ഓണം
ഓണത്തിന് പൂക്കളും ഇടുക അത്തം മുതൽ 10 വരെ മാത്രമായിരുന്നില്ല. രാമായണമാസം ആരംഭത്തോടു കൂടെ മുറ്റത്തെ ചാണകം മെഴുകിയ മണ്ണുകൊണ്ട് കെട്ടിയുയർത്തിയ തിണ്ണുകളിൽ പലവർണ്ണ പൂക്കൾ നിരത്തിവയ്ക്കും. വീടുകളിൽ പശുക്കളെ വളർത്താത്തവർ വഴിയെ പോകുന്ന പശുവിന്റെ ചാണകം എടുത്തു സൂക്ഷിച്ചു വയ്ക്കും ഒരു മാസത്തേക്ക് മുറ്റം മെഴുകാൻ. തറവാട്ട് വീടുകളിൽ രാമായണം വായന പ്രായമായവരുടെ ഉത്തരവാദിത്വം ആയിരുന്നെങ്കിൽ പൂവിടുക മുറ്റം മെഴുകുക ചെറുപ്പക്കാരുടെ ദൗത്യം ആയിരുന്നു. കർക്കിടകം പിറന്നാൾ ഇരുട്ടും തോരാമഴയും ഉറ്റ തോഴരായി മാറും. പള്ളിക്കൂടത്തിലേക്ക് പോകുന്നതിനു മുൻപായി മുറ്റത്ത് കിട്ടുന്ന പവിഴമല്ലി തുളസി മഞ്ഞളി ശീമക്കുന്നയുടെ ഇല മത്തൻപൂവ് മുക്കുറ്റി ചെമ്പരത്തി എന്നുവേണ്ട കിട്ടാവുന്നതിൽ വച്ച് എല്ലാ നിറങ്ങളും മുറ്റങ്ങളിൽ സ്ഥാനം പിടിക്കും. എല്ലാവരുടെ വീടുകളിലും പൂക്കൾ സുഭിക്ഷമായിരുന്നു. ഓരോ ദിവസവും രാവിലെ പൂക്കളമിടുമ്പോഴും വൈകിട്ടത്തേക്ക് അത് മഴയിൽ ഒലിച്ചു പോകരുതേ എന്ന പ്രാർത്ഥനയോടെ ആയിരിക്കും. ചില ദിവസങ്ങളിൽ ഓലക്കുട ചൂടി കൊടുത്തിട്ടുമുണ്ട്.
സ്കൂളുകളിലെ പൂക്കള മത്സരത്തിനേക്കാൾ വലിയ മത്സരങ്ങളാണ് അയൽ വീടുകളുമായി ഒരു മാസത്തേക്ക് നീണ്ടുനിൽക്കുക. അമ്മമാർ ചട്ടം കെട്ടാറുണ്ട് പൂക്കൾ വെറുതെ കളയേണ്ടി വരരുത്. ആവശ്യത്തിനുമാത്രം പറിക്കുക. ചിങ്ങമാസം പിറന്നു കഴിഞ്ഞാൽ ഓണത്തിന്റെ തിരക്കായി. നാട്ടിലുള്ള ചെറിയ ചെറിയ തുണിക്കടകളിലും മറ്റും പുതുവസ്ത്രങ്ങൾ ലഭ്യമായി തുടങ്ങും. ഓണം എന്നത് വീട്ടിലെ മുത്തുകളിൽ മാത്രമായിരുന്നില്ല. പാലക്കാടൻ പാടങ്ങളിൽ കൊയ്ത്തിനായി നിൽപ്പാടങ്ങൾ മഞ്ഞ വിരിച്ചു നിൽക്കാൻ തുടങ്ങും. ഓണത്തിന് പുത്തരി കഴിക്കുക എന്ന ഒരു ആചാരമുണ്ട്. ആ വർഷത്തെ ആദ്യത്തെ കൊയ്ത്തിന്റെ ഫലം.
