ഒരു പ്രണയലേഖനം
*അന്ന്*
പ്രണയത്തിന്റെ ഭാഷ മനസ്സിലൊളിപ്പിച്ച് എൻന്റെ
ഹൃദയ ത്തിലേക്ക് കടന്നു വന്ന കൂട്ടുകാരാ ...
നിന്നെ കണ്ടതു മുതൽ എത്രയെത്ര രാവുകളാണ് നിന്നെക്കുറിച്ചോർത്ത്
ഞാൻ ഉറങ്ങാതിരുന്നത്?
ഓരോ രാവും വെളുക്കാൻ കാത്തിരിക്കുമ്പോൾ നിന്നെ കാണുന്ന നിമിഷങ്ങളായിരുന്നു മനസു നിറയെ.. പറയാനുള്ളതെല്ലാം കണ്ണിലൊളിപ്പിച്ചുവെച്ച് നേർത്തൊരു പുഞ്ചിരിയുമായി നീ എന്നെ കടന്നുപോവുമ്പോൾ പ്രണയത്തിൻ്റെ നീലാകാശത്ത് ഞാനും പറന്നുയരുകയാണ്. ഓരോ ദിവസവും നീ കേൾക്കാൻ കൊതിക്കുന്ന മാധുര്യമുള്ള വാക്കുകൾ മനസ്സിൽ സൂക്ഷിക്കുമെങ്കിലും നിന്നെ കാണുന്ന ഹൃദയമിടിപ്പിൽ അതൊന്നും പറയാനാകുന്നില്ല.. കണ്ടിട്ടും കണ്ടിട്ടും മതിയാകാതെ വീണ്ടും കാണണമെന്നു തോന്നുമ്പോഴെല്ലാം എങ്ങനെയോ എന്റെ മനസ്സറിഞ്ഞതുപോലെ നീ എൻ്റെ അരികിൽ വരാറുണ്ട്. മൗനമാണ് പ്രണയത്തിൻ്റെ സമ്മതമെങ്കിൽ നീ എന്നെ സമ്മതമറിയിച്ചു കഴിഞ്ഞിരിക്കുന്നു. ചില സമയങ്ങളിൽ നീയെന്നെ കാണാതെ പോകുമ്പോൾ എനിക്കു നിന്നോട് ഏറെ നാൾ നീണ്ടു നിൽക്കാത്ത അനുരാഗക്കുശുമ്പ് തോന്നാറുണ്ട്. കാണുന്നതെല്ലാം നീയാകുന്നെന്ന് തോന്നുമ്പോഴാണ് ഈ ലോകം ഇത്രമാത്രം സുന്ദരമാണെന്ന് ഞാൻ തിരിച്ചറിയുന്നത്. ഞാൻ വെച്ചു നീട്ടുന്നത് ജീവനും ജീവിതവുമല്ല. ഒരായുഷ്കാലത്തിൻ്റെ മുഴുവൻ അനുഭൂതിയും പകർന്ന് ഹൃദയത്തിൽ എന്നും നിലകൊള്ളുന്ന, മഞ്ഞുകണത്തിൻ്റെ വിശുദ്ധിയുള്ള, അമൃതിനേക്കാൾ മാധുര്യമുള്ള ഒരു നുള്ള് സ്നേഹമാണ്. ഒന്നു നുകർന്നാൽ ഒരു സാഗരമായി അതു നിന്നിൽ പെയ്തിറങ്ങും. മനസ്സിലുള്ളതെല്ലാം നിന്നെ അറിയി യ്ക്കാൻ ഒരു പ്രണയകാവ്യം എഴുതാനാഗ്രഹിച്ചെ ങ്കിലും ഇഷ്ടമാണ് എന്നൊരു വാക്ക് ധൈര്യ പൂർവ്വം എഴുതുന്നതിന് കാളിദാസൻ്റെ മേഘത്തെ യോ ശാകുന്തളത്തിലെ വനലതകളെയോ നളന്റെ ഹംസത്തേയോ ഇളം തെന്നലിൻ്റെ താമരപ്പൂവിനെ യോ കൂട്ടുപിടിക്കേണ്ടെന്നു കരുതി..
