ഓർമ്മകളിൽ   വിഎസ്

 

' കണ്ണേ കരളേ വിഎസ്സേ '  എന്ന മുദ്രാവാക്യമായിരിക്കും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ കുറിച്ച് ഏതൊരു മലയാളിയുടെയും മനസ്സിൽ തെളിയുന്ന ആദ്യ വാചകം. ഇടതുപക്ഷ അനുഭാവികളിലുപരി ഒരുവിധം മലയാളികളെല്ലാം  മുദ്രാവാക്യം ഓർമ്മയിൽ എന്നും സൂക്ഷിക്കും. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് എത്രമേൽ ജനകീയനായിരുന്നുവെന്ന് ഒരൊറ്റ മുദ്രാവാക്യം തന്നെ ഉറക്കെപ്പറയുന്നുണ്ട്. പുന്നപ്ര പോരാളി , കേരളത്തിൻ്റെ സമരസൂര്യൻ എന്ന് തുടങ്ങി നിരവധി വിശേഷണങ്ങൾ പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നും വിഎസിനെ ലഭിച്ചിട്ടുണ്ടെങ്കിലും' അച്ചുമാമൻ' എന്ന വിളിപ്പേരാണ് കൂടുതൽ  ജനകീയമായത് . ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആരാണെന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ ആളുകൾ നൽകിയേക്കാവുന്ന ഒറ്റവാക്കിലെ ഉത്തരമാണ് വിഎസ്.

 കേരളത്തിൻറെ പന്ത്രണ്ടാം നിയമസഭയിൽ ഇരുപതാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിഎസ് മുഖ്യമന്ത്രി എന്ന നിലയിലും വളരെ ജനകീയനായിരുന്നു. പ്രതിപക്ഷ നായകനായി നിയമസഭയിലിരിക്കെ എതിർക്കപ്പെടേണ്ട എല്ലാത്തിനെയും എതിർക്കുമ്പോഴും ഭരണപക്ഷത്തിന്റെ ബഹുമാനവും സ്നേഹവും നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പാലക്കാട് പ്ലാച്ചിമടയിലെ കുടിവെള്ള പ്രക്ഷോഭം,മതികെട്ടാൻ ചോലയിലെ ഭൂമി കയ്യേറ്റം, മറയൂർ കാട്ടിലെ ചന്ദന കൊള്ള തുടങ്ങി അദ്ദേഹത്തിൻറെ ജീവിതകാലത്ത് കേരളം കണ്ട പ്രധാനപ്പെട്ട എല്ലാ സമരങ്ങളുടെയും ഭാഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രക്ഷോഭത്തിൽ ഒരു പാർട്ടിയുടെയും നേതാക്കന്മാരെ സമരത്തിൻറെ ഭാഗമാക്കാൻ പ്രക്ഷോഭക്കാർ തയ്യാറായില്ല എന്നാൽ സമരമുഖത്ത് വിഎസ് എത്തിയപ്പോൾ ഗംഭീര സ്വീകരണം നൽകിക്കൊണ്ട് സമരത്തിൻറെ  അമരക്കാരനാക്കുകയാണുണ്ടായത്.

 

"തല നരയ്ക്കുവതല്ലെന്‍റെ വൃദ്ധത്വം

തല നരക്കാത്തതല്ലെന്‍ യുവത്വവും

കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പിൽ

തലകുനിക്കാത്ത ശീലമെന്‍ യൗവനം..." എന്ന ടി.എസ് തിരുമുമ്പിന്റെ കവിത കേരളത്തിന് ഹൃദിസ്ഥമാക്കി കൊടുത്തത് വിഎസ് തന്നെയാണെന്നതിൽ സംശയമില്ല. മുഖ്യമന്ത്രിയായിരിക്കെ  പ്രായത്തിന്റെ പേരിൽ തന്നെ പരിഹസിച്ച രാഹുൽ ഗന്ധിക്കുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹം കവിത ആദ്യമായി ആലപിച്ചത്. ബാല്യം മുതൽക്കുതന്നെ സമരവീഥിയിൽ നിന്ന് പൊരുതേണ്ടിവന്ന വിഎസ് പ്രായം തളർത്താത്ത പോരാളിയാണെന്ന് രാഹുൽ ഗന്ധിക്ക് പിന്നീടെപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാവണം.

