നിറം മങ്ങിയ തുടക്കം
2026 മെയ് 18നാണ് നിരവധി ദിവസത്തെ തെരെഞ്ഞെടുപ്പാനന്തര ആഭ്യന്തര നാടകങ്ങൾക്ക് ശേഷം പതിനാറാം നിയമസഭയിലെ മുഖ്യമന്ത്രിയായി ശ്രീ വി ഡി സതീശൻ അഥവാ വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. 10 വർഷം നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് വലിയ ഭൂരിപക്ഷത്തോടുകൂടിയാണ് ഐക്യ ജനാതിപത്യ മുന്നണി കേരളത്തിൽ ഭരണം പിടിച്ചത്. വിജയത്തിന്റെ ആഹ്ലാദ പ്രകടനം പൂർത്തിയാക്കും മുമ്പ് മുഖ്യമന്ത്രി മോഹികളും ഗ്രൂപ്പ് മാനേജർമാരും ഡൽഹിയിൽ തമ്പടിച്ചു. കോൺഗ്രസ് ദേശീയ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയും നിലവിലെ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും ഡൽഹിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കരുക്കൾ നീക്കിയപ്പോൾ കേരളത്തിന്റെ തെരുവുകളിൽ ജനാതിപത്യത്തിന്റെ സൗന്ദര്യം പല രീതിയിലും പ്രകടമായി. ഒടുവിൽ ആ സ്ഥാനം നിലവിൽ പ്രതിപക്ഷ നേതാവും പറവൂർ എം എൽ എയും ആയ വി ഡി സതീശന് ലഭിച്ചു. 10 വർഷത്തെ ഇടവേളക്ക് ശേഷം വൻ വിജയത്തോടെ തിരിച്ചു വരുന്ന യു ഡി എഫ്, 5 വർഷം പ്രതിപക്ഷത്തെ നയിച്ച് തെരഞ്ഞെടുപ്പ് ഘട്ടത്തിലെ പ്രവചനങ്ങൾ എല്ലാം ശരിയാക്കിയ- അണികളുടെ തെരുവിലെ ആവശ്യം പരിഗണിച്ച് ഡൽഹിയിലെ കമാൻഡറുടെ തീരുമാനം മാറ്റിച്ച് വിജയശ്രീലളിതനായി അധികാരത്തിൽ കയറുന്ന-നിമിഷ നേരങ്ങളിൽ കൊണ്ട് കേരളത്തിന്റെ എല്ലാ പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്ന് പ്രസംഗിച്ചു നടന്നിരുന്ന ഒരു നേതാവ് മുഖ്യമന്ത്രി കസേരയിലേക്ക് വരുമ്പോൾ പലരും പ്രതീക്ഷിച്ചത് ഒരു മികച്ച തുടക്കമാണ്. എന്നാൽ 100 ദിവസം പൂർത്തീകരിക്കും മുമ്പ് കൈഅടിച്ചവരും ആർത്തുവിളിച്ചവരും നിരാശരാകുന്ന കാഴ്ചയാണ് കേരളം കണ്ടത്.
കേരള ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം മുഴുവനായി ചെല്ലുന്ന സത്യപ്രതിക്ജ്ഞ ചടങ്ങായി സതീശൻ സർക്കാരിന്റെ സത്യപ്രതിക്ജ്ഞ ചടങ്ങ് മാറി. ഇന്ത്യയുടെ മതനിരപേക്ഷതക്ക് യോജിക്കാത്ത വരികൾ ഉള്ളതിനാൽ തന്നെ വന്ദേമാതരത്തിന്റെ ആദ്യ 2 ചരണങ്ങൾ മാത്രമാണ് സാദാരണ ദേശീയ ഗീതം എന്ന നിലയിൽ ഇത്തരം ചടങ്ങുകളിൽ ഉപയോഗിക്കാറുള്ളത്. എന്നാൽ സതീശൻ സർക്കാർ ഇത് തെറ്റിച്ചു. മുഴുവൻ വരികളും ചെല്ലുന്ന സാഹചര്യം ഉണ്ടായി. 2001 മുതൽ എം എൽ എ ആയ ശ്രീ വി ഡി സതീശൻ ഇത്രയും കാലം ഉപയോഗിക്കാത്ത ജാതി പേര് പ്രകടമാവും വിധം വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന പേരിൽ സത്യപ്രതിക്ജ്ഞ ചൊല്ലിയതും വിവാദമായി. പിന്നീട് അങ്ങോട്ട് വിവാദങ്ങളുടെയും വീഴ്ചകളുടെയും ദിനങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രധാന ചർച്ച വിഷയമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കേന്ദ്ര ഭരണകക്ഷിക്കുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന എസ്.