സത്യമായ സ്നേഹം ഒരിയ്ക്കലും പരാജയപ്പെടുകയില്ല.
എന്റെ ജീവാംശമായ നിന്നെ നഷ്ടപ്പെടുത്താൻ എനിയ്ക്കാവില്ല. ഒരായിരം വർഷം നെഞ്ചിൽ ചേർത്തു
വെച്ച് സ്നേഹിക്കാൻ എനിക്കു നിന്നെ വേണം, നിന്നെ മാത്രം...
*ഇന്ന്*
പ്രണയത്തിന്റെ ഭാഷ കണ്ണിലൊളിപ്പിച്ച് എന്റെ ഹൃദയത്തിലേക്ക്
കടന്നുവന്ന കൂട്ടുകാരാ ...
നിന്നെ കണ്ട നിമിഷം മുതൽ എത്രയെത്ര തവണയാണ് നിന്നെക്കുറിച്ച്
ഞാൻ ചിന്തിച്ചത്?
നിന്റെ മുഖത്തെ ഭംഗിയും,ഹെയർ സ്റ്റൈലും,ചിരിയും,
വേഷവും, നിന്റെ ഓരോ ഫോട്ടോയും മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, നീ ഓൺലൈനിൽ വരുന്നതും ഒരു
മെസ്സേജ് അയക്കുന്നതും കാത്തിരിക്കുന്ന ദിനങ്ങൾ ...
നീ ഒരു പുതിയ ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ അതിന്
താഴെ ആദ്യം കമന്റ് ചെയ്യാനും, എന്റെ മെസ്സേജ് ന് നീ റിപ്ലൈ ചെയ്തോ എന്ന് വീണ്ടും വീണ്ടും
നോക്കാനും ഒരു പ്രത്യേക സന്തോഷമാണ്. നിന്റെ ഒരു സ്മൈലി പോലും ചിലപ്പോൾ വലിയൊരു പ്രണയപ്രഖ്യാപനമായി
തോന്നുന്നു.
പറയാനുള്ളതെല്ലാം നേരിൽ പറയേണ്ടതില്ലല്ലോ. ഒരു ഹാർട്ട് ഇമോജി , ഒരു ഗുഡ് നൈറ്റ് , ഒരു മിസ് യു ... അത്രയും മതയല്ലോ ..മനസ്സിലാക്കാൻ..
ആദ്യമാദ്യം നിന്നെ കാണുമ്പോൾ പറയാനുള്ള ഒരുപാട് കാര്യങ്ങൾ മനസ്സിലുണ്ടെങ്കിലും, നിന്റെ മുന്നിലെത്തുമ്പോൾ അതൊന്നും പറയാൻ കഴിയുന്നില്ല. അതുകൊണ്ട് ചാറ്റ് ബോക്സ് ൽ പറയാം എന്ന് വിചാരിച്ചതും അങ്ങിനെ ഉറങ്ങാത്ത രാത്രികളിലൂടെ നമ്മൾ അടുത്തതും.. നീ അയക്കുന്ന ഓരോ ചിത്രത്തിലും നിന്നെ കൂടുതൽ അറിയുന്നുവെന്നൊരു തോന്നൽ. നിന്റെ ചിരിയും വേഷവും ഭംഗിയും നോക്കി നിന്നെ മനസ്സിലാക്കിയെന്ന് കരുതുമ്പോഴും, നിന്റെ മനസ്സിലേക്ക് എത്രമാത്രം ഞാൻ കടന്നുവെന്ന് വെന്ന് എനിക്കുതന്നെ അറിയില്ല..
