ഓർമ്മകളിലെ ആ ബാല്യകാലം
ബാല്യം,ഏവരുടെയും പ്രിയപ്പെട്ട ജീവിതകാലം.ആരും തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന കാലം.ജീവിതത്തിലെ ഏറ്റവും മധുരമേറിയ ഓർമ്മകൾ ഉള്ള കാലം. ഉത്തരവാദിത്വങ്ങൾ ഒന്നുമില്ലാത്ത കാലം.തട്ടമിട്ട് ഒരു പാവക്കുട്ടിയെടുത്ത് നടക്കുന്ന എന്റെ രൂപം ഞാൻ ഓർക്കുന്നു.ഒരു പെൺകുട്ടി എന്നിരിക്കെ ഏറ്റവും കൂടുതൽ കളിച്ച കളി 'ചോറു കൂട്ടാൻ ഉണ്ടാക്കൽ' ആയിരുന്നു.അന്ന് അത് ഒരു കളിയായിരുന്നു.അതിൽ വല്ലാത്ത ഒരു അനുഭൂതിയും സംതൃപ്തിയും ഉണ്ടായിരുന്നു.
മൂന്ന് ചിരട്ട വെച്ചാൽ ഒരു അടുപ്പും നാല് ഈർക്കിലും വെച്ചാൽ വിറകുമായിരുന്ന കാലം.അല്പം മണ്ണും വെള്ളവും വെച്ചാൽ ചോറ് റെഡി .പിന്നെ കണ്ണിൽ കാണുന്ന ഇലകളും പൂക്കളും എല്ലാം പച്ചക്കറികൾ. കൈതച്ചക്കയുടെ ഓലയായിരുന്നു ഞങ്ങളുടെ മീൻ. അതിൻറെ പൊടിയും മുള്ളും കളയുമ്പോൾ മീൻ വൃത്തിയാക്കുന്നതിന്റെ സംതൃപ്തിയായിരുന്നു. ആ പൊടി പിന്നെ ഉപ്പായും ഉപയോഗിച്ചിരുന്നു.ഇഷ്ടികയുടെ ഓടിന്റെയോ കഷ്ണം എടുത്ത് കുത്തിപ്പൊട്ടിച്ച് മുളകുപൊടിയും.
കാലം പോയ പോക്ക്, ചെറിയ കാര്യങ്ങൾ കൊണ്ട് സന്തോഷം കണ്ടിരുന്ന കാലത്തുനിന്നും 'കിച്ചൻ സെറ്റ്' ഇല്ലാതെ ഈ കളിക്ക് വരാത്ത മക്കളുടെ കാലത്തേക്ക്.മണ്ണും ചളിയും കാലുകളിൽ ആക്കാതെ നല്ല ചെരിപ്പിട്ട് മാത്രം കളിക്കാൻ ഇഷ്ടപ്പെടുന്നവരുടെ കാലം. സാറ്റ് കളിയും കക്ക് കളിയും ആയിരുന്നു അന്നത്തെ താരം.അയൽവാസികളായ കുട്ടികളും ഞങ്ങളും എല്ലാവരും ഒത്ത് സാറ്റ് കളിച്ചത് ഇന്ന് ഒരു ഓർമ്മ മാത്രം. കക്ക് കളിക്കാൻ നല്ല കക്ക് തിരഞ്ഞു നടന്നിരുന്നത് മറ്റൊരു ഓർമ്മ.
ഉമ്മാൻറെ
വീടിൻറെ മുറ്റത്ത് കക്ക് കളിക്കുമ്പോൾ സിറ്റൗട്ടിൽ ഇരുന്നിരുന്ന ഉപ്പപ്പയെ ഇന്ന് ഞാൻ
ഓർക്കുന്നു. ഞങ്ങൾ പേരക്കുട്ടികൾ കുറെ പെൺകുട്ടികൾ ആയിരുന്നു.
എല്ലാവരുടെ പേരും കുറെ ഒരുപോലെയും.ഉപ്പപ്പ എപ്പോഴും എല്ലാവരെയും വിളിച്ചിരുന്നത്.അവരുടെ സ്ഥലപ്പേര്ആണ് എന്നോർക്കുമ്പോൾ എൻറെ മുഖത്ത് ഇന്നും ഒരു ചിരി വിടരാറുണ്ട്.