ഓണം തുടങ്ങുക തിരുവോണത്തിന്റെ അന്ന് അല്ല. ഒരു മാസം മുൻപേ തുടങ്ങിയ പൂക്കളമിടൽ മാതോരിലാണ് വന്ന് നിൽക്കുക. മാധൂര് എന്നു പറയുമ്പോൾ മണ്ണുകൊണ്ട് മൂന്ന് ചെറിയ തൂണുകൾ പോലുള്ള രൂപം ഉണ്ടാക്കുന്നു. സങ്കല്പം ഇതാണ് ഐതിഹ്യത്തിലെ മാവേലി അന്ന് അളന്നു കൊണ്ടുപോയ മൂന്നടി മണ്ണ്. പൂരാടത്തിന്റെ അന്ന് വേണം ഇത് വീടിനു മുന്നിലായി നിരത്താൻ. തലേന്ന് അതൊരു ഉത്സവം ആയിരിക്കും. അമ്മയും കുട്ടികളും വിരുന്ന് മണ്ണ് കുഴച്ച് പരുവപ്പെടുത്തി മെഴുകിയ നിലത്ത് തട്ടി തട്ടി ആ മൂന്ന് കഷണം മണ്ണിനെ ഭംഗിയാക്കി മെഴുകി ഒരു മരപ്പലകയുടെ മുകളിൽ ഈർക്കലി വച്ചു കൂർത്ത് പൂക്കളെല്ലാം കുത്തിവെച്ച് പച്ചരി മാവ് കൊണ്ട് അലങ്കരിച്ച് തയ്യാറാക്കി വെക്കും. അങ്ങനെ പൂരാടത്തിന്റെ അന്ന് രാവിലെ ഇവയെ വച്ച് പൂജിക്കാൻ തുടങ്ങും. മൂന്നു നേരമാണ് പൂജ. കുട്ടികളുള്ള വീടാണെങ്കിൽ കുട്ടികളുടെ പേര് മാവുകൊണ്ട് നിലത്ത് എഴുതി വയ്ക്കാറുണ്ട്. രണ്ടാമത്തെ മാധവൻ ഉണ്ടാക്കുക തിരുവോണത്തിന്റെ അന്നേക്കാണ്. അങ്ങനെ വീടിന്റെ മുന്നിൽ പൂക്കളം ഇടുന്നത് നിന്ന് മാതോരിലേക്ക് ആവും എല്ലാവരുടെയും ശ്രദ്ധ. വീട്ടിലേക്ക് കയറിവന്ന മാവേലി ആകുന്ന അതിഥിയെ മൂന്നുനേരം സൽക്കരിക്കുക എന്നത് ഒരു ആഘോഷമായിരുന്നു. കുട്ടികൾക്ക് സദ്യയെക്കാൾ പ്രിയങ്കരം പുത്തനുടുപ്പും പൂക്കളും മാവേലിയും മഴയുമായിരുന്നു. എന്നാലും ഓണസദ്യ എന്ന് പറയുന്നത് വീട്ടിലെ സ്ത്രീകൾക്ക് ഒരു വിവാഹ ആഘോഷം പോലെയായിരുന്നു. അമ്മായിമാരും ചെറിയമ്മമാരും അമ്മയും അമ്മമ്മയുടെ നേതൃത്വത്തിൽ പത്തു കൂട്ടം വിഭവങ്ങളും രണ്ടുകൂട്ടം പായസവും പപ്പടവും ഉണ്ടാക്കുക എന്നത് ഒരു ഉത്സവകാലത്തെ ഓർമ്മപ്പെടുത്തുന്നതാണ്. കുട്ടികൾക്കാവട്ടെ അമ്മാവന്മാരുടെയും ചെറിയച്ഛൻ മാരുടെയും വാലിൽ തൂങ്ങി തോട്ടത്തിൽ നിന്നും വാഴയില പറിച്ച് പുതിയ കുപ്പായത്തിൽ കറ പുരളാതെ അമ്മമാരുടെ കയ്യിൽ കൊണ്ട് കൊടുക്കുന്ന ഉത്തരവാദിത്തമാണ്. തറയിൽ ഇലയിട്ട് പരിപ്പും നെയ്യും വിളമ്പി അച്ചാറും പേരിയും വിളമ്പി ചമ്പ്രം പടിഞ്ഞിരുന്ന കാലം! അന്നത്തെ ഓർമ്മകൾക്കൊന്നും ഗൂഗിൾ ഫോട്ടോ റിമൈൻഡറുകൾ അല്ലെങ്കിൽ എഫ്ബി പേജിലെ 10 ഇയേഴ്സ് എഗോ അലർട്ടുകൾ ഒന്നും ഇല്ല. ഓർമ്മച്ചെപ്പിൽ നിന്നും നമ്മൾ പോലും അറിയാതെ പുറത്തേക്ക് വരുന്ന മധുരതരങ്ങളായ ഓർമ്മകൾ.
