ത കഴിവാണിത്. ബന്ധമില്ലാത്ത കാര്യങ്ങളിൽ പോലും ബന്ധങ്ങൾ കാണാനുള്ള മനുഷ്യ മനസ്സിന്റെ ഈ പ്രവണതയെ 'അപോഫെനിയ' (Apophenia) എന്ന് വിളിക്കുന്നു.

ഇതിനോടൊപ്പം പ്രവർത്തിക്കുന്ന മറ്റൊരു മനഃശാസ്ത്ര തത്വമാണ് 'കൺഫർമേഷൻ ബയാസ്' (Confirmation Bias). ഒരു സുഹൃത്തിനെക്കുറിച്ച് ചിന്തിക്കുകയും അവൻ വരാതിരിക്കുകയും ചെയ്ത ആയിരം സന്ദർഭങ്ങൾ നമ്മൾ പെട്ടെന്ന് മറന്നുപോകുന്നു. എന്നാൽ, ചിന്തിച്ച അതേസമയത്ത് അവൻ മുന്നിൽ വന്ന ഒരൊറ്റ സംഭവം നമ്മുടെ മനസ്സിൽ ആഴത്തിൽ പതിയുകയും, അതൊരു അദൃശ്യ നിയമമാണെന്ന് നമ്മൾ വിശ്വസിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

ഇനി വിഷയത്തെ കുറച്ചുകൂടി മുന്നോട്ട് കൊണ്ടുപോയാൽ, ആധുനിക ക്വാണ്ടം ഭൗതികശാസ്ത്രത്തിലെ 'ക്വാണ്ടം എന്റാംഗിൾമെന്റ്' (Quantum Entanglement) എന്ന തത്വം സിൻക്രോണിസിറ്റിക്ക് മറ്റൊരു ശാസ്ത്രീയ മാന്യത നൽകുന്നുണ്ട്. രണ്ട് ക്വാണ്ടം കണികകൾ പ്രകാശവർഷങ്ങൾക്കപ്പുറം അകലെയാണെങ്കിൽ പോലും, അവ പരസ്പരം ബന്ധപ്പെട്ടിരിക്കുമെന്നും ഒന്നിലുണ്ടാകുന്ന മാറ്റം നിമിഷനേരം കൊണ്ട് മറ്റൊന്നിൽ പ്രതിഫലിക്കുമെന്നും ഐൻസ്റ്റീൻ പോലും "Spooky action at a distance" എന്ന് വിളിച്ച ഈ ശാസ്ത്ര തത്വം തെളിയിക്കുന്നു. മനുഷ്യ മനസ്സും പ്രപഞ്ചത്തിലെ കണികകളും ഇത്തരം അദൃശ്യമായ ക്വാണ്ടം ശൃംഖലകളാൽ ബന്ധിതമാണോ എന്ന ചോദ്യം ശാസ്ത്രജ്ഞരും തത്ത്വചിന്തകരും ഇന്നും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ്.

സിൻക്രോണിസിറ്റി എന്നത് കേവലം സ്റ്റാറ്റിസ്റ്റിക്സിലെ പ്രൊബബിലിറ്റി സമവാക്യങ്ങൾ കൊണ്ട് മാത്രം തള്ളിക്കളയാൻ കഴിയുന്ന ഒന്നല്ല; മറിച്ച്, മനുഷ്യ ജീവിതത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്ന ഒന്നാണ്. നമ്മൾ ദിവസേന അനുഭവിക്കുന്ന വിരസവും യന്ത്രസമാനവുമായ ജീവിതത്തിൽ ഇത്തരം ചെറിയ യാദൃശ്ചികതകൾ ഉണ്ടാകുമ്പോൾ, അത് നമ്മിൽ ഉണ്ടാക്കുന്ന അത്ഭുതവും സന്തോഷവും ചെറുതല്ല. പ്രകൃതിയിലെ ഫ്രാക്റ്റലുകൾ പോലെയും, കാപ്പികപ്പിലെ എൻട്രോപ്പി പോലെയും, ഈ പ്രപഞ്ചത്തിൽ അരാജകത്വത്തിനപ്പുറം മനോഹരമായ ഏതോ ഒരു ക്രമം ഒളിഞ്ഞിരിപ്പുണ്ട് എന്ന പ്രതീക്ഷ അത് നമ്മിൽ നിറയ്ക്കുന്നു. അത് കേവലം തലച്ചോറിന്റെ കൺകെട്ടു വിദ്യയാകട്ടെ, അതല്ല പ്രപഞ്ചത്തിന്റെ അദൃശ്യമായ കണക്ഷനാകട്ടെ,  ഇത്തരം കുഞ്ഞു വിസ്മയങ്ങളാണ് നമ്മെ ജീവിതത്തെ കൂടുതൽ സ്നേഹിക്കാനും പ്രകൃതിയെ കൗതുകത്തോടെ നോക്കിക്കാണാനും പ്രേരിപ്പിക്കുന്നത്!



Ramsheena T. K.

Assistant Professor of Mathematics

Al Shifa College of Arts and Science, Keezhattur, Perinthalmanna.


Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്