ഐ.ആർ കേരളത്തിൽ നടപ്പാക്കാൻ നേതൃത്വം നൽകിയ ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് വലിയ വിവാദമായി. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിൽ ഭരണം പിടിച്ച ബി ജെ പി സർക്കാർ അവിടെ എസ്.ഐ.ആർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ ചീഫ് ഇലക്ട്രൽ ഓഫീസറെ സംസ്ഥാന ചീഫ് സെക്രട്ടറി ആക്കിയപ്പോൾ ലോകസഭയിലെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ച ഘട്ടത്തിൽ തന്നെയാണ് വി ഡി സതീശന്റെ സെക്രട്ടറിയായി കേരളത്തിലെ ചീഫ് ഇലക്ട്രൽ ഓഫീസർക്ക് പുതിയ മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പദവി നൽകിയത്. സർക്കാർ സംഘപരിവാർ രാഷ്ട്രീയത്തോട് വിധേയപ്പെടുന്നു എന്ന വിമർശനം ശക്തമായി ഉയർന്നു. സത്യപ്രതിജ്ഞ ചടങ്ങിലെ വന്ദേമാതരം അലാപനത്തിൽ തുടങ്ങിയ ഈ വിമർശനം ശരിവെക്കുന്ന നിരവധി സാഹചര്യങ്ങൾ തുടർന്നുണ്ടായി. കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ ചാൻസലർ കൂടിയായ ഗവർണർ കേരള യൂണിവേഴ്സിറ്റിയിലെ സിൻഡിക്കേറ്റിൽ സംഘപ്രവർത്തകരെ നിയമിച്ചപ്പോഴും മന്ത്രി നൽകിയ ലിസ്റ്റ് തള്ളി കാർഷിക സർവകലാശാല വൈസ് ചാൻസലറെ നിയമിച്ചപ്പോഴും അതിനെതിരെ ഒരു പ്രതിഷേധവും രേഖപ്പെടുത്തിയില്ല എന്ന് മാത്രമല്ല ഗവർണറുമായി ഏറ്റുമുട്ടലിനില്ല എന്നതായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ഗവണ്മെന്റ് പ്ലീഡർ നിയമനവും വിവാദമായി. സംഘപരിവാർ നേതാവിനെ കോൺഗ്രസ് സർക്കാർ ഗവണ്മെന്റ് പ്ലീഡർ ആക്കിയതിനെതിരെ കോൺഗ്രസ് വിദ്യാർത്ഥി വിഭാഗവും ലോയേഴ്‌സ് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. വിമർശനം അറിയിക്കാൻ മുഖ്യമന്ത്രിയുടെ അപ്പോയിന്റ്മെന്റ് ന് ശ്രമിച്ച കോൺഗ്രസ് വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തെ മുഖ്യമന്ത്രി അവഗണിച്ചതും ഹിന്ദു ഐക്യവേദി നേതാക്കൾക്ക് അപ്പോയിന്റ്മെന്റ് അനുവദിച്ചതും ആരോപണങ്ങൾക്ക് മൂർച്ചക്കൂട്ടി.ജയിലിൽ കഴിയുന്ന കാപ്പ കേസ് പ്രതിയായ തിരുവനന്തപുരം കോർപറേഷൻ ബി ജെ പി കൗൺസിലർക്ക് അയോഗ്യത വരാതിരിക്കാൻ ആഭ്യന്തര - ജയിൽ വകുപ്പുകൾ സ്വീകരിച്ച അസാദാരണ - അതിവേഗ നടപടികൾ സംഘപരിവാർ വിധേയത്വം കൂടുതൽ വെളിവാക്കി. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പി എം ശ്രീ പദ്ധതിയെ ശക്തമായി എതിർത്തിരുന്നവർ ഭരണത്തിൽ വന്നപ്പോൾ പി എം ശ്രീ വക്താക്കളായതും കേരളം കണ്ടു.