ചാണകം മെഴുകിയ മുറ്റങ്ങൾ പോയി. കോൺക്രീറ്റ് മുറ്റങ്ങളും പിന്നീട് ഇന്റർലോക്ക് മുറ്റങ്ങളും ആയി. ചാണകം ഇടാൻ പശുക്കളും ഇല്ല അവ ഉപയോഗിച്ച് മെഴുകാൻ മുറ്റങ്ങളും തയ്യാറല്ല. മുറ്റത്ത് മണ്ണിൽ വളർന്ന ചെടികളെല്ലാം ചട്ടിയിലേക്ക് ആയി. ശീമക്കുന്ന വളരാൻ വേലികളില്ല പകരം മതിലുകൾ സ്ഥാനം പിടിച്ചു. പൂക്കളങ്ങൾ സിറ്റൗട്ടിലേക്ക് ഇടംപിടിച്ചു തുടങ്ങിയതോടെ ഓലക്കുടയും വേണ്ടാതെയായി. എന്നാൽ ഓലക്കുട ചൂടി ബുദ്ധിമുട്ടണ്ട എന്ന് പ്രകൃതിയും കരുതി മഴയും ഇല്ലാതെയായി. മണ്ണിന്റെ മാതൊരു ഉണ്ടാക്കാൻ അറിയാത്ത ഒരു തലമുറയാണ്, അറിഞ്ഞാലും മണ്ണ് കിട്ടാനും അതുകൊണ്ട് മൂന്നടി മണ്ണ് ഉണ്ടാക്കാനും സമയമില്ലാതെയായി. ഇന്ന് കടകളിൽ മരത്തിന്റെ മാതോരുകൾ ലഭ്യമാണ്. ഓരോ വർഷവും കഴുകിയെടുത്തു വച്ചാൽ അടുത്തവർഷം പുതിയത് പോലെ വീണ്ടും ഉപയോഗിക്കാം മൂന്നടി മണ്ണിനു പകരം മൂന്നു കഷ്ണം മരം! പൂക്കളങ്ങൾ ഇപ്പോൾ ഇടം പിടിക്കുന്നത് ടിവി പരിപാടികളിലും വലിയ വലിയ മോളുകളിലും ഓഫീസുകളിലും ആണ്. അത് മുറ്റത്ത് വിരിയുന്നവരെ അല്ല താനും തമിഴ്നാട്ടിൽ നിന്നും മറ്റു മാർക്കറ്റുകളിൽ നിന്നും ഇറക്കുമതി ചെയ്യുന്നവ. ഓണസദ്യക്ക് വീട്ടിലുള്ള ആർക്കും സമയമില്ല. പണ്ടത്തെ അമ്മമാർ എല്ലാവരും ഇന്ന് ഉദ്യോഗസ്ഥരാണ്. ഓണം അവധിക്കാലമാണ്. അതുകൊണ്ടുതന്നെ ഓണസദ്യ വീട്ടിന്റെ മുറ്റത്ത് എത്തിക്കാൻ ഹോട്ടലുകൾ തയ്യാറുമാണ്. പണ്ട് അച്ഛനെയും ചെറിയച്ഛന്റെയും വാലിൽ തൂങ്ങി വാഴയില പറിക്കാൻ നടന്ന തലമുറയാകട്ടെ ഇൻസ്റ്റയിൽ സ്വന്തം പടങ്ങൾ ഇട്ട് ലൈക്ക് കിട്ടുന്നത് നോക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കടലാസ് കപ്പലുകൾ ഇറങ്ങാത്ത ഈ കാലത്ത് പേപ്പറുകൾ ഇലയുടെ രൂപമെടുത്ത് ഓണക്കാലത്ത് നമ്മളുടെ അടുത്തേക്ക് വരാൻ തുടങ്ങി. ഇന്ന് പരസ്പരം സംസാരിക്കുന്നത് എല്ലാവരും ടെക്നോളജിയിലൂടെയാണ്, ഫേസ്ബുക്കിലൂടെയും whatsapp ലൂടെയും ഇൻസ്റ്റയിലൂടെയുമാണ് നമ്മൾ ഇന്ന് ആളുകളോട് സംവദിക്കുന്നത്.
Dr. Saritha K.
Vice Principal,
Al Shifa College of Arts and Science, Keezattur, Perinthalmanna.
Comments
Post a Comment