കണ്ടിട്ടും കണ്ടിട്ടും മതിയാകാതെ വീണ്ടും കാണണമെന്ന ആഗ്രഹം ഇന്നും ഉണ്ടാകാറുണ്ട്.. പക്ഷേ ചിലപ്പോൾ നേരിൽ കാണുന്നതിനെക്കാൾ, നീ അയക്കുന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നതായിരിക്കും സന്തോഷം.. നിന്റെ സ്വഭാവം അറിയാൻ എടുക്കുന്ന സമയത്തേക്കാൾ നിന്റെ ഇഷ്ടങ്ങൾ അറിയാൻ എത്രയോ കുറച്ച് സമയം മതി. നിന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനു മുമ്പേ നിന്റെ ചിരിയിൽ തന്നെ ഞാൻ ഒരു ലോകം കണ്ടെത്തുന്നു..
നിന്നെ കാണുമ്പോൾ ഈ ലോകം കുറച്ചുകൂടി മനോഹരമാകുന്നുവെന്ന തോന്നൽ എനിക്കുണ്ട്. നിന്റെ ഒരു മെസ്സേജ് ന് കാത്തിരിക്കുമ്പോൾ സമയം കുറച്ചുകൂടി പതുക്കെ പോകുന്നതുപോലെയും. നീ അടുത്തുണ്ടെങ്കിൽ പറയാനൊന്നുമില്ലെങ്കിലും കൂടെയുണ്ടാവണമെന്നും തോന്നുന്നു..
ഞാൻ നിനക്ക് മുന്നിൽ വെച്ചുനീട്ടുന്നത് വലിയ വാഗ്ദാനങ്ങളൊന്നുമല്ല. ആയുഷ്കാലം മുഴുവൻ കൈവിടില്ലെന്ന ഉറപ്പും നൽകാൻ കഴിയില്ല. നാളെയെക്കുറിച്ച് നമുക്കാർക്കും ഉറപ്പില്ലല്ലോ..
ഇപ്പോൾ ഈ നിമിഷത്തിൽ നിന്നോട് സംസാരിക്കാൻ തോന്നുന്നു..നിന്റെ കൂടെ നടക്കാൻ തോന്നുന്നു.. നീ ചിരിക്കുമ്പോൾ അതിന്റെ കാരണം അറിയണമെന്നു തോന്നുന്നു..
പക്ഷേ, കാലം മാറുമ്പോൾ ഇഷ്ടങ്ങളും മാറുമോ എന്നറിയില്ല. ഒരുപക്ഷേ നിന്റെ സ്ഥാനത്ത് മറ്റൊരു മുഖം മനസ്സിൽ ഇടം പിടിച്ചേക്കാം. ഇന്ന് ഏറെ നേരം സംസാരിക്കുന്ന ഒരാൾ നാളെ ഒരു പഴയ ചാറ്റ് ആയി മാത്രം അവശേഷിച്ചേക്കാം. ഒരിക്കൽ വളരെ പ്രിയപ്പെട്ടിരുന്ന ചിത്രങ്ങൾ പോലും പിന്നീടൊരിക്കൽ ഗാലറി യിലെ മറ്റനേകം ചിത്രങ്ങൾക്കിടയിൽ മറഞ്ഞുപോയേക്കാം..
എങ്കിലും ഇപ്പോൾ നീ ഇവിടെ ഉണ്ടല്ലോ...
എന്റെ സ്ക്രീനിൽ തെളിയുന്ന ഒരു പേരായി,
വന്നുപോകുന്ന ഒരു നോട്ടിഫിക്കേഷൻ ആയി,
പറയാതെ മനസ്സിലാക്കുന്ന ചില വാക്കുകളായി,
പറഞ്ഞുതീരാത്ത ചില ഇഷ്ടങ്ങളായി...
അതുകൊണ്ട് ഇപ്പോൾ ഇത്ര മാത്രം പറയട്ടെ..
നിന്നെ എനിക്ക് ഇഷ്ടമാണ്..
Febeena K
Assistant Professor of Malayalam
Al Shifa College of Arts and Science, Keezhattur, Perinthalmanna.
Comments
Post a Comment