 

ചെറുപ്രായത്തിലെ ദൈവവിശ്വാസം നഷ്ടപ്പെടാനുള്ള സാഹചര്യം അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിൻറെ അനുഭവങ്ങൾ അദ്ദേഹത്തെ ദൈവവിശ്വാസത്തിൽ നിന്നും അകറ്റി എന്നും പിന്നീട് വായനയിലൂടെ ദൈവ വിശ്വാസത്തിന് അടിത്തറയിലെന്ന് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വസൂരി പിടിപെട്ട് മരിക്കാറായി ഒരു ചെറ്റകുടിലിൽ പാർപ്പിച്ച തൻറെ അമ്മയ്ക്ക് മക്കളെ കാണണം എന്ന്  ആവശ്യപ്പെട്ടപ്പോൾ തോട്ടിൻ കരയിൽ കൊണ്ടുപോയി നിർത്തിയെന്നും തോടിനപ്പുറത്തുള്ള ചെറ്റകുടിലിൽ നിന്ന് കരഞ്ഞുകൊണ്ട് അമ്മ അവരെ കൈവീശി വിളിച്ചതും അദ്ദേഹം ഓർത്തെടുക്കുന്നു. അമ്മയ്ക്ക് മക്കളെ ഓമനിച്ചും മക്കൾക്ക് അമ്മയുടെ വാത്സല്യം അനുഭവിച്ചും ജീവിക്കേണ്ട സമയത്തായിരുന്നു അമ്മയുടെ മരണം അധികം വൈകാതെ മറ്റു പല അസുഖങ്ങളാൽ അച്ഛനും മരണപ്പെടുന്നു. അമ്മയുടെയും അച്ഛന്റെയും അസുഖം ഭേദമാകാൻ നിത്യം പ്രാർത്ഥിച്ചിരുന്ന അദ്ദേഹത്തിന് ദൈവവിശ്വാസം നഷ്ടപ്പെടാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ടിയിരുന്നില്ല.

 

സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു സവർണ്ണ വിദ്യാർത്ഥി ജാതിയുടെ പേരിൽ അദ്ദേഹത്തെ കളിയാക്കുകയും ആക്രമിക്കുകയും ചെയ്തു അതിനെ സധൈര്യം നേരിടുകയും കൂട്ടമായി ആക്രമിച്ച അവരെയെല്ലാം കഴിയുന്ന രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്തു. ആരെങ്കിലും ആക്രമിക്കാൻ വരുമ്പോൾ എങ്ങനെ നേരിടണമെന്ന് തൻറെ അച്ഛൻ അദ്ദേഹത്തെ പഠിപ്പിച്ചിരുന്നു. അവർ നേരിടേണ്ടി വരുമായിരുന്ന അവസ്ഥകളെല്ലാം അദ്ദേഹത്തിൻറെ അച്ഛൻ മുൻകൂട്ടി കണ്ടു കാണണം.

 

വിഎസിനെ മർദ്ദിച്ച പോലീസുകാരിൽ ഒരാൾക്ക് പിൽക്കാലത്ത് സ്ഥാനക്കയറ്റത്തിനായി അദ്ദേഹത്തെ ആശ്രയിക്കേണ്ടി വന്നു എന്നും അർഹതയുണ്ടെങ്കിൽ ലഭിക്കുമെന്ന് മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തന്നെ ഉപദ്രവിച്ചവരോട് പോലും വിഎസ് ശത്രുത വെച്ച് പുലർത്തിയിട്ടില്ല.

വിഎസിന്റെ ജീവചരിത്രം എഴുതിയത് മാധ്യമ പ്രവർത്തകനായ പി.കെ. പ്രകാശ് ആണ്. അതിന് അദ്ദേഹം നൽകിയ പേര്  'സമരം തന്നെ ജീവിതം' എന്നാണ് അതിനേക്കാൾ മികച്ച ഒരു ശീർഷകം വിഎസിന്റെ ജീവചരിത്ര രചനക്ക് നൽകാനാകുമോ എന്നത് സംശയമാണ് .



Rahul E.

Assistant Professor of Commerce,

Al Shifa College of Arts and Science, Keezhattur, Perinthalmanna.

Comments

Popular posts from this blog

ഇനി എത്ര ദൂരം

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്