ആദ്യ നിയമസഭ സമ്മേളനത്തിൽ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കേരളത്തിനോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയെ പരാമർശിക്കാതെ പോയതും വഖഫ് ബോർഡ് വിഷയത്തിൽ കേരള സർക്കാർ ബി ജെ പി നിലപാട് സ്വീകരിച്ചതും വഖഫ് ബോർഡിനെ പിരിച്ചുവിടാൻ ഹൈകോടതിയിൽ ബി ജെ പി നേതാവിന്റെ ഹർജിക്ക് സംസ്ഥാന സർക്കാർ അനുകൂലിച്ചതും ഉൾപ്പെടെ ഇത് ബിജെപി സർക്കാർ ആണോ എന്ന് സംശയിക്കുന്ന നിരവധി സാഹചര്യങ്ങൾ ഈ ചെറിയ കാലയളവിൽ ഉണ്ടായി. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് വിദ്യാഭ്യാസ വകുപ്പ് നടത്തിയ ക്വിസ് മത്സരത്തിൽ സംഘപരിവാർ നേതാവിനെ മഹത്വവൽകരിക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയതും സ്വാതന്ത്ര്യദിന പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണം എന്ന ഉത്തരവ് ഇറങ്ങിയതും ഇതിന് ആക്കം കൂട്ടി. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഖേയുടെ പിറന്നാൾ ആഘോഷത്തിന് ഡൽഹിയിൽ എത്തിയ കേരള മുഖ്യമന്ത്രി അന്നേ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിൽ പങ്കെടുക്കേണ്ടിവന്നപ്പോൾ അദ്ദേഹത്തിന്റെ മുഖഭാവവും പെരുമാറ്റവും എല്ലാ സംശയങ്ങളും ശരിവെക്കുന്നതായി. ഡൽഹിയിലെ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥിനികൾക്കെതിരെ കേരളത്തിലെ സംഘപരിവാർ നേതാവ് നടത്തിയ വിദ്വേഷ പരാമർശത്തോട് കേരള പോലീസ് എടുത്ത സമീപനത്തിലും ഈ സർക്കാരിന്റെ നിലപാട് വ്യക്തമായിട്ടുണ്ട്.
സംഘപരിവാർ വിദ്വേയത്വത്തിന് പുറമെ ഈ സർക്കാരിന്റെ ഭരണ പരാജയങ്ങളും തുടക്കത്തിൽ തന്നെ പ്രകടമായി. കൂടാതെ തെരഞ്ഞെടുപ്പ് ഘട്ടത്തിലും മുമ്പും നടത്തിയ ചില പ്രസ്താവനകൾക്കും വാഗ്ദാനങ്ങൾക്കും നേർവിപരീതമായുള്ള പ്രവർത്തനങ്ങളും സർക്കാരിന്റെ ശോഭകെടുത്തി. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പുതുതലമുറയുടെ വോട്ട് നേടാൻ നടത്തിയ പ്രഖ്യാപനമായിരുന്നു വാഹനങ്ങളുടെ മോഡിഫിക്കേഷൻ അനുവദിക്കും എന്നുള്ളത്. കേന്ദ്ര നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ ഇത് കേരള സർക്കാരിന് ചെയ്യാൻ സാധിക്കുന്ന വിഷയമല്ല എന്ന് ആ ഘട്ടത്തിൽ തന്നെ വിമർശനം വന്നെങ്കിലും മുഖ്യമന്ത്രി ആയ ശേഷവും വി ഡി സതീശൻ ഇത് ആവർത്തിച്ചു. സംസ്ഥാനങ്ങൾക്ക് ഇത്തരം മോഡിഫിക്കേഷൻ അനുവദിക്കാൻ സാധിക്കില്ലെന്ന് പാർലിമെന്റിൽ കേന്ദ്രമന്ത്രി മറുപടി നൽകിയത് മാത്രമല്ല അനുവദനീയമായ മോഡിഫിക്കേഷൻ എന്ന പേരിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഇറക്കിയ ലിസ്റ്റ് സർക്കാരിനെ കൂടുതൽ പരിഹാസ്യരാക്കി. ചെലവ് ചുരുക്കൽ പ്രഖ്യാപിച്ച മുഖ്യമന്ത്രിതന്നെ ഔദ്യോദിക വസദിയായ ക്ലിഫ് ഹൗസ് മോഡിഫിക്കേഷൻ നടത്തിയതും മുൻ സർക്കാർ കടം എടുത്തത്തിനെ വിമർശിച്ചവർ അതിവേഗം കടം എടുത്ത് കൂട്ടുന്നതും 10 മിനിറ്റ് കൊണ്ട് തീർക്കും എന്ന് പറഞ്ഞ മുനമ്പം ഭൂമി വിഷയവും എല്ലാം പറഞ്ഞത് ഒന്നും നടക്കില്ല എന്ന പ്രതീതി സൃഷ്ടിച്ചു. എല്ലാം