യുപി സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഒരു വർഷം ഇട്ടിട്ടും പൊട്ടാത്ത ചെരുപ്പ് പൊട്ടിക്കാൻ വേണ്ടി ഉരച്ചു ഉരച്ച് നടന്നതെല്ലാം ഇന്ന് ഓർമ്മകൾ. ഉച്ചക്കുള്ള ഇന്റർവെല്ലില്‍ 'ഉപ്പ്’കളിക്കാൻ സ്ഥലം പിടിക്കാൻ വേണ്ടി വേഗം ഭക്ഷണം കഴിച്ചു ഓടുമായിരുന്നു. മറ്റു ഡിവിഷനിലെ കുട്ടികളുമായി ഉണ്ടാവുന്ന ചെറിയ തർക്കം അത് മാത്രമായിരുന്നു.ഇന്ന് ആവശ്യത്തിനു അനാവശ്യത്തിനും അടിപിടി കൂടുന്ന മക്കളെ കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നാറുണ്ട്. എല്ലാവരും ഓരോ തട്ടം കൊണ്ടുവന്ന് രണ്ട് ടീമായി 'പോയിൻറ്' കളി കളിച്ചതും ഓർമ്മ പുസ്തകത്തിലെ മറ്റൊരു താളിൽ ഒതുങ്ങിയിരിക്കുന്നു.
ഈ കളികളെല്ലാം തന്നെ ജൂനിയർ സീനിയർ എന്നില്ലാതെ ഒരു ടീമായി കളിച്ചിരുന്നു. തൊട്ടതിനും പിടിച്ചതിനും ജൂനിയർ സീനിയർ തല്ല് കൂടുന്ന ഈ കാലഘട്ടം എത്ര വിപരീതം.
വേനലവധിക്കാലം ബാല്യത്തിന്റെ മറ്റൊരു മനോഹരമായ ഭാഗമായിരുന്നു. ഉമ്മയുടെ വീട്ടിൽ പോകലും എല്ലാവരും ഒരുമിച്ചുള്ള കളികളും.... എത്ര മുറികൾ ഉണ്ടായാലും എല്ലാവരും ഒരു ഹാളിൽ കിടക്കുന്നതിന് വല്ലാത്തൊരു സന്തോഷം ഉണ്ടായിരുന്നു.
സ്കൂളിൽ നിന്നുള്ള വേനൽ അവധിക്കാല പ്രവർത്തനങ്ങൾ
പരിസരത്തെ അറിയാൻ സഹായിക്കുന്നവയായിരുന്നു. തൂവലുകളും ഇലകളും ശേഖരിക്കലും പതിപ്പ് ഉണ്ടാക്കലും എല്ലാം
ആസ്വാദകരമായിരുന്നു. മുറി മാറാത്ത കാൽമുട്ടും 'മുറികൂട്ടി' ഉരച്ച നീര് എടുത്ത് വെക്കലും
ഒക്കെ നിത്യചര്യയായിരുന്നു.
കസിൻസ് എല്ലാവരും കൂടിയാൽ ഒരു പ്രേതകഥയോ അഭിനയമോ നിർബന്ധമായിരുന്നു. വെള്ള വസ്ത്രവും കുറച്ചു പൗഡറും ഇട്ടാൽ ഞങ്ങളുടെ പ്രേതം റെഡി. 'കുറ്റിപ്പര' ഉണ്ടാക്കലും, പീടിക കച്ചവടം നടത്തലും മറ്റൊരു ഗൃഹാതുരത്വത്തിന്റെ ഓർമ്മ.
നമ്മളെല്ലാവരും
വളർന്നു. എങ്കിലും ആ ബാല്യകാലം നമ്മുടെ ഉള്ളിൽ ഇപ്പോഴും ജീവിക്കുന്നുണ്ട്. പഴയ ഒരു
പാട്ട് കേൾക്കുമ്പോൾ, കളിപ്പാട്ടം കാണുമ്പോൾ, പുതു മണ്ണിന്റെ ഗന്ധം അനുഭവപ്പെടുമ്പോൾ
മനസ്സ് വീണ്ടും വീണ്ടും ആ കാലത്തേക്ക് ഓടിപ്പോകും.
തിരികെ
വരാത്ത ആ കാലത്തിനും മായാത്ത ഓർമ്മകൾക്കും ഒരു സ്നേഹപൂർവ്വമായ നന്ദി 😘.
Jashida V. P.
Assistant Professor of Nutrition and Dietetics,
Al Shifa College of Arts and Science, Keezhattur, Perinthalmanna.
Simple,sweet and full of nostalgia. Loved it
ReplyDelete