തെരഞ്ഞെടുപ്പ് ഗിമ്മിക്ക് ആയിരുന്നു എന്ന് ജനം മനസ്സിലാക്കി. സർക്കാരിന്റെ ഭരണ പരാജയങ്ങൾ നിരവധിയുണ്ടായി. നീണ്ട ഇടവേളക്ക് ശേഷം കേരളം വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിച്ചു. അപ്രഖ്യാപിതവും അനിയന്ത്രതവുമായ ലോഡ്ഷെഡിംഗ് ഉണ്ടായി. വൈദ്യുതി പ്രതിസന്ധി സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ വരെ ബാധിച്ചു. പവർകട്ട് കഴിഞ്ഞിട്ട് മതി ഓപ്പറേഷൻ എന്ന ആരോഗ്യ മന്ത്രിയുടെ പ്രതികരണം ഭരണ പരാജയത്തിന്റെ ഉത്തമ ഉദാഹരണമാണ്. നിപ്പ പ്രതിരോധ പ്രവർത്തനത്തിലെ വീഴ്ചയും സർക്കാർ മെഡിക്കൽ കോളേജുകളിലെ സൗജന്യ പരിശോധനകൾക്കുള്ള വലിയ ഫീസ് ഉൾപ്പെടെ ആരോഗ്യ വകുപ്പിന്റെ ജനദ്രോഹ നടപടികൾ ഈ ദിവസങ്ങളിൽ തന്നെയുണ്ടായി. അവശ്യ സാധങ്ങൾക്കുണ്ടായ വില വർദ്ധനവ്, റേഷൻ അരി വിലയുടെ വർദ്ധനവ് എന്നിവയുടെ ഘട്ടത്തിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് നൽകാൻ സർക്കാർ എടുത്ത തീരുമാനം വൻ വിമർശനത്തിനിടയാക്കി. മദ്യകമ്പനിക്ക് വേണ്ടി എക്സൈസ് മന്ത്രിയെ വരെ അറിയിക്കാതെ മുഖ്യമന്ത്രി അസാദാരണ വേഗത്തിൽ എടുത്ത നടപടി ലഹരിപ്രോത്സാഹനമായി. വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ അദനിയുടെ ഇഷ്ടം നടപ്പിലാക്കാൻ സർക്കാർ ഒത്താശ ചെയ്തു. തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് വി ഡി സതീശൻ ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് നടത്തിയ യാത്ര അദാനിക്കും മദ്യകമ്പനിക്കും വേണ്ടിയാണ് എന്ന വിമർശനം ഉണ്ടായെങ്കിലും കൃത്യമായി മറുപടി നൽകാൻ മുഖ്യമന്ത്രിക്കായിട്ടില്ല.
പഞ്ചായത്തുകൾക്കുള്ള പദ്ധതി വിഹിതം വെട്ടികുറച്ചതും അംഗൻവാടി ഭക്ഷണ മെനുവിൽ നിന്ന് ബിരിയാണി നീക്കം ചെയ്തതും സ്കൂൾ ഉച്ചഭക്ഷണ മെനു ചുരുക്കിയതും വീട്ടമ്മമാർക്കുള്ള സ്ത്രീ സുരക്ഷ പദ്ധതി നിർത്തലാക്കിയതും തൊഴിൽ - നൈപുണ്യ പരിശീലനം നടത്തുന്നവർക്കുള്ള കണക്ട് ടു വർക്ക് സ്കോളർഷിപ്പ് അവസാനിപ്പുച്ചതും സാമൂഹ്യ സുരക്ഷ പെൻഷൻ വീട്ടിൽ എത്തിച്ചു നൽകുന്നത് നിർത്തലാക്കിയതും സാമൂഹ്യ സുരക്ഷ പെൻഷൻ അവകാശമല്ലെന്ന് കോടതിയിൽ പറഞ്ഞതും പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരത്തോടുള്ള സമീപനവും പ്ലസ് വൺ അധിക സീറ്റ് അനുവദിച്ചതിലെ മാനേജ്മെന്റ് പ്രീണനവും കേരളം പ്രളയ സമാന സാഹചര്യം നേരിടുമ്പോൾ മുഖ്യമന്ത്രിയുടെ പരിപാടികളുടെ സ്വഭാവം എല്ലാം ഈ സർക്കാരിന്റെ മുൻഗണന പ്രകടമാക്കുന്നതാണ്. മഴക്കെടുതി നേരിടുന്നതിലെ വീഴ്ച്ച, കടലിൽ കാണാതായവരുടെ തെരച്ചിലിൽ ഉണ്ടായ അലമ്പാവം, ദുരിശ്വാസ ക്യാമ്പുകളിൽ ഉണ്ടായ ദുരിതം, വയനാട് ടൗൺഷിപ്പ് നിർമാണം നിലച്ചത്, KSRTC യിലെ പ്രതിസന്ധി തുടങ്ങി ഈ കുറഞ്ഞ കാലയളവിൽ സംഭവിക്കാവുന്ന ഭരണപരാജങ്ങളും ചെയ്യാവുന്ന ജനദ്രോഹ തീരുമാനങ്ങളും അതിന്റെ പരമാവധി ഉണ്ടായി എന്ന് അനുമാനിക്കാം.
Anas K.
Assistant Professor of Commerce,
Al Shifa College of Arts and Science, Keezhhattur, Perinthalmanna.
Comments
Post a Comment